വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ഒന്നിച്ച് ആഘോഷിക്കാം: പിണറായിയോട് സ്റ്റാലിൻ
Mail This Article
നാഗർകോവിൽ ∙ വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷം അടുത്ത വർഷം കേരളവും തമിഴ്നാടും ചേർന്നു സംഘടിപ്പിക്കണമെന്നു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. പെരിയാർ ഇ.വി.രാമസ്വാമി നായ്ക്കർ വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്തതിനെ പരാമർശിച്ചാണു സ്റ്റാലിൻ ആവശ്യമുന്നയിച്ചത്.
സ്റ്റാലിൻ തന്റെ സഹോദരനാണെന്നു വിശേഷിപ്പിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയൻ, വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷം സംഘടിപ്പിക്കുമ്പോൾ സ്റ്റാലിൻ വേദിയിൽ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.
മാറുമറയ്ക്കൽ സമരത്തിന്റെ ഇരുനൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി നാഗർകോവിലിൽ സംഘടിപ്പിച്ച പൊതു സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ഇരുവരും. സനാതനധർമത്തിൽ ഊന്നിയ രാജ്യമായിരിക്കും തിരുവിതാംകൂർ എന്നായിരുന്നു മാർത്താണ്ഡവർമയുടെ പ്രഖ്യാപനമെന്നു പിണറായി വിജയൻ പറഞ്ഞു.
സനാതന ധർമത്തിനു കീഴിലാണു മനുഷ്യത്വത്തിനു വിരുദ്ധമായ അവസ്ഥ ഇവിടെയുണ്ടായത്. അവയവങ്ങൾക്കുമേൽ വരെ നികുതി ഏർപ്പെടുത്തി. ഇതേ സനാതന ഹിന്ദുധർമം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നതിലൂടെ ബ്രാഹ്മണാധിപത്യത്തിന്റെ രാജവാഴ്ചക്കാലമാണു സംഘപരിവാർ ലക്ഷ്യമിടുന്നതെന്നും പിണറായി പറഞ്ഞു.
മാറുമറയ്ക്കൽ സമരം ഉൾപ്പെടെയുള്ള പോരാട്ടങ്ങളിലൂടെയാണു നാം ഇന്നു നിൽക്കുന്ന അവസ്ഥയിലേക്കെത്തിയതെന്നു പുതിയ തലമുറയും മനസ്സിലാക്കി വളരണമെന്ന് എം.കെ.സ്റ്റാലിൻ പറഞ്ഞു. സിപിഎം നേതാവ് എ.വി.ബെല്ലാർമിൻ അധ്യക്ഷത വഹിച്ചു.
English Summary: Vaikom Satyagraham 100th Anniversary; Chief Minister invited Stalin