നികുതിഭാരം കൂട്ടി ധൂർത്തിൽ തൊടുമോ?; ഓർമയുണ്ടോ, ഇഎംഎസിന്റെ തീരുമാനം?
Mail This Article
തൃശൂർ ∙ ‘നമ്മുടെ മന്ത്രിമാരുടെ ശമ്പളം 700 രൂപയിൽ നിന്ന് 500 രൂപയായി കുറച്ചിരിക്കുന്നു... ഇതു ഞാൻ നിങ്ങളോട് ആലോചിക്കാതെയെടുത്ത തീരുമാനമാണ്. കാരണം, നാട്ടിലെ കർഷകരും കർഷക തൊഴിലാളികളും ഏറെ ബുദ്ധിമുട്ടിലാണ്. നമുക്കതു കാണാതെ മുന്നോട്ടുപോകാനാവില്ല സഖാക്കളേ... അതുകൊണ്ട് സഹകരിച്ചേ പറ്റൂ...’ ഇന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് എടുത്ത ആ തീരുമാനം വീണ്ടും ചർച്ചയാകുന്നു. ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ ഇന്ധന സെസ് അടക്കമുള്ള നികുതി വർധന ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുമ്പോഴും മന്ത്രിമാരുടെയും വിവിധ വകുപ്പുകളുടെയും ചെലവുകുറയ്ക്കാൻ ഒരു നടപടിയും മന്ത്രിസഭ എടുത്തിട്ടില്ല.
സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കം മറികടക്കാൻ ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്റ്റ് സർക്കാർ ‘മുണ്ടുമുറുക്കിയുടുത്ത’ ചരിത്രം കൂടിയാണിത്. മന്ത്രിമാരുടെ ശമ്പളവും അലവൻസും സംബന്ധിച്ച ഇഎംഎസിന്റെ ബിൽ അവതരണം പാർട്ടി പ്രസാധനശാലയായ ചിന്ത ബുക്സ് പുറത്തിറക്കിയ ‘ഇഎംഎസ് സമ്പൂർണ കൃതികൾ’ എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്:
‘മന്ത്രിമാരുടെ ശമ്പളം ഇന്നുള്ളത് 700 രൂപയാണ്. അത് ഈ ബില്ലിൽ 500 രൂപയാക്കി ചുരുക്കിയിട്ടുണ്ട്. രണ്ടാമത്തെ മാറ്റം ട്രാവലിങ് അലവൻസ് (യാത്രാബത്ത) സംബന്ധിച്ചാണ്. ഇന്നുള്ള നിയമം അനുസരിച്ച് ഒരു മന്ത്രിക്ക് എത്ര സഞ്ചരിച്ചാലും ക്ലിപ്തമായിട്ടുള്ള തുകയാണു നിശ്ചയിച്ചിരിക്കുന്നത്. 250 രൂപ. ആ വ്യവസ്ഥയ്ക്കു പകരം ഒരു മന്ത്രി എത്ര സഞ്ചരിക്കുന്നുണ്ടോ ആ സഞ്ചാരത്തിന്റെ തോതിലുള്ള സംഖ്യയാണു പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഈ രണ്ടു മാറ്റങ്ങളാണു മുഖ്യമായി ഈ ബില്ലിൽ വരുത്തിയിട്ടുള്ളത്’.
60 കമ്യൂണിസ്റ്റ് എംഎൽഎമാരിൽ ഇഎംഎസ് ഉൾപ്പെടെ 8 പേരും 5 പാർട്ടി സ്വതന്ത്രരിൽ 3 പേരുമായിരുന്നു അന്നു മന്ത്രിമാർ. വലിയ ശമ്പളം പറ്റിയിരുന്ന ഗസറ്റഡ് ഓഫിസർമാരുടെ ശമ്പളവും വെട്ടിക്കുറച്ചു. അതേസമയം, കുറഞ്ഞ വരുമാനമുള്ള ജീവനക്കാരുടെ ശമ്പളം കൂട്ടിയതായി ജി.കെ.ലിറ്റൻ എഴുതിയ ‘ദ് ഫസ്റ്റ് കമ്യുണിസ്റ്റ് മിനിസ്ട്രി ഇൻ കേരള’ എന്ന ഗ്രന്ഥത്തിൽ പറയുന്നു.
2018ൽ ശമ്പളം കൂട്ടി; വീണ്ടും കൂട്ടാൻ ഒരുങ്ങുന്നു
ഒന്നാം പിണറായി സർക്കാർ 2018 ൽ മന്ത്രിയുടെ ശമ്പളം 35,000 രൂപയും എംഎൽഎയുടെ ശമ്പളം 30,500 രൂപയും കൂട്ടിയിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുന്നതിനിടെ കഴിഞ്ഞ ജൂലൈയിൽ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള വർധന പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിഷനെ നിയോഗിച്ചു.
വിവിധ അലവൻസുകളിൽ 30–35% വരെ വർധന ശുപാർശ ചെയ്ത കമ്മിഷൻ റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണ്. സ്റ്റേറ്റ് കാർ ഉപയോഗം പരമാവധി കുറച്ച് ട്രെയിൻ യാത്ര കൂടി ഉപയോഗപ്പെടുത്തണമെന്നു നിർദേശിച്ച ഇഎംഎസിന്റെ പിൻതലമുറയിൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിൽ പത്തിലേറെ ആഡംബര വാഹനങ്ങളുണ്ട്.
English Summary: EMS decision to reduce salary of ministers in discussion as kerala faces financial crisis