മെഡിസെപ്: നവജാത ശിശുക്കളുടെ പേര് 180 ദിവസത്തിനകം ചേർക്കണം
Mail This Article
തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ നവജാത ശിശുക്കളുടെ പേര് 180 ദിവസത്തിനകവും വിവാഹം ചെയ്യുന്നവർ പങ്കാളിയുടെ പേര് 30 ദിവസത്തിനകവും ആശ്രിതരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നു ധനവകുപ്പിന്റെ നിർദേശം. മറ്റു കൂട്ടിച്ചേർക്കലുകളും തിരുത്തലുകളും അനുവദിക്കില്ല.
മെഡിസെപ് വെബ്സൈറ്റിലെ ഗ്രീവൻസ് ലിങ്കിലെ ലെവൽ വൺ ഗ്രീവൻസ് ഫയലിങ് മെനുവിലൂടെ മാത്രമേ പദ്ധതിയെക്കുറിച്ചുള്ള ഗുണഭോക്താക്കളുടെ പരാതികൾ സമർപ്പിക്കാൻ പാടുള്ളൂ.
വാഹനാപകടം, പക്ഷാഘാതം ഹൃദയാഘാതം എന്നീ അടിയന്തര സാഹചര്യത്തിൽ മെഡിസെപ്പിൽ എംപാനൽ ചെയ്യാത്ത ആശുപത്രിയിൽ ചെയ്യുന്ന ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും വ്യവസ്ഥകൾക്കു വിധേയമായി ഇൻഷുറൻസ് കമ്പനി റീഇംബേഴ്സ്മെന്റ് അനുവദിക്കും. മെഡിസെപ് വെബ്സൈറ്റിലെ ഡൗൺലോഡ് ലിങ്കിലെ ക്ലെയിം ഫോം പ്രിന്റ് എടുത്തു പൂരിപ്പിച്ച് സ്കാൻ ചെയ്ത് medisep@oriental insurance.co.in എന്ന മെയിലിലേക്ക് അയയ്ക്കണം. ഇതിന്റെ പകർപ്പ് അയയ്ക്കേണ്ട ഇ–മെയിൽ: info.medisep@kerala.gov.in
∙ ഒരു ജീവനക്കാരന് ഒരു മെഡിസെപ് ഐഡി മാത്രമേ പാടുള്ളൂ. സ്പാർക്ക് ഇല്ലാത്ത വകുപ്പിലേക്കു മാറിയാലും ഐഡിയിൽ മാറ്റം ഉണ്ടാകില്ല.
English Summary : Name of new born babies must be included in Medisep within 180 days