കോഴഞ്ചേരി പഞ്ചായത്ത്: യുഡിഎഫിനും എൽഡിഎഫിനും ഒരേ പ്രസിഡന്റ് സ്ഥാനാർഥി
Mail This Article
കോഴഞ്ചേരി ∙ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അനിശ്ചിതത്വം മുറുകിയതിനിടെ ഒരാളെത്തന്നെ സ്ഥാനാർഥിയാക്കി യുഡിഎഫും എൽഡിഎഫും. കേരള കോൺഗ്രസ് ജോസഫ് വിഭാഗം പ്രതിനിധി റോയ് ഫിലിപ്പിനെയാണ് ഇരുവിഭാഗവും പിന്തുണയ്ക്കുന്നത്. റോയ് ഫിലിപ്പുൾപ്പെടെ കേരള കോൺഗ്രസിലെ 2 അംഗങ്ങളും എൽഡിഎഫിനെ അനുകൂലിക്കുന്ന സാഹചര്യമാണ് നിലവിൽ.
പ്രസിഡന്റ് പദവിയിൽ 2 വർഷത്തേക്ക് റോയ് ഫിലിപ്പിനെ നിയോഗിക്കാൻ ഇടതുമുന്നണി തീരുമാനമെടുത്തിരുന്നു. ഇതിനിടെയാണ് ജില്ലാ ചെയർമാൻ വിക്ടർ ടി.തോമസിന്റെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന യോഗത്തിലുള്ള യുഡിഎഫ് തീരുമാനം. എന്നാൽ എൽഡിഎഫിനൊപ്പം നിൽക്കുമെന്ന് റോയ് വ്യക്തമാക്കി. നാളെ 11നാണ് തിരഞ്ഞെടുപ്പ്.
മുന്നണിയിലെ ധാരണപ്രകാരം പ്രസിഡന്റ് സ്ഥാനം കൈമാറാൻ കോൺഗ്രസ് വൈകി എന്നാരോപിച്ച് കേരള കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധമുയർത്തിയതോടെയാണ് യുഡിഎഫിൽ പ്രതിസന്ധി രൂക്ഷമായത്. ഡിസിസി നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്ന് പ്രസിഡന്റ് പദവി കോൺഗ്രസ് പിന്നീട് ഒഴിഞ്ഞു. അപ്പോഴേക്കും കേരള കോൺഗ്രസുമായി സിപിഎം നേതാക്കൾ ധാരണയിലെത്തിയിരുന്നു. അതേസമയം, കേരള കോൺഗ്രസ് വൈസ് ചെയർമാൻ ഡി.കെ.ജോണിന്റെ നേതൃത്വത്തിൽ നേതാക്കൾ ഇന്നലെ ഉച്ചയ്ക്കുശേഷം റോയ് ഫിലിപ്പിന്റെ വീട്ടിലെത്തി പ്രസിഡന്റ് സ്ഥാനത്തേക്ക് റോയ് ഫിലിപ്പിന് വോട്ട് ചെയ്യണമെന്നുള്ള യുഡിഎഫ് വിപ് കൈമാറി.
English Summary: UDF and LDF to support same candidate for Kozhencherry panchayath president post