കൊച്ചി നഗരമധ്യത്തിൽ കൂറ്റൻ പൈപ്പ് പൊട്ടി; 2 ദിവസം ജലവിതരണം മുടങ്ങും
Mail This Article
കൊച്ചി ∙ വൈറ്റില – പാലാരിവട്ടം റോഡിൽ പള്ളിപ്പടിക്കു സമീപം ജല അതോറിറ്റിയുടെ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി കോർപറേഷൻ പരിധിയിലെ 18 ഡിവിഷനുകളിൽ ശുദ്ധജല വിതരണം മുടങ്ങി. 2 ദിവസത്തിനുള്ളിൽ ജലവിതരണം പുനഃസ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞു.
തമ്മനം പമ്പ് ഹൗസിൽ നിന്നു പോണേക്കര ഭാഗത്തേക്കു ജലവിതരണം നടത്തുന്ന 700 എംഎം വ്യാസമുള്ള പൈപ്പാണു പൊട്ടിയത്. രാവിലെ പത്തിനാണു സംഭവം. വെള്ളപ്പാച്ചിലിൽ 50 മീറ്ററോളം ഭാഗത്തു റോഡ് ഒലിച്ചുപോയി. ഗതാഗതം തടസ്സപ്പെട്ടു. പൈപ്പ് മാറ്റി കുഴി മണ്ണിട്ടു മൂടിയ ശേഷമേ റോഡ് ഗതാഗതം പുനഃസ്ഥാപിക്കാനാവൂ. ഇതിന് ഒരാഴ്ചയിലേറെ വേണ്ടിവരും.
40 വർഷത്തിലേറെ പഴക്കമുള്ള ‘പ്രിമോ’ പൈപ്പ് റോഡിൽ ഒന്നര മീറ്റർ ആഴത്തിലാണ്. എളമക്കര നോർത്ത്, പുതുക്കലവട്ടം, പോണേക്കര, കുന്നുംപുറം, ഇടപ്പള്ളി, ദേവൻകുളങ്ങര, കറുകപ്പിള്ളി, മാമംഗലം, കാരണക്കോടം, കതൃക്കടവ്, കലൂർ സൗത്ത്, കലൂർ നോർത്ത്, എളമക്കര സൗത്ത്, പാലാരിവട്ടം, തമ്മനം, ചക്കരപ്പറമ്പ്, ചളിക്കവട്ടം, പാടിവട്ടം ഡിവിഷനുകളിലാണ് ജലവിതരണം നിലച്ചത്.
English Summary: Pipe broken in Kochi-Palarivattom road