എങ്ങാനും സെസ് പിൻവലിച്ചാൽ ക്രെഡിറ്റ് പോകരുത്
Mail This Article
ഇന്ധന സെസിൽ മാറ്റം വേണമെന്ന് ഇടതുപക്ഷ എംഎൽഎമാരും ആഗ്രഹിക്കുന്നില്ലേ? സഭയ്ക്കുള്ളിലെ ന്യായീകരണങ്ങൾ കേട്ടാൽ അതേ തോന്നൂ. ഉള്ളിൽ തിളയ്ക്കുന്ന മോഹം അതാണെന്ന സൂചന നൽകിയതു കെ.ബി.ഗണേഷ് കുമാറാണ്. ആരെല്ലാം ആഗ്രഹിച്ചാലും അതു നടക്കാൻ പോകുന്നില്ലെന്ന ധനമന്ത്രി കെ.എൻ.ബാലഗോപാലും സൂചിപ്പിച്ചു. സെസിന്റെ ദുരിതം പേറുന്ന ജനങ്ങളുടെ നാവാകണമെന്നു ഗണേഷ് കുമാറിന് ആഗ്രഹമുണ്ട്.
എൽഡിഎഫ് നിയമസഭാകക്ഷിയിൽ അങ്ങനെ ചിലതു വിളിച്ചുപറഞ്ഞതു കൊണ്ടുണ്ടായ കേടു തീർക്കുകയാണു പക്ഷേ ആദ്യലക്ഷ്യം. അതുകൊണ്ട് ആവുന്നത്രയൊക്കെ ബജറ്റിനെ പുകഴ്ത്തി.
അപ്പോഴാണ് സെസിന്റെ കാര്യവും പ്രതിപക്ഷ എംഎൽഎമാർ സത്യഗ്രഹസമരവും ഓർമയിൽ വന്നത്. സെസ് കുറയ്ക്കുമെന്നെങ്ങാനും ബുധനാഴ്ച പ്രഖ്യാപിച്ചാൽ സമരക്കാരുടെ വിജയമാകും. അതു പാടില്ല. ‘‘അതുകൊണ്ടു ഞങ്ങൾ ഇടതുപക്ഷ എംഎൽഎമാർ, ഒരു മുഴം നീട്ടി എറിയുന്നു, കുറയ്ക്കുന്നുണ്ടെങ്കിൽ ഞങ്ങൾ ആവശ്യപ്പെട്ടിട്ടാണെന്നു പറയണം’’
ഗണേഷിന്റെ സൂത്രമുനയ്ക്ക് ആംഗ്യത്തിലായിരുന്നു ബാലഗോപാലിന്റെ മറുപടി. അതിനെ ഗണേഷ് ഇപ്രകാരം വ്യാഖ്യാനിച്ചു: ‘‘കുറയ്ക്കുന്നില്ലെന്നാണു മന്ത്രി പറയുന്നത്. മറുപടി പ്രസംഗം വരെ നോക്കാം.’’
സെസിനെതിരെയുള്ള പ്രതിപക്ഷ സമരം സേവ്യർ ചിറ്റിലപ്പിള്ളിക്കു കേരളത്തെ ഒറ്റിക്കൊടുക്കുന്ന സമരമാണ്. ഇതൊരു ചാലഞ്ച് ആയി കേരള ജനത ഏറ്റെടുക്കുമെന്നാണു സേവ്യറിന്റെ പ്രത്യാശ. കേന്ദ്രത്തിനെതിരെ കൂടി സമരം ചെയ്യുമോ എന്ന് എം.എസ്.അരുൺകുമാറിന്റെ ചോദ്യം.
ബജറ്റ് തയാറാക്കാനായി ക്വട്ടേഷൻ സംഘങ്ങളെ വച്ചെന്നാണു നികുതി നിർദേശം കേട്ടപ്പോൾ രമേശ് ചെന്നിത്തലയ്ക്കു തോന്നിയത്.
കോവിഡ് സമയത്ത് ഉറുമ്പിന്റെ ആഹാരത്തെക്കുറിച്ചു പോലും വേപഥു പൂണ്ട പിണറായി വിജയൻ ഇപ്പോൾ പഞ്ചതന്ത്രം കഥയിലെ പൂച്ചസന്ന്യാസിയെ പോലെയാണെന്നും രമേശ് കരുതുന്നു.
നികുതിയെ വിമർശിക്കുന്ന മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പൊതുബോധത്തിൽ ജനങ്ങൾ വീഴില്ലെന്ന് ഐ.ബി.സതീഷ് കരുതുന്നു. മാധ്യമ വിമർശനങ്ങളോടുള്ള കലി പല ഇടത് എംഎൽഎമാരും മത്സരിച്ചു പ്രകടിപ്പിച്ചു.
ബജറ്റ് തലക്കെട്ടുകൾ പി.സി.വിഷ്ണുനാഥ് ഹാജരാക്കി. ഇതിലും കടുത്തത് എഴുതിയിട്ടും ജനം ജയിപ്പിച്ചതു പിണറായിയെ ആണല്ലോ എന്നായി കടകംപള്ളി സുരേന്ദ്രൻ.
ബജറ്റ് ചർച്ചയ്ക്കു ഡപ്യൂട്ടി സ്പീക്കർ തുടക്കം കുറിക്കുന്നതാണു കീഴ്‌വഴക്കം. കിട്ടിയ അവസരത്തിൽ ചിറ്റയം ഗോപകുമാർ മന്ത്രി ബാലഗോപാലിനെ,‘മേക്കർ ഓഫ് ന്യൂ കേരള’ ആക്കി.
മഞ്ഞളാംകുഴി അലിക്കു പക്ഷേ ബാലഗോപാൽ കേരളത്തിൽ നിന്നു രക്ഷപ്പെട്ടു കളയാൻ ആഗ്രഹിക്കുന്നവർക്ക് ‘എസ്കേപ് ടാക്സ്’ ഏർപ്പെടുത്തുന്നയാളാണ്.
ഭരണപക്ഷ എംഎൽഎ പി.നന്ദകുമാറിൽ നിന്ന് അറിയാതെയൊരു നിർദേശം പുറത്തുചാടി: ഭൂമിയുടെ ന്യായവില 20% കൂട്ടിയതു കുറയ്ക്കുന്ന കാര്യം ആലോചിക്കുന്നത് ഉചിതമായിരിക്കും!
സഭ സ്തംഭിപ്പിക്കുകയാണു വേണ്ടതെന്ന അഭിപ്രായം ഉണ്ടായെങ്കിലും ചർച്ചയിൽ പങ്കെടുത്തു പറയാനുളളതു പറയുകയാണു വേണ്ടതെന്നതിനാണു പ്രതിപക്ഷത്തു മേൽക്കൈ കിട്ടിയത്. ഷാഫി പറമ്പിൽ, മാത്യു കുഴൽ നാടൻ, സി.ആർ.മഹേഷ്, നജീബ് കാന്തപുരം എന്നിവരുടെ നിരാഹാര സമരം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രഖ്യാപിച്ചപ്പോൾ നികുതിയുടെ പേരുദോഷത്തിൽ ഭയക്കുന്നില്ലെന്നു മന്ത്രി ബാലഗോപാൽ നയം വ്യക്തമാക്കി.
കയ്യടിക്കു വേണ്ടിയല്ല, കേരളത്തിനു വേണ്ടിയാണത്രെ അദ്ദേഹം നിലകൊളളുന്നത്.
ഇന്നത്തെ വാചകം
English Summary : Naduthalam column about UDF protest against fuel cess