ADVERTISEMENT

തൊടുപുഴ ∙ കേരളം കഴിഞ്ഞ ദിവസം ഉപയോഗിച്ചത് 88.06 ദശലക്ഷം യൂണിറ്റ് വൈദ്യുതി (ഇന്നലെ രാവിലെ 7 വരെയുള്ള 24 മണിക്കൂർ). ഈ സീസണിലെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപയോഗമാണിത്. നിലവിൽ ഒരു ദിവസത്തെ ഏറ്റവും കൂടിയ ഉപയോഗം 2022 ഏപ്രിൽ 28 ന് ആയിരുന്നു– 92.88 ദശലക്ഷം യൂണിറ്റ്. ഈ വർഷം ഇതു മറികടന്ന് 95 ദശലക്ഷം യൂണിറ്റിനു മുകളിൽ എത്തുമെന്നാണു നിഗമനം. 

ഉപയോഗം കൂടുമ്പോൾ കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം സംഭരണികളിലില്ല. സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതി പദ്ധതിയായ ഇടുക്കിയിൽ ഒരാഴ്ച കൊണ്ട് ജലനിരപ്പ് 3 അടി താഴ്ന്നു. ചൂട് കൂടുകയും വൈദ്യുതി ഉൽപാദനം വർധിപ്പിക്കുകയും ചെയ്തതോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് ഗണ്യമായി താഴ്ന്നത്. കഴിഞ്ഞ വർഷം ഇതേ ദിവസത്തെക്കാൾ 20.50 അടി ജലം കുറവാണ്. ഇന്നലത്തെ ജലനിരപ്പ് 2350.86 അടിയാണ്. ഫെബ്രുവരിയിൽ മാത്രം 11 അടിയോളം വെള്ളം കുറഞ്ഞു. ഇപ്പോൾ 1015.15 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളമാണുള്ളത്. 

വെള്ളമില്ല; വൈദ്യുതി വാങ്ങേണ്ടിവരും 

ജനറേറ്ററുകളുടെ വാർഷിക അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മൂലമറ്റം നിലയത്തിൽ വൈദ്യുതി ഉൽപാദനം കുറവായിരുന്നു. കൂടുതൽ ഉപയോഗമുള്ള മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ പരമാവധി വൈദ്യുതി ഉൽപാദിപ്പിക്കുകയാണു പതിവ്. വരും ദിവസങ്ങളിൽ വേനൽ കനക്കുകയും വൈദ്യുതി ഉപയോഗം വർധിക്കുകയും ചെയ്യും. മൂലമറ്റം നിലയത്തിലെ ഉൽപാദനവും വർധിപ്പിക്കേണ്ടി വരും. 12–15 ദശലക്ഷം യൂണിറ്റ് വരെ പ്രതിദിനം ഉൽപാദിപ്പിക്കേണ്ടിവരും. എന്നാൽ ഇതിനാവശ്യമായ വെള്ളം അണക്കെട്ടിൽ ഇല്ല. ഇതുമൂലം പരമാവധി വൈദ്യുതി വാങ്ങി സംഭരണികളിലെ ജലനിരപ്പ് നിലനിർത്താനുള്ള ശ്രമത്തിലാണു കെഎസ്ഇബി. 

English Summary : Electricity usage increases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com