ADVERTISEMENT

കൽപറ്റ ∙ പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വേർപാടിൽ ഉരുകുന്ന കുടുംബങ്ങളെ ആശ്വസിപ്പിക്കാൻ രാഹുൽ ഗാന്ധി എംപി എത്തി. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ആൾക്കൂട്ട മർദനത്തിനിരയായതിനെ തുടർന്നു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥൻ, ഒരു മാസം മുൻപു കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ പുതുശേരി പള്ളിപ്പുറത്ത് തോമസ് എന്നിവരുടെ കുടുംബാംഗങ്ങൾക്കു മുൻപിലാണ് ആശ്വാസസ്പർശവുമായി രാഹുൽ എത്തിയത്. ഇരുകുടുംബങ്ങളുടെയും ദുരിതങ്ങൾ പരിഹരിക്കാൻ ഇടപെടുമെന്നു രാഹുൽ ഉറപ്പു നൽകി.

ഭാരത് ജോഡോ യാത്രയ്ക്കു ശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ രാഹുൽ ഗാന്ധി, രാവിലെ പത്തു മണിയോടെയാണു കൽപറ്റ അഡ്‌‌ലേഡ് പാറവയൽ കോളനിയിലെ വിശ്വനാഥന്റെ വീട്ടിലെത്തിയത്. വിശ്വനാഥന്റെ ഭാര്യ ബിന്ദുവിനെയും 5 ദിവസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെയും രാഹുൽ കണ്ടു. വിശ്വനാഥന്റെ മാതാവ് പാറ്റ, സഹോദരങ്ങളായ രാഘവൻ, വിനോദ് എന്നിവരുമായും സംസാരിച്ചു. 

പ്രസവച്ചെലവിനായി സ്വരുക്കൂട്ടിയ പണം കണ്ടാണ് മോഷണമുതലെന്നു കരുതി ആളുകൾ വിശ്വനാഥനെ മർദിച്ചതെന്ന് പറഞ്ഞ് രാഹുലിന്റെ മുൻപിൽ ബിന്ദു പൊട്ടിക്കരഞ്ഞു. നീതി കിട്ടുംവരെ ഒപ്പമുണ്ടാകുമെന്നു രാഹുൽ വാഗ്ദാനം നൽകി. കെ.സി.വേണുഗോപാൽ എംപിയെയും ടി.സിദ്ദീഖ് എംഎൽഎയെയും തുടർ ഇടപെടലുകൾക്കായി ചുമതലപ്പെടുത്തുകയും ചെയ്തു.

vishanathan-family
വിശ്വനാഥന്റെ മൃതദേഹം കൽപറ്റയിലെ വീട്ടിലെത്തിച്ചപ്പോൾ അവസാനമായി കാണാൻ ഭാര്യ ബിന്ദുവും കുഞ്ഞും എത്തിയപ്പോൾ. ചിത്രം: ജിതിൻ ജോയൽ ഹാരിം ∙ മനോരമ.

കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തോമസിന്റെ വീട്ടിൽ ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു രാഹുലിന്റെ സന്ദർശനം. ജില്ലയിൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ഇല്ലാത്തതും തോമസിന്റെ മരണത്തിനു കാരണമായതായി ബന്ധുക്കൾ രാഹുലിനോടു പരാതിപ്പെട്ടു.

English Summary: Rahul Gandhi meets Viswanathan family.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com