പാലിൽ പൂപ്പൽ വിഷം: അർബുദത്തിനു കാരണമാകും; പ്രോസിക്യൂഷൻ നടപടി തുടങ്ങി
Mail This Article
തിരുവനന്തപുരം ∙ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ പാലിൽ അഫ്ലോടോക്സിൻ (പൂപ്പൽ വിഷം) കണ്ടെത്തിയ സംഭവത്തിൽ പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചു.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ 10% സാംപിളുകളിലാണ് അഫ്ലോടോക്സിൻ എം–വൺ സാന്നിധ്യം കണ്ടെത്തിയത്. പശുവിനു നൽകുന്ന തീറ്റയിലൂടെ ഇതു പാലിൽ എത്തുന്നുവെന്നാണ് അനുമാനം.452 പാൽ സാംപിളുകൾ ശേഖരിച്ചു. വൻകിട പാൽ കച്ചവടം, ചില്ലറ വ്യാപാരം, പ്രാദേശിക ഡയറി ഫാമുകൾ തുടങ്ങി പല മേഖലകളിലും പരിശോധന നടത്തി.കാലികൾക്കു നൽകുന്ന വയ്ക്കോൽ, കാലിത്തീറ്റ എന്നിവയിൽ അഫ്ലോടോക്സിൻ കണ്ടെത്താറുണ്ട്. ഇത് അമിതമായാൽ കാലികൾ ചത്തുപോകും. പാലിലൂടെ അതു മനുഷ്യരിലേക്ക് എത്തും. ഈ പാൽ ഉപയോഗിക്കുന്നവരുടെ നാഡികളെ അഫ്ലോടോക്സിൻ ബാധിക്കും. അർബുദത്തിനും കാരണമാകും.
നേരത്തേ കോട്ടയത്തും
ജനുവരി അവസാനത്തോടെ പാമ്പാടി, കറുകച്ചാൽ, ചമ്പക്കര, പരുത്തി മൂട് എന്നിവിടങ്ങളിലെ 60 കന്നുകാലികൾക്കു ഭക്ഷ്യവിഷബാധ ഏറ്റിരുന്നു. ഒരു കമ്പനിയുടെ കാലിത്തീറ്റ കഴിച്ചാണു ഭക്ഷ്യവിഷബാധ ഉണ്ടായത്. കമ്പനി ആ കാലിത്തീറ്റ പിൻവലിച്ചിരുന്നു. പൂപ്പൽ ബാധിച്ച ഏതു തീറ്റ കഴിക്കുന്ന കാലികളിലും അഫ്ലോടോക്സിൻ ഉണ്ടാകും.
English Summary: Mold poisoning in milk: Prosecution initiated