മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനം ചെന്നൈയിൽ ഇന്നു മുതൽ; സമാപന സമ്മേളനം 10ന്
Mail This Article
മലപ്പുറം ∙ മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനം ഇന്നു മുതൽ 10 വരെ ചെന്നൈയിൽ നടക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് ചെന്നൈ കലൈവാനർ അരങ്കത്തിൽ ദേശീയ പ്രസിഡന്റ് പ്രഫ. കെ.എം.ഖാദർ മൊയ്‌തീൻ നിർവഹിക്കും.
10ന് വൈകിട്ട് കൊട്ടിവാക്കം വൈഎംസിഎ സ്റ്റേഡിയത്തിൽ സമാപന സമ്മേളനം മുസ്‌ലിം ലീഗ് രാഷ്ട്രീയകാര്യ സമിതി ചെയർമാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മുഖ്യാതിഥിയാകുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ, വൈസ് പ്രസിഡന്റ് എം.പി.അബ്ദുസ്സമദ് സമദാനി എന്നിവർ അറിയിച്ചു.
75 വർഷം മുൻപ് പാർട്ടി രൂപീകരണത്തിന് വേദിയായ രാജാജി ഹാളിൽ 10ന് രാവിലെ 9.30ന് നടക്കുന്ന ലീഗ് രൂപീകരണ പുനരാവിഷ്കരണ സമ്മേളനത്തിൽ ഇന്ത്യയിലെ എല്ലാ പ്രധാന ഭാഷകളിലും പ്രതിനിധികൾ പ്രതിജ്ഞയെടുക്കും.
അന്ന് വൈകിട്ട് വൈഎംസിഎ സ്റ്റേഡിയത്തിൽ ലക്ഷങ്ങൾ അണിനിരക്കുന്ന റാലിയും തമിഴ്നാട്ടിലെ വൊളന്റിയർമാർ അണിനിരക്കുന്ന ഗ്രീൻ ഗാർഡ് പരേഡും നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ചെന്നൈയിൽ ഇന്ന് സമൂഹവിവാഹം
ചെന്നൈ ∙ മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു നടക്കുന്ന സമൂഹവിവാഹത്തിൽ 17 ജോടി വധൂവരൻമാർ ഇന്ന് പുതിയ ജീവിതത്തിനു തുടക്കം കുറിക്കും. കെഎംസിസി തമിഴ്നാട് ഘടകം ഇന്ന് രാവിലെ 10ന് റോയപുരം റമസാൻ മഹലിൽ സംഘടിപ്പിക്കുന്ന ചടങ്ങ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുഖ്യ ഖാസി മുഫ്തി മുഹമ്മദ് സലാഹുദീൻ അയൂബ് കാർമികനാകും. മണവാട്ടികളെ ഒരുക്കുന്നത് വനിതാലീഗ് ദേശീയ പ്രസിഡന്റ് ഫാത്തിമ മുസഫറിന്റെ നേതൃത്വത്തിലാണ്. പ്രഫ. കെ.എം.ഖാദർ മൊയ്‌തീൻ, മുനവ്വറലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ, പി.വി.അബ്ദുൽ വഹാബ്, കെ.നവാസ് ഗനി തുടങ്ങിയവർ പങ്കെടുക്കും. കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, തിരുനെൽവേലി, രാമനാഥപുരം എന്നിവിടങ്ങളിലും സമൂഹവിവാഹം സംഘടിപ്പിക്കും.
English Summary : Muslim League platinum conference at Chennai