ADVERTISEMENT

കണ്ണൂർ ∙ ‘വൈദേകം’ ആയുർവേദ റിസോർട്ടിന്റെ ഓഹരി പങ്കാളിത്തം സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ കുടുംബം ഒഴിയുകയാണെന്ന പ്രചാരണത്തിനിടെ സ്ഥാപനത്തിന്റെ സിഇഒ സ്ഥാനമൊഴിഞ്ഞു. ഒരു വർഷത്തെ കരാറിൽ സ്ഥാപനത്തിൽ സിഇഒ ആയി എത്തിയ തോമസ് ജോസഫാണ് ഒഴിഞ്ഞത്. കഴിഞ്ഞ നവംബറിൽ കരാർ കാലാവധി പൂർത്തിയായിരുന്നു. മാനേജ്മെന്റിന്റെ അഭ്യർഥനയെ തുടർന്ന് ഡിസംബർ 31 വരെ തുടർന്ന അദ്ദേഹം മറ്റൊരു ആശുപത്രിയിൽ ചുമതലയേറ്റു.

ആദായനികുതി വകുപ്പിന്റെ പരിശോധന നടന്നപ്പോൾ മാനേജ്മെന്റിന്റെ അഭ്യർഥന മാനിച്ച് അദ്ദേഹം റിസോർട്ടിൽ എത്തിയിരുന്നു. ഇ.പിയുടെ കുടുംബം ഓഹരി വിൽക്കുകയാണെന്ന പ്രചാരണത്തെ കുറിച്ചു ചോദിച്ചപ്പോഴാണ് സ്ഥാപനവുമായി നിലവിൽ ബന്ധമില്ലെന്ന കാര്യം തോമസ് ജോസഫ് വ്യക്തമാക്കിയത്. ഇന്നലെ പൂർണമായി സ്ഥാനം ഒഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളെന്ന നിലപാടിലാണ് ഇ.പി.ജയരാജൻ. ഓഹരികൾ വിൽക്കുകയാണെന്ന പ്രചാരണം ദൃശ്യമാധ്യമങ്ങളിൽ കണ്ട അറിവേയുള്ളുവെന്നാണ് ഇ.പിയും കുടുംബവും പറയുന്നത്. 

Read Also: പ്രതിപക്ഷ അനൈക്യത്തിൽ നേട്ടം ബിജെപിക്ക്; സിപിഎം നിലപാട് അപക്വം: കുഞ്ഞാലിക്കുട്ടി

റിസോർട്ടുമായി ബന്ധപ്പെട്ട് വിവാദത്തിലാവുകയും പാർട്ടിയിൽ ഒറ്റപ്പെടുകയും ചെയ്ത ഇ.പി.ജയരാജന്റെ നിർദേശ പ്രകാരമാണ് കുടുംബം ഓഹരികൾ വിറ്റഴിക്കാൻ നോക്കുന്നതെന്ന തരത്തിലാണു പ്രചാരണം. വിവാദം അവസാനിക്കാതിരിക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവം നടത്തുന്ന പ്രചാരണമാണിതെന്നാണ് ഇ.പിയുടെയും കുടുംബത്തിന്റെയും വിലയിരുത്തൽ. 

സാമ്പത്തിക കാര്യങ്ങളെച്ചൊല്ലി ‘വൈദേക’ത്തിന്റ ഡയറക്ടർ കെ.പി.രമേഷ് കുമാറുമായി ഇ.പിയുടെ കുടുംബം ഇടഞ്ഞ സമയത്ത് ഓഹരി വേണമെങ്കിൽ രമേഷിനു കൊടുക്കാമെന്ന തരത്തിൽ ചർച്ച നടന്നിരുന്നു. 6% പലിശ സഹിതം ഓഹരിക്കു മുടക്കിയ പണം തിരികെ ലഭിച്ചാൽ മറ്റു ഡയറക്ടർമാരുടെ കയ്യിലുള്ള ഓഹരികളെല്ലാം രമേഷിനു നൽകാമെന്ന രീതിയിലായിരുന്നു ചർച്ച. എന്നാൽ, പണം നൽകാൻ 2 വർഷം സാവകാശം ആവശ്യപ്പെട്ടതിനാൽ അന്നതു നടന്നില്ല. 

‘വൈദേകം’ വലിയ രാഷ്ട്രീയ വിവാദമായി ഉയർന്നതോടെയാണ് ഇ.പിയും കുടുംബവും ഓഹരി വിൽക്കാൻ പോകുകയാണെന്ന പ്രചാരണം ശക്തമായത്. ഇ.പി.ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിരയ്ക്കും മകൻ പി.കെ.ജയ്സനുമായി 91.99 ലക്ഷം രൂപയുടെ ഓഹരികളാണുള്ളത്. 9199 ഓഹരികളാണ് രണ്ടു പേർക്കും കൂടിയുള്ളത്. ഇന്ദിരയുടെ നിക്ഷേപം 81.99 ലക്ഷം രൂപയും ജയ്സന്റേത് 10 ലക്ഷം രൂപയുമാണ്. 

Content Highlights: Vaidekam resort, E.P. Jayarajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com