സർക്കാർഭൂമി സ്വകാര്യ പദ്ധതിക്ക്: തുടക്കം ‘സോൺട’യിൽ
Mail This Article
കോഴിക്കോട് ∙ വേസ്റ്റ് ടു എനർജി പദ്ധതിയിൽ മാലിന്യസംസ്കരണ പ്ലാന്റുകൾ നിർമിക്കാൻ സോൺട ഇൻഫ്രാടെക്കിന് നൽകിയ കരാർ, ഫലത്തിൽ സർക്കാർ ഭൂമി കമ്പനിക്കു വിട്ടുകൊടുക്കാനുള്ള വ്യവസ്ഥകൾ ചേർത്ത്. ഈ ഭൂമി പണയപ്പെടുത്തി ഇവർക്കു പ്ലാന്റ് നിർമാണത്തിനുള്ള പണം കണ്ടെത്താം. പുതുതായി കൊണ്ടുവന്ന ഈ മാതൃക സർക്കാർ പിന്നീടു വേറെയും പദ്ധതികളിലേക്കു പകർത്തി. പാട്ടവ്യവസ്ഥകളിൽ ഇളവു നൽകി ഭൂമി ക്രയവിക്രയം നടത്താനുള്ള അനുമതിയാണു നൽകുന്നത്. വിദേശ മലയാളികളുടെ കമ്പനിക്കു വഴിയോര വിശ്രമ കേന്ദ്രങ്ങൾ നിർമിക്കാൻ അനുമതി നൽകിയ പദ്ധതിയിലും ഭൂമി കൈമാറാൻ ഉദാഹരിച്ചത് വേസ്റ്റ് ടു എനർജി പദ്ധതിയുടെ മാതൃകയായിരുന്നു.
കോഴിക്കോട് കോർപറേഷനിൽ പദ്ധതി നടപ്പാക്കാനുള്ള കരാർ നൽകുമ്പോൾ സോൺട കമ്പനി രൂപീകരിച്ച് 5 വർഷം പോലുമായിരുന്നില്ല. പ്ലാന്റ് നിർമാണത്തിനുള്ള തുക കണ്ടെത്തേണ്ടതു കമ്പനിയാണ്. പക്ഷേ, ഇതിനായി മാലിന്യ സംസ്കരണകേന്ദ്രം സ്ഥിതി ചെയ്യുന്ന സർക്കാർഭൂമി പണയം വയ്ക്കാമെന്ന വ്യവസ്ഥയോടെയാണു കരാർ ഉണ്ടാക്കിയത്. ഈ രീതിയെ പല തദ്ദേശ സ്ഥാപനങ്ങളും എതിർത്തിരുന്നെങ്കിലും സർക്കാർ ഇടപെടലിൽ കരാർ ഉറപ്പിച്ചു. കോഴിക്കോടിനു പുറമേ കൊച്ചി, കൊല്ലം, കണ്ണൂർ കോർപറേഷനുകളിലും കമ്പനിക്കു കരാർ ലഭിച്ചു. എന്നാൽ കരാർ നൽകിയ ഒരിടത്തു പോലും സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കിയിട്ടില്ല. കേരളത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ 400 കോടിയോളം രൂപയുടെ മാലിന്യസംസ്കരണ പ്ലാന്റ് നിർമാണ പദ്ധതികൾക്കാണ് ഈ കമ്പനിക്കു കരാർ നൽകിയത്.
2019 മേയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ് അടക്കമുള്ള ഉന്നതതലസംഘം ജനീവയിൽ മാലിന്യത്തിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റ് സന്ദർശിച്ചിരുന്നു. സംഘം തിരിച്ചെത്തിയ ഉടൻ സമാന പദ്ധതി സംസ്ഥാനത്തും പ്രഖ്യാപിച്ചു. 2 മാസത്തിനുള്ളിൽ സോൺട ഇൻഫ്രാടെക്കിനെ കോഴിക്കോട്ടെ പദ്ധതി നടത്തിപ്പിനായി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ (കെഎസ്ഐഡിസി) ടെൻഡറിലൂടെ തിരഞ്ഞെടുത്തു. തിരുനെൽവേലിയിൽ മാലിന്യ സംസ്കരണം നടത്തിയെന്ന മുൻപരിചയ സാക്ഷ്യപത്രം ഇതിനായി കമ്പനി ഹാജരാക്കി.
2014 ലാണ് എൽഡിഎഫ് മുൻ കൺവീനർ വൈക്കം വിശ്വന്റെ മരുമകൻ രാജ്കുമാർ ചെല്ലപ്പൻ പിള്ള കമ്പനിയുടെ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റത്. 2016 ൽ ഇദ്ദേഹത്തിന്റെ സഹോദരൻ രാജ്കിഷോറും ഡയറക്ടറായി. ഇവരെക്കൂടാതെ 3 പേർ കൂടി കമ്പനി ഡയറക്ടർമാരാണ്. റജിസ്ട്രേഷൻ വിവരങ്ങൾ പ്രകാരം പ്രവർത്തന മൂലധനം 17.22 ലക്ഷം രൂപയാണ്. ബെംഗളൂരുവിലാണ് ആസ്ഥാനം. കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം കമ്പനിയുടെ ഏറ്റവും അവസാനത്തെ വാർഷിക പൊതുയോഗം നടത്തിയിരിക്കുന്നത് 2021 നവംബറിലാണ്. ബാലൻസ് ഷീറ്റ് അവസാനം ഫയൽ ചെയ്തതും 2 വർഷം മുൻപാണ്. കോഴിക്കോട് കോർപറേഷനിൽ നൽകിയ കരാർ 4 വർഷമായിട്ടും പൂർത്തിയാക്കാനായില്ല. വീണ്ടും നീട്ടിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടു കത്തു നൽകിയിരിക്കുകയാണ്. കണ്ണൂരിൽ കരാർ റദ്ദാക്കി.
പരിസ്ഥിതി സംരക്ഷണം പ്രവർത്തന മേഖല!
ബെംഗളൂരു ∙ മാലിന്യ സംസ്കരണം ഉൾപ്പെടെ പരിസ്ഥിതി സംരക്ഷണരംഗത്തു പ്രവർത്തിക്കുന്ന അസെറ്റ് മാനേജ്മെന്റ് കമ്പനിയായ സോൺട ഗ്രൂപ്പിന്റെ ബെംഗളൂരു ഓഫിസ് മ്യൂസിയം റോഡ് റിലയബിൾ ഫീനിക്സ് ടവറിന്റെ ഒന്നാം നിലയിലാണ്. ഗ്രൂപ്പിനു കീഴിലുള്ള സോൺട ഇൻഫ്രാടെക്, സോൺട ബൗവർ, എഡ്ജ് വാഴ്സിറ്റി ലേണിങ് സിസ്റ്റംസ് തുടങ്ങിയ സ്ഥാപനങ്ങളുടെ ബോർഡുകളും ഇവിടെ ഉണ്ട്. 2010 ൽ സ്ഥാപിതമായ കമ്പനിയാണെന്ന് വെബ്സൈറ്റിൽ അവകാശപ്പെടുന്നു.
English Summary : Zonta infrotech issue