ADVERTISEMENT

കൊച്ചി ∙ ബ്രഹ്മപുരത്ത് തീ അണയ്ക്കാൻ ഇപ്പോൾ ചെയ്യുന്ന രീതിയാണ് ഉചിതമെന്നു ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്മെന്റ് ഡപ്യൂട്ടി ചീഫ് ജോർജ് ഹീലി അഭിപ്രായപ്പെട്ടു. കലക്ടർ എൻ. എസ്. കെ. ഉമേഷ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ശേഖർ എൽ. കുര്യാക്കോസ്, വെങ്കിടാചലം അനന്തരാമൻ (ഐഐടി ഗാന്ധിനഗർ) എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഓൺലൈൻ യോഗത്തിലാണു ജോർജ് ഹീലി കൊച്ചിയിലെ സാഹചര്യം വിലയിരുത്തിയത്.

റീജനൽ ഫയർ ഓഫിസർ ജെ. എസ്. സുജിത് കുമാർ, ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ ഉഷ ബിന്ദുമോൾ, ഹസാഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരൻ എന്നിവരും പങ്കെടുത്തു. ജോർജ് ഹീലിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഭാവിനടപടികൾക്കു രൂപം നൽകി.

∙ മാലിന്യക്കൂനകൾക്കടിയിൽ തീപടരുന്നതു തടയാൻ തെർമൽ ഡ്രോൺ ഉപയോഗിക്കും.

∙ മീഥേൻ വാതകം ഉണ്ടാകുന്നതു തടയാൻ മാലിന്യം നനയ്ക്കുന്നത് തുടരും.

∙ മാലിന്യങ്ങൾ മണ്ണിട്ടു മൂടാൻ പാടില്ല.

∙ പുഴയുടെ സമീപമായതിനാൽ തീപിടിത്തം നിയന്ത്രിക്കുന്നതിനുള്ള ഫോം ഉപയോഗിക്കുന്നതു മലിനീകരണത്തിന് കാരണമാകും.

∙ വായുമലിനീകരണം അളക്കാനുള്ള സംവിധാനം കൂടുതൽ സ്ഥലങ്ങളിൽ സ്ഥാപിക്കണം. ജല മലിനീകരണവും അളക്കണം.

എൻഐഐഎസ്ടി പഠനം നടത്തും

തിരുവനന്തപുരം ∙ ബ്രഹ്മപുരത്തെ തീപിടിത്തം നിയന്ത്രിക്കാൻ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിനു കീഴിലുള്ള തിരുവനന്തപുരത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയുടെ (എൻഐഐഎസ്ടി) പരിസ്ഥിതി– സാങ്കേതിക വിഭാഗം പഠനം നടത്തും. 2019 ഫെബ്രുവരിയിലും 2020ലുമായുണ്ടായ തീപിടിത്തങ്ങൾക്കുശേഷം വായുവിലെ രാസവിഷ അളവ് 50 മടങ്ങ് വർധിച്ചതായി എൻഐഐഎസ്ടിയുടെ പഠനങ്ങളിൽ വെളിപ്പെട്ടിരുന്നു.

English Summary: Brahmapuram waste plant fire extinction in the right manner says Newyork city fire department deputy chief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com