‘വരാഹരൂപം’ പാട്ടുകേസ്; ‘കാന്താര’ സംവിധായകനും നിർമാതാവും കോഴിക്കോട് പൊലീസിൽ ഹാജരായി
Mail This Article
കോഴിക്കോട്∙ ‘കാന്താര’ എന്ന സൂപ്പർഹിറ്റ് കന്നഡ സിനിമയിലെ ‘വരാഹരൂപം’ പാട്ടിന്റെ പകർപ്പവകാശക്കേസിൽ നിർമാതാവ് വിജയ് കിർഗന്ദൂർ, സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി എന്നിവർ ടൗൺ പൊലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകി. കൊച്ചിയിലെ ‘തൈക്കൂടം ബ്രിജ്’ സംഗീത ബാൻഡ് ചിട്ടപ്പെടുത്തിയ ‘നവരസം’ എന്ന ഗാനത്തിന്റെ പകർപ്പാണ് ‘വരാഹരൂപം’ എന്ന് ആരോപിച്ച് ‘കപ്പ’ ടിവിക്കു വേണ്ടി മാതൃഭൂമി പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനിയാണ് കോഴിക്കോട് ടൗൺ പൊലീസിൽ പരാതി നൽകിയത്.
‘വരാഹരൂപം’ എന്ന ഗാനം ഉൾപ്പെടുത്തി ‘കാന്താര’ പ്രദർശിപ്പിക്കുന്നത് ഹൈക്കോടതി വിലക്കിയിരുന്നു. സംവിധായകനും നിർമാതാവിനും മുൻകൂർ ജാമ്യം അനുവദിച്ച കോടതിയുടെ നിർദേശ പ്രകാരമാണ് ഇരുവരും അന്വേഷണോദ്യോഗസ്ഥനു മുൻപിൽ ഹാജരായത്.
ഡിസിപി കെ.ഇ.ബൈജു, എസ്ഐ സുഭാഷ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ മൊഴി രേഖപ്പെടുത്തി. ഇന്നു രാവിലെയും ഇരുവരെയും ചോദ്യം ചെയ്യുമെന്നു പൊലീസ് പറഞ്ഞു. പാട്ടുമായി ബന്ധപ്പെട്ട രേഖകൾ നൽകാൻ പൊലീസ് പരാതിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറച്ചു രേഖകൾ ഹാജരാക്കി. പകർപ്പവകാശം സംബന്ധിച്ച രേഖ ഇതുവരെ നൽകിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അതുകൂടി കിട്ടിയ ശേഷം കോടതിക്കു റിപ്പോർട്ട് നൽകും. കേരളത്തിലെ വിതരണക്കാരനെന്ന നിലയിൽ നടൻ പൃഥ്വിരാജ് അടക്കം 9 പേരെ എതിർകക്ഷിയാക്കിയാണു ടൗൺ സ്റ്റേഷനിൽ കേസെടുത്തിരിക്കുന്നത്.
സിനിമയുടെ പ്രദർശനം തടയരുത് എന്നാവശ്യപ്പെട്ടു നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സുപ്രീം കോടതി നിർദേശപ്രകാരമാണു പകർപ്പവകാശക്കേസ് വീണ്ടും ഹൈക്കോടതിയിലെത്തിയത്.
English Summary: Kantara director appear Kozhikode police station