സ്വർണക്കടത്ത് സംഘത്തോട് സൗഹൃദം; ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗത്തിനെതിരെ പാർട്ടിക്കകത്ത് പരാതി
Mail This Article
കണ്ണൂർ∙ സ്വർണക്കടത്തു സംഘങ്ങളിൽ നിന്ന് ആനുകൂല്യം കൈപ്പറ്റുകയും പാർട്ടി തീരുമാനങ്ങൾ ചോർത്തി നൽകുകയും ചെയ്തതായി ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗവും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ എം.ഷാജറിനെതിരെ പാർട്ടിക്കകത്ത് പരാതി. സിപിഎം ജില്ലാ കമ്മിറ്റി അംഗം മനു തോമസ് കൊടുത്ത പരാതി അന്വേഷിക്കാൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സുരേന്ദ്രനെ നിയോഗിച്ചു. ഷാജറും മനുതോമസും ഡിവൈഎഫ്ഐയുടെ ജില്ലാ ഭാരവാഹികളായിരിക്കെ ഒരു വർഷം മുൻപു നൽകിയ പരാതിയിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നതെന്നാണു വിവരം. ഇക്കാര്യം പുറത്തു വന്നതോടെ അങ്ങനെയൊരു പരാതിയോ അന്വേഷണമോ ഇല്ലെന്ന വിശദീകരണവുമായി ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ രംഗത്തുവന്നു.
‘ആകാശേ, എല്ലാം ഇവിടെ നിർത്തിക്കോ അല്ലെങ്കിൽ ഈ പാർട്ടി എന്താണെന്ന് നീ അറിയും ആർഎസ്എസിനോട് ഉള്ളതിനെക്കാൾ വെറുപ്പാണ് ഞങ്ങൾക്കു നിന്നോട്’ എന്ന് ഷാജർ കഴിഞ്ഞ ദിവസം തില്ലങ്കേരിയിൽ പ്രസംഗിച്ചിരുന്നു. ആകാശ് തില്ലങ്കേരിക്കും കൂട്ടർക്കുമെതിരെ ഇങ്ങനെ ശക്തമായി പ്രതികരിച്ച നേതാവിനെതിരെ പാർട്ടിക്കകത്ത് പരാതിയുണ്ടെന്ന വിവരമാണു പുറത്തായിരിക്കുന്നത്. അതേസമയം, സംഭവം വിവാദമായതിനെ തുടർന്ന് തനിക്ക് ഷാജറുമായി ബന്ധമുണ്ടെന്ന വാർത്ത തള്ളി ആകാശ് തില്ലങ്കേരി ഫെയ്സ്ബുക് പോസ്റ്റിട്ടു. ഷാജറുമായി സംസാരിച്ചതിന്റെ ഓഡിയോ പുറത്തുവിടാൻ വെല്ലുവിളിച്ചു.
സ്വർണക്കടത്ത്– ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ കഴിഞ്ഞ വർഷം ആദ്യം ഡിവൈഎഫ്ഐ ജില്ലയിൽ പ്രചാരണം നടത്തിയിരുന്നു. ആ സമയത്ത് ആകാശ് തില്ലങ്കേരിയുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ മനു തോമസിനെതിരെ വ്യാപക പ്രചാരണം നടന്നിരുന്നു. പാർട്ടി രഹസ്യങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകുന്നതു മനുവാണെന്ന തരത്തിലായിരുന്നു അത്. ഈ അപവാദ പ്രചാരണം തുടരുന്നതിനിടെയാണ് ഇതിൽ ഷാജറിനു പങ്കാളത്തിമുണ്ടെന്ന സംശയമുന്നയിച്ച് മനു തോമസ് പാർട്ടി നേതൃത്വത്തിനു പരാതി നൽകിയിരുന്നത്. ഇതിനു തെളിവായി ആകാശ് തില്ലങ്കേരിയും ഷാജറും സംസാരിച്ചതിന്റെ ഓഡിയോ ക്ലിപ്പുകളും പരാതിക്കൊപ്പം നൽകിയിരുന്നുവെന്നാണു പുറത്തുവന്ന വിവരം.
ഈയിടെ നടന്ന തെറ്റുതിരുത്തൽ രേഖയുമായി ബന്ധപ്പെട്ട ചർച്ചയിൽ മനു വീണ്ടും ഇക്കാര്യം ജില്ലാ കമ്മിറ്റിയിൽ ഉന്നയിച്ചതോടെയാണ് അന്വേഷിക്കാൻ തീരുമാനമുണ്ടായതും എം.സുരേന്ദ്രനെ ചുമതലപ്പെടുത്തിയതും. എന്നാൽ ഇതെല്ലാം സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ നിഷേധിക്കുകയാണ്. ഷാജറിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും തള്ളിക്കളയണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.
English Summary : Complaint in CPM against district committee member M Shajar