ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന ബജറ്റിനെതിരായ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം തുടരുന്നു. മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭയിലേക്കു നടത്തിയ മാർച്ച് പൊലീസ് ബാരിക്കേഡ് നിരത്തി തടഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. 15 പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു മാറ്റി. 

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനെത്തിയ യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് കരുതൽ തടങ്കലിലെടുത്തു. കോർപറേഷൻ ഓഫിസിനു സമീപത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. ആർഎവൈഎഫ് പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് പിന്നോട്ടുനടന്നു പ്രതിഷേധിച്ചു. 

കൊച്ചിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രകടനത്തിലും സംഘർഷമുണ്ടായി. ജലപീരങ്കി പ്രയോഗത്തിലും പൊലീസുമായുള്ള സംഘർഷത്തിലും 6 പ്രവർത്തകർക്കു പരുക്കേറ്റു.

പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് പടിക്കലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.

 

യുഡിഎഫ് എംഎൽഎമാരുടെ സർവേ; അധികം പേർ എതിർക്കുന്നത് ഇന്ധന സെസ്

തിരുവനന്തപുരം ∙ ബജറ്റിലെ നികുതി നിർദേശങ്ങൾക്കും നിരക്കു വർധനയ്ക്കുമെതിരെ നിയമസഭാ കവാടത്തിൽ സത്യഗ്രഹസമരം നടത്തുന്ന യുഡിഎഫ് എംഎൽഎമാരുടെ സർവേയിൽ ഏറ്റവുമധികം പേർ എതിർക്കുന്നത് ഇന്ധന സെസിനെ. ‘കേരള ബജറ്റ് ജനവിധിയെഴുത്ത്’ എന്ന പേരിലുള്ള സമൂഹമാധ്യമ സർവേ 24 മണിക്കൂർ പിന്നിട്ടപ്പോൾ 88.9 ശതമാനം പേരാണു തങ്ങളെ ഏറ്റവുമധികം ബാധിക്കുന്നത് ഇന്ധന സെസ് ആണെന്നു രേഖപ്പെടുത്തിയത്. 79.4 ശതമാനം പേർ വൈദ്യുതിനിരക്കു വർധനയെയും 37.5 ശതമാനം വെള്ളക്കര വർധനയെയും എതിർത്തു. 

ഇന്ധനവില, വെള്ളക്കരം, വൈദ്യുതിനിരക്ക്, ഭൂമി ന്യായവില, കെട്ടിട നികുതി, പൂട്ടിക്കിടക്കുന്ന വീടിന്റെ നികുതി, മദ്യവില, ഭൂമി റജിസ്ട്രേഷൻ ഫീസ്, ഇരുചക്ര വാഹന നികുതി, കാറുകളുടെ നികുതി എന്നീ 10 ഇനത്തിലുണ്ടായ വർധനയിൽ ഓരോരുത്തരെയും ഏറ്റവുമധികം ബാധിക്കുന്ന മൂന്നു കാര്യങ്ങളാണു ലിങ്കിലെ ഗൂഗിൾ ഫോം വഴി അറിയിക്കാൻ ആവശ്യപ്പെട്ടത്. 1.8 ശതമാനം (460 പേർ) ഈ വർധനയൊന്നും തങ്ങളെ ബാധിക്കില്ലെന്നു രേഖപ്പെടുത്തി.

സത്യഗ്രഹം നടത്തുന്ന മാത്യു കുഴൽനാടൻ, ഷാഫി പറമ്പിൽ, നജീബ് കാന്തപുരം, സി.ആർ.മഹേഷ് എന്നിവർ ഫെയ്സ്ബുക് പേജിലൂടെ ചൊവ്വാഴ്ച രാത്രി തുടക്കമിട്ട സർവേ 24 മണിക്കൂർ പിന്നിട്ടപ്പോൾ 27,692 പേർ അഭിപ്രായം രേഖപ്പെടുത്തി. ഇളവുകൾ നൽകാത്ത സാഹചര്യത്തിൽ സർവേ തുടരാനാണു തീരുമാനം. ഇന്നു നിയമസഭ പിരിയുന്നതിനാൽ സഭാ കവാടത്തിലെ സത്യഗ്രഹം അവസാനിപ്പിക്കേണ്ടിവരും.

 

English Summary: Protest against Kerala budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com