ADVERTISEMENT

കൊച്ചി  ∙ സൗഹൃദങ്ങളുടെ ചിരിക്കാലം കണ്ണീരിനും വിതുമ്പലിനും വഴിമാറിയ അപരാഹ്നത്തിൽ നടി സുബി സുരേഷിന് യാത്രാമൊഴി. പ്രിയതാരത്തെ അവസാനമായി കാണാൻ വരാപ്പുഴയിലെ വീട്ടിലും പുത്തൻപള്ളി ഓഡിറ്റോറിയത്തിലും ചേരാനല്ലൂർ ശ്മശാനത്തിലുമായി നിറകണ്ണുകളോടെ ഏറെപ്പേരെത്തി. ചിരിയരങ്ങുകളിൽ പൂക്കാലം സൃഷ്ടിച്ച പഴയ കൂട്ടുകാർ വിങ്ങിപ്പൊട്ടിയാണു സുബിയെ യാത്രയാക്കിയത്. 

രാവിലെ എട്ടോടെ വരാപ്പുഴയിലെ വീട്ടിലേക്കാണു മൃതദേഹം ആദ്യം എത്തിച്ചത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പുലർച്ചെ മുതൽ വീട്ടിലേക്കെത്തി. ഏറെ ഇഷ്ടത്തോടെ ഒരുക്കി ‘എന്റെ വീട്’ എന്നു പേരിട്ട സ്വന്തം വീട്ടിൽ അവസാനമായി രണ്ടു മണിക്കൂർ കൂടി ഇഷ്ട നിറമായ ലാവെൻഡർ വസ്ത്രമണിഞ്ഞു സുബി കിടന്നു. തുടർന്നു പൊതുദർശനത്തിനായി പുത്തൻപള്ളി ഓഡിറ്റോറിയത്തിലേക്ക്. സിനിമ–ടെലിവിഷൻ–രാഷ്ട്രീയ–പൊതു രംഗത്തെ ഒട്ടേറെപ്പേർ ആദരാഞ്ജലി അർപ്പിക്കാനെത്തി. പൊതുദർശനശേഷം നാലോടെ ചേരാനല്ലൂർ ശ്മശാനത്തിലായിരുന്നു സംസ്കാരം. സഹോദരൻ എബി മരണാനന്തര കർമങ്ങൾ നടത്തി. കരൾ രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു കഴിഞ്ഞ ദിവസം സുബിയുടെ അപ്രതീക്ഷിത വിയോഗം.

സുബി സുരേഷിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ
സുബി സുരേഷിന്റെ മൃതദേഹം വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാഞ്ജലി അർപ്പിക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ഹൈബി ഇൗഡൻ എംപി, മുഹമ്മദ് ഷിയാസ്, കെ.വി.തോമസ്, എസ്.ശർമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, എ.എൻ. രാധാകൃഷ്ണൻ തുടങ്ങിയവർ ഓഡിറ്റോറിയത്തിൽ എത്തി അനുശോചനം രേഖപ്പെടുത്തി. സിനിമ–സീരിയൽ മേഖലയിൽ നിന്ന് ഒട്ടേറെപ്പേർ പ്രിയ സഹപ്രവർത്തകയെ അവസാനമായി കാണാൻ എത്തിയിരുന്നു.

സുബി സുരേഷിന്റെ മൃതദേഹം വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വച്ചപ്പോൾ. ചിത്രം. ഇ.വി.ശ്രീകുമാർ
സുബി സുരേഷിന്റെ മൃതദേഹം വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വച്ചപ്പോൾ. ചിത്രം. ഇ.വി.ശ്രീകുമാർ

എൻസിസി കെഡറ്റായും തിളങ്ങി

സുബി സുരേഷിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ. ചിത്രം. ഇ.വി.ശ്രീകുമാർ
സുബി സുരേഷിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ. ചിത്രം. ഇ.വി.ശ്രീകുമാർ

എറണാകുളം സൗത്ത് ഗവ. ഗേൾസ് എച്ച്എസ് വിദ്യാർഥിനിയായിരിക്കെ 1996ൽ ന്യൂഡൽഹിയിൽ ിപ്പബ്ലിക് ദിന ക്യാംപിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത സുബി ആ ക്യാംപിലെ മികച്ച കെഡറ്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നുവെന്ന് അന്നു ക്യാംപിൽ കൂടെയുണ്ടായിരുന്നതും ഇപ്പോൾ ഇന്ത്യൻ കരസേനാ ഉദ്യോഗസ്ഥനുമായ കേണൽ ശിവകുമാർ ഓർക്കുന്നു. പിന്നീട് സെന്റ് തെരേസാസ് കോളജ് പഠനകാലത്ത് 7 കേരള വനിത എൻസിസി ബറ്റാലിയന്റെ ഭാഗമായി 1999ൽ സീനിയർ കെഡറ്റായി കേരളത്തെ പ്രതിനിധീകരിച്ച സുബി 2001ൽ എൻസിസിയുടെ ദേശീയ ക്യാംപിലും പങ്കെടുത്തു. 

സുബി സുരേഷിന്റെ മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോൾ കാണാനെത്തിയ നടിയും അവതാരകയുമായ പേർളി മാണിയും ഭർത്താവ് ശ്രീനിഷും.ചിത്രം. ഇ.വി. ശ്രീകുമാർ
സുബി സുരേഷിന്റെ മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോൾ കാണാനെത്തിയ നടിയും അവതാരകയുമായ പേർളി മാണിയും ഭർത്താവ് ശ്രീനിഷും.ചിത്രം. ഇ.വി. ശ്രീകുമാർ

സുബി ആ ക്യാംപിന്റെ നെടുംതൂണായിരുന്നുവെന്ന് അന്നു കൂടെയുണ്ടായിരുന്ന ആലുവ യുസി കോളജ് എൻസിസി ഓഫിസർ നിനോ ബേബി പറഞ്ഞു. എറണാകുളം ഗ്രൂപ്പ്‌ കമാൻഡർക്കു വേണ്ടിയും 7 കേരള ബറ്റാലിയനു വേണ്ടിയും സുബിയുടെ കൂടെ ക്യാംപുകളിൽ പങ്കെടുത്ത മുൻ കെഡറ്റുകൾക്കു വേണ്ടിയും പുഷ്പചക്രം സമർപ്പിച്ചു.

English Summary: Actress Subi Suresh funeral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com