ആ ഹോട്ടൽ പൂട്ടി; സർക്കാർ നൽകേണ്ട സബ്സിഡി കുടിശിക 15 ലക്ഷം രൂപ
Mail This Article
തിരുവനന്തപുരം ∙ 13,000 രൂപ വൈദ്യുതി ബിൽ അടയ്ക്കാത്തതിനാൽ കെഎസ്ഇബി ഫ്യൂസ് ഊരിയ കുടുംബശ്രീ ജനകീയ ഹോട്ടൽ അടച്ചുപൂട്ടി. എസ്എംവി സ്കൂളിന് എതിർവശത്തു കോർപറേഷന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലാണു പൂട്ടിയത്.
ദിവസേന ഏകദേശം 1500 പൊതിച്ചോറുകൾ വിറ്റിരുന്ന ഹോട്ടലാണിത്. 20 രൂപയാണ് ഊണിന്റെ വില. 10 രൂപ സർക്കാർ സബ്സിഡിയാണെങ്കിലും 9 മാസമായി ഈ തുക ലഭിച്ചിട്ടില്ല. ഇങ്ങനെ 15 ലക്ഷം രൂപ കുടിശികയായതോടെ ഹോട്ടൽ തുടരാനാകാത്ത സ്ഥിതിയായെന്നു കുടുംബശ്രീ യൂണിറ്റ് പ്രസിഡന്റ് കെ.സരോജം പറഞ്ഞു.
ഹോട്ടലിനും ഒപ്പം പ്രവർത്തിക്കുന്ന കുടുംബശ്രീ ബസാറിനും ഒറ്റ വൈദ്യുതി മീറ്ററാണ്. മൂന്നര വർഷമായി ബില്ലിന്റെ പകുതി ബസാർ നൽകിയിരുന്നു. ഈ മാസം 13,000 രൂപ ബില്ലിൽ 3000 രൂപ മാത്രമാണു ബസാർ നൽകിയത്. ഇതുമൂലം ബിൽ അടയ്ക്കാനായില്ല.
കഴിഞ്ഞ വർഷം വരെ 6 മാസമാകുമ്പോൾ സർക്കാർ കുടിശിക തീർത്തിരുന്നു. പരാതി പറഞ്ഞിട്ടും കോർപറേഷനോ കുടുംബശ്രീ അധികൃതരോ തിരിഞ്ഞുനോക്കുന്നില്ലെന്നും ജീവനക്കാർ പറയുന്നു.
English Summary: Kudumbashree Janakeeya hotel closed