മറ്റെല്ലാം മറക്കാൻ മരുന്നുമായി സിപിഎം; അതു വേവില്ലെന്ന് യുഡിഎഫ്
Mail This Article
തിരുവനന്തപുരം ∙ ന്യൂഡൽഹിയിൽ കഴിഞ്ഞ മാസം ജമാഅത്തെ ഇസ്‌ലാമി ഉൾപ്പെടെയുള്ള ചില മുസ്‌ലിം സംഘടനകളുമായി ആർഎസ്എസ് നടത്തിയ ചർച്ച എം.വി. ഗോവിന്ദന്റെ ജാഥയുടെ ആദ്യ പ്രചാരണവിഷയമാക്കാൻ സിപിഎം ശ്രമം. നികുതി വർധനയും ശിവശങ്കറിന്റെ അറസ്റ്റും തില്ലങ്കേരിയുടെ വെളിപ്പെടുത്തലും ജയരാജൻമാരുടെ പോരാട്ടവുമൊക്കെ ചർച്ചയായ വേളയിൽ തുടക്കമിട്ട ജാഥയ്ക്ക് വീണുകിട്ടിയ വിഷയം ഇതാണ്. ലഹരിബന്ധമടക്കം പലയിടത്തും പാർട്ടിക്കുള്ളിൽ തന്നെയുണ്ടായ ആരോപണങ്ങളും മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിലുണ്ടായ നടപടികളുമൊക്കെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിൽ മുഖ്യമന്ത്രി തന്നെ ജാഥാ ഉദ്ഘാടനത്തിൽ ഈ വിഷയം ആയുധമാക്കി.
ന്യൂഡൽഹി ചർച്ചയ്ക്കു പിന്നിൽ കോൺഗ്രസ് – മുസ്‌ലിം ലീഗ് – വെൽഫെയർ പാർട്ടി ത്രയത്തിന് പങ്കുണ്ടെന്ന സംശയാരോപണത്തിന് മുഖ്യമന്ത്രി രംഗത്തിറങ്ങിയതോടെ പ്രതിപക്ഷം വിവാദത്തിൽ കക്ഷി ചേർന്നു. ചർച്ചയ്ക്കു പിന്നിൽ യുഡിഎഫ് ഉണ്ടെന്ന് തെളിയിക്കാൻ മുഖ്യമന്ത്രിയെ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ വെല്ലുവിളിച്ചു. ജമാഅത്തെ ഇസ്‌ലാമിയും സിപിഎമ്മും 42 വർഷം ഇണക്കുരുവികളായിരുന്നില്ലേ എന്ന ചോദ്യവും സതീശൻ ഉയർത്തി. പദവിക്കു ചേരാത്ത പ്രസ്താവനയാണ് മുഖ്യമന്ത്രിയുടേതെന്നും സതീശൻ ആരോപിച്ചു.
ശ്രീ എം മധ്യസ്ഥനായി 2017 ൽ നടന്ന സിപിഎം– ആർഎസ്എസ് ചർച്ചയാണ് സിപിഎമ്മിന്റെ ആരോപണത്തിനു മറുപടി പറഞ്ഞ ജമാഅത്തെ ഇസ്‌ലാമി നേതാക്കൾ ഓർമിപ്പിച്ചത്. മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയും ഇതിൽ പങ്കെടുത്ത കാര്യം പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും ചൂണ്ടിക്കാട്ടി. കൊലപാതക രാഷ്ട്രീയത്തിന് അറുതി വരുത്തുക എന്ന ഉദ്ദേശ്യത്തോടെ നടന്ന ചർച്ച ആദ്യഘട്ടത്തിൽ രഹസ്യമായിരുന്നെങ്കിലും പിന്നീട് സിപിഎം നേതാവ് പി.ജയരാജനും സ്ഥിരീകരിച്ചിരുന്നു.
ഭൂരിപക്ഷ– ന്യൂനപക്ഷ വർഗീയതകളെ ഒരേപോലെ എതിർക്കുന്ന പാർട്ടി എന്ന മേലങ്കി അതുവഴി അണിയാനും രണ്ടിനെയും എതിർക്കുന്നതിൽ യുഡിഎഫ് പരാജയമാണെന്നു വരുത്താനുമാണ് സിപിഎം ശ്രമിക്കുന്നത്. മുഖ്യമന്ത്രി ഉന്നയിച്ച ചോദ്യങ്ങൾക്ക് യുഡിഎഫ് ഉത്തരം നൽകണമെന്ന് ആവശ്യപ്പെട്ട എം.വി.ഗോവിന്ദനു കൂടിയാണ് വി.ഡി.സതീശനും കെ.സുധാകരനും മറുപടി നൽകിയത്. ചർച്ച സംബന്ധിച്ചു വാർത്ത വന്നപ്പോൾ പ്രതിപക്ഷം മൗനമായിരുന്നെന്ന് സിപിഎം പറയുന്നു.
അരവിന്ദ് കേജ്‌രിവാളുമായി ഉടക്കി ഡൽഹി ലഫ്. ഗവർണർ പദം രാജിവച്ച ജാമിയ മിലിയ ഇസ്‌ലാമിയ മുൻ വൈസ് ചാൻസലർ കൂടിയായ നജീബ് ജങ്ങിന്റെ വസതിയിൽ ജനുവരി 14ന് നടന്ന ചർച്ചയാണ് ഇപ്പോൾ ചർച്ചയാവുന്നത്. ആർഎസ്എസിന്റെ മുൻ സംഘടനാ ജനറൽ സെക്രട്ടറിയായ രാം ലാൽ വിളിച്ചുചേർത്ത മുസ്‌ലിം സംഘടനകളിൽ ജമാഅത്തെ ഇസ്‌ലാമിയും ഉണ്ടായി. ആ വിഭാഗത്തെ വിശ്വാസത്തിലെടുക്കാനുള്ള ദൗത്യമായി ആർഎസ്എസ് വിശേഷിപ്പിക്കുമ്പോൾ, പറയാനുള്ളതു പറയുന്നതും സമര മാർഗമാണെന്ന് ജമാഅത്തെ ന്യായീകരിക്കുന്നു.
English Summary: CPM attempt to campaign RSS - Jama ath Islami meeting in MV Govindan's rally