ADVERTISEMENT

തിരുവനന്തപുരം ∙ ബജറ്റിൽ ഇന്ധന സെസ് ഏർപ്പെടുത്തി ജനങ്ങൾക്ക് അധികഭാരം നൽകി പ്രതിവർഷം 750 കോടി രൂപ നേടാമെന്നു പ്രതീക്ഷിച്ചിരിക്കെ സംയോജിത ചരക്ക്, സേവന നികുതി വഴി (ഐജിഎസ്ടി) സർക്കാർ പ്രതിവർഷം നഷ്ടപ്പെടുത്തുന്നത് 5000 കോടി രൂപ. ഐജിഎസ്‌ടി റിട്ടേണുകൾ ഘടനാപരമായി പരിഷ്കരിക്കാത്തതിനാൽ 5 വർഷത്തിനിടെ സംസ്ഥാനത്തിനു ശരാശരി 25,000 കോടി രൂപയുടെ നഷ്ടമുണ്ടായതായതായി എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കി. 

റിട്ടേൺ പരിഷ്കരിക്കേണ്ട രീതികളും ജിഎസ്ടി കൗൺസിലിൽ ഉന്നയിക്കേണ്ട വിഷയങ്ങളും വിശദമായി പ്രതിപാദിക്കുന്ന റിപ്പോർട്ട് ബജറ്റിനൊപ്പം നിയമസഭയിൽ അവതരിപ്പിക്കാതിരുന്ന സർക്കാർ നിലപാട് ഇതോടെ സംശയ നിഴലിലായി. ഒന്നര വർഷം വൈകി 2022 സെപ്റ്റംബർ 16നാണ് എക്സ്പെൻഡിച്ചർ കമ്മിറ്റിയെ നിയമിച്ചത്. ഡിസംബർ 5നു റിപ്പോർട്ട് നൽകി. ഉപഭോക്തൃ സംസ്ഥാനമായിട്ടും ഐജിഎസ്‌ടി വഴി കിട്ടേണ്ട പണം കിട്ടുന്നില്ലെന്നു കമ്മിറ്റി പ്രധാന വിഷയമായി ചൂണ്ടിക്കാട്ടി. ചരക്കുകളുടെയും സേവനങ്ങളുടെയും സംസ്ഥാനാന്തര വിതരണത്തിന് ഐജിഎസ്‌ടി ബാധകമാണ്. ഇതു കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യമായാണു വീതിക്കുന്നത്. ചരക്കുകളും സേവനങ്ങളും ലഭിക്കുന്ന സംസ്ഥാനത്തിന് ഐജിഎസ്ടിയുടെ സംസ്ഥാന ഭാഗം നൽകും. ബാക്കി കേന്ദ്രത്തിനു ലഭിക്കും.

ഉപഭോക്തൃ സംസ്ഥാനമായതിനാൽ എവിടെ ഉൽപാദനവും മൂല്യവർധനയും നടന്നാലും നികുതി കേരളത്തിനു കിട്ടണം. ഇതര സംസ്ഥാനങ്ങളിൽ നിർമിച്ചു കേരളത്തിൽ വിറ്റ ഒരു ഉൽപന്നത്തിന് 2000 രൂപ നികുതി കൊടുത്താൽ 1000 രൂപ വീതം കേരളത്തിനും കേന്ദ്രത്തിനും ലഭിക്കണം. ഫാക്ടറികൾ മറ്റു സംസ്ഥാനങ്ങളിലായതിനാൽ അവിടെയുള്ള ഉൽപാദകനാണ് ഉപഭോക്താവ് നികുതി നൽകുന്നത്. അവർ ഐജിഎസ്‌ടി അക്കൗണ്ടിലേക്ക് ഇതു കൈമാറുമ്പോൾ 1000 രൂപ കേന്ദ്രത്തിനു ലഭിക്കും. 

ശേഷിക്കുന്ന 1000 രൂപ കേരളത്തിനു കിട്ടണമെങ്കിൽ കേന്ദ്രം കൈമാറണം. അതിനായി, ജിഎസ്‌ടി റിട്ടേൺ ഫയൽ ചെയ്യുന്ന ഡീലർമാരും മറ്റും ഉൽപന്നം വാങ്ങിയതിന്റെ വിവരങ്ങൾ വിശദമാക്കണം. വിവരങ്ങൾ നൽകിയിട്ടുണ്ടോ എന്നു കൃത്യമായി പരിശോധിക്കാൻ സംവിധാനം വേണമെന്നു കമ്മിറ്റി റിപ്പോർട്ടിലുണ്ട്. 

 

ജിഎസ്ടി കൗൺസിലിൽ ഉന്നയിക്കണം

റിപ്പോർട്ട് നിയമസഭയിൽ വച്ചിരുന്നെങ്കിൽ അതിന്റെ കൂടി അടിസ്ഥാനത്തിൽ ധനമന്ത്രിക്കു ജിഎസ്‌ടി കൗൺസിലിൽ ചർച്ച ചെയ്തു പരിഹാരത്തിനു ശ്രമിക്കാമായിരുന്നു. 

കേന്ദ്രത്തിന് ഐജിഎസ്‌ടി വിഹിതം കൃത്യമായി കിട്ടുന്നതിനാൽ നഷ്ടമില്ല. ജിഎസ്‌ടി റിട്ടേൺ ഫയൽ ചെയ്യുന്നതിലെ പ്രശ്നങ്ങൾ പരിഹരിച്ചാൽ സംസ്ഥാനത്തിനുണ്ടാകുന്ന നഷ്ടം ഒഴിവാകും. ഇതിനായി റിട്ടേൺ ഫയൽ ചെയ്യുന്ന ഡീലർമാരെയും മറ്റും ബോധവൽക്കരിച്ചു സംസ്ഥാന വിഹിതം നേടിയെടുക്കാൻ ഗൗരവപൂർണമായ ശ്രമം വേണമെന്ന് സാമ്പത്തികവിദഗ്ധർ അഭിപ്രായപ്പെടുന്നു. റിട്ടേൺ ഫോമിൽ ഇതനുസരിച്ചുള്ള മാറ്റം വരുത്താൻ ജിഎസ്‌ടി കൗൺസിലിൽ വാദിക്കണമെന്നും ഇവർ പറയുന്നു.

English Summary: Kerala government expenditure review report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com