3 സ്കൂൾ വിദ്യാർഥികൾ പുഴയിൽ മുങ്ങിമരിച്ചു; മൂവരും 9–ാം ക്ലാസിൽ സഹപാഠികൾ, ദുരന്തം വിനോദയാത്രയ്ക്കിടെ
Mail This Article
അടിമാലി ∙ വിനോദയാത്രയ്ക്കിടെ 3 സ്കൂൾ വിദ്യാർഥികൾ പുഴയിൽ മുങ്ങിമരിച്ചു. എറണാകുളം കാലടി മാണിക്യമംഗലം മടുക്കങ്കൽ പരേതനായ എം.ജി.ഷിബുവിന്റെ മകൻ അർജുൻ ഷിബു (15), അയ്യമ്പുഴ കോടാലി കോളാട്ടുകുടി കെ.ജെ.ജോബിയുടെ മകൻ ജോയൽ ജോബി (15), തുറവൂർ തലക്കോട്ടപ്പറമ്പ് കൂരാൻവീട്ടിൽ ബ്രെസി ചെറിയാന്റെ മകൻ റിച്ചാർഡ് ബ്രെസി (15) എന്നിവരാണു മരിച്ചത്.
മൂവരും അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിൽ 9–ാം ക്ലാസിൽ സഹപാഠികളാണ്. ജോലിസ്ഥലത്തെ അപകടത്തിൽപെട്ടു പിതാവ് ഷിബു മരിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് അർജുന്റെ വേർപാട്. മാങ്കുളത്തിനു സമീപം ആനക്കുളം നല്ലതണ്ണിയാർ പുഴയിലെ വലിയപാറക്കുട്ടിയിലായിരുന്നു അപകടം. ഇവർക്കൊപ്പം കയത്തിൽപെട്ട 2 കുട്ടികളെ നാട്ടുകാരും ട്രെക്കിങ് ജീപ്പ് ഡ്രൈവർമാരും ചേർന്നു രക്ഷപ്പെടുത്തി.
8, 9 ക്ലാസുകളിലെ 30 കുട്ടികൾ 3 അധ്യാപകരുടെ നേതൃത്വത്തിൽ മൂന്നാറിലേക്കുള്ള യാത്രയ്ക്കിടയിലാണ് ആനക്കുളത്തെത്തിയത്. കാട്ടാനകൾ കൂട്ടമായി എത്തുന്ന സ്ഥലമാണിവിടം. ആനകളെ കാണാൻ പറ്റാതെ വന്നതോടെ സംഘം ട്രെക്കിങ് ജീപ്പുകളിൽ വലിയപാറക്കുട്ടിയിൽ എത്തി. പുഴയിൽ കുളിക്കുന്നതിനിടെയാണു കയത്തിൽ പെട്ടത്.
എറണാകുളം നെട്ടൂരിൽ നിന്നെത്തിയ പ്ലസ് വൺ വിദ്യാർഥി കഴിഞ്ഞ 19ന് ഇതേ സ്ഥലത്തു മുങ്ങിമരിച്ചിരുന്നു. 6 മാസം മുൻപ് കളമശേരി സ്വദേശിയായ യുവാവും ഈ കയത്തിൽ മുങ്ങിമരിച്ചു. ഇവിടെ അപകടമുന്നറിയിപ്പു സ്ഥാപിച്ചിട്ടില്ല.
ജിഷയാണ് അർജുന്റെ മാതാവ്. സഹോദരി: അപർണ. ജോയലിന്റെ പിതാവ് ജോബി സെക്യൂരിറ്റി ജീവനക്കാരനാണ്. അമ്മ: ജിസ്മി (മൂലൻസ് അങ്കമാലി). സഹോദരി: മരിയ. റിച്ചാർഡിന്റെ പിതാവ് ബ്രെസി ഡ്രൈവറാണ്. അമ്മ: ജിൻസി. സഹോദരി: റേയ്ച്ചൽ മരിയ.
English Summary: Children drowned in Adimali