സർക്കാർ ധൂർത്തിന്റെ ശിക്ഷ സാധാരണക്കാരനെന്ന് പ്രതിപക്ഷ നേതാവ്; കേരളം നിലയില്ലാക്കയത്തിൽ
Mail This Article
കോഴിക്കോട് ∙ സർക്കാർ തോന്നുന്നതുപോലെ പണം ചെലവഴിക്കുന്നതിന്റെ പാപഭാരം സാധാരണക്കാരന്റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ജനദ്രോഹബജറ്റിനെതിരെ എല്ലാ ജില്ലകളിലും നടത്തുന്ന രാപകൽ സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ടു നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനം കടക്കെണിയിലാണെന്നു പറയുന്നതു ദുഷ്ടശക്തികളാണെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തിനു 4 ലക്ഷം കോടിയോളം രൂപ കടമുണ്ടാക്കിവച്ച സർക്കാരിനെ മാലയിട്ടു സ്വീകരിക്കണോ? സംസ്ഥാനം കടക്കെണിയിലല്ല, കടത്തിന്റെ നിലയില്ലാ കയത്തിലാണ്. കൂട്ടആത്മഹത്യയുടെ വക്കിലാണു സംസ്ഥാനം.
ഇന്ധനസെസ് പിരിക്കുന്നത് സാമൂഹിക സുരക്ഷാ പെൻഷൻ കൊടുക്കാനാണെന്നാണു പറഞ്ഞത്. കേരളത്തിൽ ആദ്യമായി ഇത്തവണയല്ല പെൻഷൻ കൊടുക്കുന്നത്. 6 മാസമായി ശമ്പളമില്ലാത്തതുകൊണ്ടാണു സാക്ഷരതാ പ്രേരക് ജീവനൊടുക്കിയത്. കർഷകർക്കു കാർഷിക കടാശ്വാസ തുക നൽകിയിട്ടില്ല. സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം ചെയ്യുന്നവർക്കുള്ള തുകയും 14 മാസമായി വിതരണം ചെയ്തിട്ടില്ല. ഒരു കൈ കൊണ്ടു കിറ്റ് കൊടുക്കുമ്പോൾ മറ്റേ കൈകൊണ്ട് പോക്കറ്റടിക്കുകയാണ്.
നികുതി പിരിച്ചെടുക്കുന്നതിൽ സർക്കാർ പരാജയമാണ്. സ്വർണനികുതിയും ബാറുകളുടെ ടേൺ ഓവർ നികുതിയും പിരിച്ചെടുക്കുന്നില്ല. അതിർത്തിയിൽ ചെക് പോസ്റ്റുകളില്ല. അവിടെ സ്ഥാപിച്ച ക്യാമറകൾ കേടാക്കിയിട്ടിരിക്കുകയാണ്. കേരളത്തിൽ നികുതിവകുപ്പില്ലാത്ത അവസ്ഥയാണ്. നികുതിപിരിവിൽ സർക്കാരിന്റെ പരാജയം മറച്ചുവയ്ക്കാൻ ബജറ്റിൽ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും സതീശൻ പറഞ്ഞു.
English Summary : UDF starts strike against tax in Kerala budget 2023