അമിത്തിനെ ‘പിഴിഞ്ഞവർ’ കയ്പുനീർ കുടിക്കും; ഭാര്യയുടെ മൃതദേഹം എംബാം ചെയ്യാനും കൈക്കൂലി
Mail This Article
തൃശൂർ ∙ ഇന്നലെ പ്രണയ ദിനമായിരുന്നെന്ന് അമിത് റാത്തോർ (28) അറിഞ്ഞില്ല. തന്റെ പ്രേയസിയുടെ വിയോഗവും അതിനു പിന്നാലെയുണ്ടായ ദുരനുഭവങ്ങളും മൂലം ചുറ്റും സംഭവിക്കുന്നതൊന്നും അമിത് പലപ്പോഴും അറിയാറില്ല. 3 മാസം മുൻപു ഭാര്യ ഗുഞ്ജൻ ബീവി (26) മരിച്ചപ്പോൾ മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ടി നടത്തിയ ഓട്ടം ഈ ചെറുപ്പക്കാരനു സമ്മാനിച്ചതു ക്രൂരമായ അനുഭവങ്ങളാണ്. മൃതദേഹം എംബാം ചെയ്തുകിട്ടാൻ ഇടനിലക്കാരന് 5000 രൂപ കൈക്കൂലി നൽകേണ്ടിവന്നു. മൃതദേഹം വിമാനത്താവളത്തിലെത്തിക്കാൻ ആംബുലൻസ് ഡ്രൈവർ ഈടാക്കിയത് യഥാർഥ കൂലിയുടെ മൂന്നിരട്ടി; 10,000 രൂപ.
അമിത്തിന്റെ ദുരനുഭവങ്ങൾക്കു പിന്നാലെ നീതി തേടിയിറങ്ങിയ സഹോദരൻ സുമിത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് അന്വേഷണത്തിന് ഉത്തരവിട്ടതാണ് ഏക ആശ്വാസം. കലക്ടറുടെ ഓഫിസ് തുടർ നടപടി ആരംഭിച്ചിട്ടുണ്ട്.
കൊടകര – ഇരിങ്ങാലക്കുട റോഡിൽ കരിമ്പു ജ്യൂസ് കട നടത്തി ജീവിക്കുന്നവരാണു ലക്നൗ ആസാദ് നഗർ സ്വദേശി അമിത്തും സുമിത്തും. ഗുഞ്ജൻ ദേവിയെ 3 മാസം മുൻപു കൊടകരയിലെ വാടകവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. വിവാഹം കഴിഞ്ഞ് 6 വർഷമായിട്ടും കുട്ടികളില്ലാത്തതിന്റെ മനോവിഷമമായിരുന്നു ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഭാര്യയുടെ മരണം അടിമുടി ഉലച്ചെങ്കിലും മൃതദേഹം നാട്ടിലെത്തിച്ചു തന്നെ സംസ്കരിക്കണം എന്ന് അമിത്ത് തീരുമാനമെടുത്തു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം എംബാം നടപടികൾ വേഗത്തിലാക്കി നൽകാമെന്ന വാഗ്ദാനവുമായി ഇടനിലക്കാരൻ സമീപിച്ചു. 300 രൂപ സർക്കാർ നിരക്ക് നിശ്ചയിച്ച എംബാമിന് ഇടനിലക്കാരൻ 5000 രൂപ കൈക്കൂലിയായി വാങ്ങി.
62 കിലോമീറ്ററകലെ വിമാനത്താവളത്തിലേക്കു മൃതദേഹം എത്തിക്കാൻ ആംബുലൻസ് ഡ്രൈവർ വാങ്ങിയത് 10,000 രൂപ. നിസ്സഹായരാണെന്നതു മുതലെടുത്തു പലരും തങ്ങളെ ചൂഷണം ചെയ്യുകയാണെന്നു തിരിച്ചറിഞ്ഞാണു സുമിത് നിയമപോരാട്ടത്തിനിറങ്ങിയത്. പൊതുപ്രവർത്തകൻ അജിത്തിന്റെ സഹായത്തോടെ മുഖ്യമന്ത്രിക്കു പരാതി നൽകി. പണം നൽകിയതിന്റെ രേഖകളടക്കം തെളിവായി സമർപ്പിച്ചു. ഇതോടെയാണ് അന്വേഷണത്തിന് ഉത്തരവെത്തിയത്. കടുത്ത മനസംഘർഷം കാരണം ഒരു മാസത്തോളം അമിത് ചികിത്സയിലായിരുന്നു. ജീവിക്കാൻ മറ്റു മാർഗമില്ലാതെ കഴിഞ്ഞ ദിവസമാണു തിരികെ കരിമ്പു ജ്യൂസ് കടയിലെത്തി വീണ്ടും ജോലി തുടങ്ങിയത്.
English Summary : Amit rathore tragic life story