‘കേരളത്തിൽ, പ്രസംഗിക്കുന്നതല്ല തർജമ ചെയ്യുക; ദേശീയ നേതൃത്വം പറയുന്നത് ഇവിടെ ചെയ്യുന്നില്ല’
Mail This Article
കൊച്ചി ∙ ദേശീയനേതൃത്വം നിർദേശിച്ച പരിപാടികൾ കൃത്യമായി നടത്താത്തതിന്റെ പേരിൽ ബിജെപി സംസ്ഥാന ഘടകത്തോടുള്ള അതൃപ്തി വ്യക്തമാക്കി സംസ്ഥാനത്തെ പ്രവർത്തന ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കർ എംപി. ഇന്നലെ കൊച്ചിയിൽ നടന്ന സംസ്ഥാന സമിതി യോഗത്തിലാണു അദ്ദേഹം അതൃപ്തി വ്യക്തമാക്കിയത്.
സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലത്തിലും സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ 10 കിലോമീറ്റർ വീതം പദയാത്രയും ജനസമ്പർക്കവുമടക്കം നാലിന പരിപാടി ആവിഷ്കരിച്ചാണു യോഗം സമാപിച്ചത്. ഒരു ലക്ഷത്തിലേറെപ്പേരെ വീതം പങ്കെടുപ്പിച്ചു കോഴിക്കോട്ട് പൂർവ സൈനിക സമ്മേളനം, തിരുവനന്തപുരത്തു കുടുംബശ്രീ–ആശാവർക്കർ–പോസ്റ്റ് ഓഫിസ് സേവികാ വനിതാ സമ്മേളനം, കൊച്ചിയിൽ നരേന്ദ്ര മോദി ആരാധകരായ യുവാക്കളുടെ സംഗമം എന്നിവയാണു യോഗം തീരുമാനിച്ച മറ്റു 3 പരിപാടികൾ. ഏപ്രിൽ, മേയ് മാസങ്ങളിലാകും സുരേന്ദ്രന്റെ പദയാത്ര. സംഗമങ്ങൾ മാർച്ചിൽ നടത്തും.
കെ.സുരേന്ദ്രൻ രണ്ടാമതും സംസ്ഥാന പ്രസിഡന്റായ ശേഷമുള്ള ആദ്യ കോർ കമ്മിറ്റി–സംസ്ഥാന സമിതി യോഗങ്ങളാണ് ഇന്നലെ നടന്നത്.
ഓരോ ലോക്സഭാ മണ്ഡലവും കേന്ദ്രീകരിച്ച് ഒരു ദിവസം രാവിലെ മുതൽ ഉച്ചവരെ പൗരപ്രമുഖരുടെ യോഗം, അതിനുശേഷം 10 കിലോമീറ്റർ നടത്തം എന്നിവയാണു സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തുക. 20 ദിവസമാണു കെ.സുരേന്ദ്രൻ യാത്ര നയിക്കുക. ഇതിനിടെ പൊതുസമ്മേളനങ്ങളും നടത്തും.
സമിതി യോഗം ഉദ്ഘാടനം ചെയ്ത പ്രകാശ് ജാവഡേക്കർ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തുനിന്നു കുറഞ്ഞത് 5 ബിജെപി സ്ഥാനാർഥികൾ ഉറപ്പായും വിജയിക്കുമെന്നും 20 മണ്ഡലത്തിലും ജയിക്കുകയാണു പാർട്ടി ലക്ഷ്യമെന്നും വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ പ്രമുഖ നേതാക്കൾക്കു പുറമേ ഇ.ശ്രീധരനും ചർച്ചകളിൽ പങ്കെടുത്തു.
തർജമയിൽ ‘അധിക’ പ്രസംഗമെന്ന് ജാവഡേക്കർ
കേരളത്തിൽ പ്രസംഗിക്കുമ്പോൾ പറയുന്ന കാര്യമല്ല തർജമ ചെയ്യുന്നയാൾ വിവരിച്ചു കൊടുക്കുകയെന്നു പ്രകാശ് ജാവഡേക്കർ. സംസ്ഥാന സമിതി യോഗത്തിന്റെ ഉദ്ഘാടനപ്രസംഗം തുടങ്ങുമ്പോഴാണ് ഇതു പറഞ്ഞത്. കുറച്ചു മെച്ചപ്പെട്ട തർജമ ചെയ്യുന്നയാൾ സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനാണ്. അദ്ദേഹമാണെങ്കിൽ പ്രസംഗകനെക്കാൾ വേഗത്തിലാണു തർജമ ചെയ്യുക – കൂട്ടച്ചിരിക്കിടെ ജാവഡേക്കർ പറഞ്ഞു. തുടർന്ന് അദ്ദേഹം ഇംഗ്ലിഷിൽ പ്രസംഗം തുടർന്നു.
English Summary : Prakash Javadekar speech in BJP executive committee