‘ജനപ്രിയ’ മദ്യങ്ങൾക്ക് വില കൂട്ടിയില്ല: മന്ത്രി
Mail This Article
തിരുവനന്തപുരം ∙ കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന തരത്തിൽ പെട്ട മദ്യത്തിനു വില കൂട്ടിയിട്ടില്ലെന്ന ന്യായീകരണവുമായി മന്ത്രി കെ.എൻ.ബാലഗോപാൽ. കുപ്പിക്ക് 500 രൂപയ്ക്കു മുകളിൽ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്കു മുകളിൽ വിലയുള്ള മദ്യത്തിന് 40 രൂപയുമാണു സെസ്. കേരളത്തിൽ ഏറ്റവുമധികം വിൽക്കുന്ന മദ്യം 500 രൂപയ്ക്കു താഴെയുള്ളതാണെന്നായിരുന്നു നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിൽ മന്ത്രിയുടെ ന്യായീകരണം.
എന്നാൽ കേരളത്തിൽ 500 രൂപയ്ക്കു താഴെ വിലയുള്ള ഫുൾ കുപ്പി (750 മി.ലീ) മദ്യം ഒന്നു പോലും വിൽക്കുന്നില്ലെന്നതാണു യാഥാർഥ്യം. കേരളത്തിൽ വിൽക്കുന്നതിൽ ഏറ്റവും വില കുറഞ്ഞ മദ്യം സർക്കാർ തന്നെ ഉൽപാദിപ്പിക്കുന്ന ജവാൻ റം ആണ്. ഒരു ലീറ്ററിന്റെ കുപ്പിയിൽ മാത്രം എത്തുന്ന ഈ മദ്യത്തിനു വില 610 രൂപ. ഇതു കഴിഞ്ഞാൽ ഏറ്റവും വിലക്കുറവ് ലീറ്ററിന് 640 രൂപ വിലയുള്ള ബെർമുഡ റം ആണ്. ഇതും ചെറിയ അളവിൽ ലഭ്യമല്ല. പൈന്റ് (375 മി.ലീ), ക്വാർട്ടർ (180 മി.ലീ) അളവിലുള്ള ചില ബ്രാൻഡുകൾ മാത്രമാണ് 500 രൂപയ്ക്കു താഴെ ലഭ്യമായത്.. 20 രൂപയും 40 രൂപയും സെസ് ഏർപ്പെടുത്തിയ വില വിഭാഗത്തിലുള്ള മദ്യമാണു സംസ്ഥാനത്ത് 70 ശതമാനവും വിൽക്കുന്നത്. എന്നാൽ 1000 രൂപയ്ക്കു മുകളിൽ വിലയുള്ള മദ്യത്തിന്റെ വിൽപന 8 ശതമാനം മാത്രമാണെന്നാണു മന്ത്രിയുടെ കണ്ടെത്തൽ.
മദ്യവില വർധന ദോഷം ചെയ്യും: വി.ഡി.സതീശൻ
തിരുവനന്തപുരം ∙ നിലവിലെ സാഹചര്യത്തിൽ മദ്യവില വർധന ദോഷം ചെയ്യുമെന്നാണ് യുഡിഎഫിന്റെ അഭിപ്രായമെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. മുൻപു മദ്യവില കൂട്ടിയപ്പോൾ യുഡിഎഫ് ഒന്നും പറഞ്ഞില്ല. ഇപ്പോൾ നികുതി 251% ആയിരിക്കുന്നു. ലഹരിക്കെതിരായ പ്രചാരണം നടക്കുമ്പോഴാണു മദ്യവില കൂട്ടിരിയിരിക്കുന്നത്. മദ്യത്തേക്കാൾ വിലക്കുറവുള്ള ലഹരിപദാർഥങ്ങളിലേക്ക് ആളുകളെ സർക്കാർ ക്ഷണിക്കുന്നതു ശരിയല്ല. വില കൂട്ടിയതുകൊണ്ട് ഇന്നലെ മൂന്ന് പെഗ് കഴിച്ചിരുന്നവർ ഇന്നു 2 പെഗ് ആക്കില്ല. മദ്യപിക്കുന്നവർ കുടുംബങ്ങളിൽ കൊടുക്കുന്ന തുക കുറയ്ക്കുകയേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
English Summary: KN Balagopal on liquor price hike