മുഖ്യമന്ത്രിക്ക് എതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം
Mail This Article
കൊച്ചി ∙ സംസ്ഥാന ബജറ്റിലെ നികുതി നിർദേശങ്ങളിൽ പ്രതിഷേധിച്ചു മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മറൈൻഡ്രൈവിൽ നടക്കുന്ന ഗ്ലോബൽ എക്സ്പോ ഉദ്ഘാടനം ചെയ്യാനായി എറണാകുളം ഗെസ്റ്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി ഇറങ്ങുമ്പോൾ ആയിരുന്നു കരിങ്കൊടി പ്രതിഷേധം.
മുദ്രാവാക്യം വിളിച്ച് എത്തിയ പ്രതിഷേധക്കാരെ തടയാൻ ശ്രമിക്കുന്നതിനിടെ പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളും ഉണ്ടായി. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ടിറ്റോ ആന്റണി, ജില്ല ഭാരവാഹികളായ ബേസിൽ പാറക്കുടി, സോണി ജോർജ് എന്നിവരെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം ഗെസ്റ്റ് ഹൗസിലും മറൈൻഡ്രൈവിലെ എക്സ്പോ വേദിയിലും വൻ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരുന്നത്. സദസ്സിലെ വിവിധ ഭാഗങ്ങളിൽ ജാഗ്രതയോടെ പൊലീസ് നിലയുറപ്പിച്ചു. എന്നാൽ എക്സ്പോ വേദിയിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടായിരുന്നില്ല.
English Summary: Black flag against chief minister Pinarayi Vijayan