വില്പനയും കമ്മിഷനും കുറഞ്ഞു; 3000 റേഷൻ കടകൾ പൂട്ടിയേക്കും
Mail This Article
തിരുവനന്തപുരം ∙ ജനുവരി മുതൽ വിൽപനയും അതേത്തുടർന്നു വ്യാപാരികൾക്കു കമ്മിഷനും കുറഞ്ഞതോടെ മൂവായിരത്തോളം റേഷൻ കടകൾ പൂട്ടിയേക്കും. ഇവയിൽ ഭൂരിഭാഗവും മധ്യകേരളത്തിലും തെക്കൻ ജില്ലകളിലുമാണ്. 195 വ്യാപാരികൾക്കു ജനുവരിയിൽ 10,000 രൂപയിൽ താഴെയാകും കമ്മിഷൻ.
ചില നഗരമേഖലകളിൽ കടമുറി വാടക തന്നെ 10,000 രൂപ നൽകണം. സംസ്ഥാനത്തു പതിനാലായിരത്തോളം കടകൾ ഉള്ളതിൽ കഴിഞ്ഞ വർഷം വരെ 10,000 രൂപയിൽ കുറവ് കമ്മിഷൻ ലഭിച്ചിരുന്നവ 50 എണ്ണം മാത്രമായിരുന്നു.
ജനുവരിയിൽ 2700ൽ പരം കടകൾക്ക് 10,000 – 15,000 രൂപയാകും കമ്മിഷൻ. 15,000 – 20,000 രൂപ കമ്മിഷൻ കിട്ടുന്ന കടകളുടെ എണ്ണം രണ്ടായിരത്തോളം വരും. 20,000–30,000 രൂപ ലഭിക്കുന്നവ ഏഴായിരത്തോളം. ജനുവരിയിലെ കമ്മിഷൻ ഇനിയും വിതരണം ചെയ്തിട്ടില്ല.
45 ക്വിന്റലിനു താഴെ വിൽപന നടത്തുന്ന വ്യാപാരികൾക്ക് ക്വിന്റലിന് 220 രൂപ തോതിൽ 9900 രൂപയാണു കമ്മിഷൻ എന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി പറഞ്ഞു. 45 ക്വിന്റലിനു മുകളിൽ ആണ് വിൽപനയെങ്കിൽ 180 രൂപ നിരക്കിൽ കമ്മിഷനും സപ്പോർട്ടീവ് പേയ്മെന്റും ലഭിക്കും. 5% ആദായനികുതി കുറവു ചെയ്താണു കമ്മിഷൻ നൽകുക. ഇതിൽ നിന്നു വേണം കട വാടക, വൈദ്യുതി ചാർജ്, സെയിൽസ്മാൻ വേതനം തുടങ്ങിയ ചെലവുകൾക്കും സ്വന്തം ആവശ്യത്തിനും വ്യാപാരികൾ തുക കണ്ടെത്തേണ്ടത്.
പച്ചരി കൂടി; വിൽപന പോയി
മുൻഗണനാ കാർഡ് അംഗങ്ങളായ 1.54 കോടി പേർക്ക് കോവിഡ് കാലത്ത് കേന്ദ്രം നൽകിയിരുന്ന അധിക അരിവിഹിതം നിർത്തിയത് റേഷൻ വാങ്ങാനെത്തുന്നവരുടെ എണ്ണം ഗണ്യമായി കുറച്ചു. പുഴുക്കലരി കുറഞ്ഞതും പച്ചരി കൂടിയതും ഇ പോസ് സംവിധാനത്തിലെ അപാകത മൂലം കടകളുടെ സമയക്രമീകരണത്തിൽ വരുത്തിയ മാറ്റവുമാണു മറ്റു കാരണങ്ങൾ.
English Summary: 3000 ration shops may be closed