ADVERTISEMENT

കൊച്ചി ∙ പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റുകൾ ഉൾപ്പെടെ തിരഞ്ഞെടുപ്പു രേഖകളിൽ കൃത്രിമം നടന്നിട്ടുണ്ടോ എന്ന് കേസിലെ കക്ഷികൾക്കു പരിശോധിക്കാൻ ഹൈക്കോടതി അനുമതി നൽകി. കക്ഷികളായ സ്ഥാനാർഥികളും അഭിഭാഷകരും തിരഞ്ഞെടുപ്പു കമ്മിഷന്റെ അഭിഭാഷകനും 15 ന് ഉച്ചയ്ക്ക് 1.30നു ഹൈക്കോടതി ജുഡീഷ്യൽ റജിസ്ട്രാറുടെ സാന്നിധ്യത്തിൽ പരിശോധന നടത്താൻ ജസ്റ്റിസ് എ. ബദറുദ്ദീൻ നിർദേശിച്ചു. 

പെരിന്തൽമണ്ണയിൽ നിന്നു നജീബ് കാന്തപുരത്തെ തിരഞ്ഞെടുത്തതിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ഇടതു സ്വതന്ത്രനായി മത്സരിച്ച കെ.പി.എം മുസ്തഫ നൽകിയ ഹർജിയാണു കോടതിയിൽ. പോസ്റ്റൽ ബാലറ്റുകൾ ഉൾപ്പെടെയുള്ള ഇലക്‌ഷൻ രേഖകൾ ഹാജരാക്കാൻ നേരത്തെ കോടതി നിർദേശിച്ചിരുന്നു. ഇതിനായി ഉദ്യോഗസ്ഥർ പെരിന്തൽമണ്ണ സബ്ട്രഷറി ഓഫിസിൽ എത്തിയപ്പോൾ ബാലറ്റടങ്ങിയ പെട്ടി കാണാനില്ലെന്ന് കണ്ടെത്തിയിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ സഹകരണ വകുപ്പ് ജോയിന്റ് റജിസ്ട്രാറുടെ ഓഫിസിൽ നിന്ന് പെട്ടി കണ്ടെത്തിയെങ്കിലും പെട്ടിയിൽ നിന്നു സാധുവായ 482 പോസ്റ്റൽ വോട്ടുകൾ കാണാതായിരുന്നു. ഇതു സംബന്ധിച്ച് പെരിന്തൽമണ്ണ സബ് കലക്ടർ റിപ്പോർട്ട് നൽകി. ശേഷിച്ച ഇലക്‌ഷൻ രേഖകൾ ഹൈക്കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.

ഇവയിൽ ഏതെങ്കിലും തരത്തിലുള്ള കൃത്രിമം നടന്നിട്ടുണ്ടോ എന്നു പരിശോധിക്കാൻ അനുവദിക്കണമെന്നു കക്ഷികൾ കോടതിയിൽ ആവശ്യപ്പെട്ടു. രേഖകളിലെ സീലും എന്തെങ്കിലും കേടുപാടുണ്ടോ എന്നതും പരിശോധിക്കാനാണ് അനുമതി.

English Summary: Perinthalmanna ballot box missing case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com