ADVERTISEMENT

തളിപ്പറമ്പ്∙ സ്വപ്നയ്ക്കും വിജേഷ് പിള്ളയ്ക്കും എതിരെ സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. മാർച്ച് 9നു ഫെയ്സ്ബുക് ലൈവിലൂടെ സ്വപ്ന സുരേഷ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പൊതുജന മധ്യത്തിൽ അപമാനിച്ചെന്നാണു പരാതി. 2ാം പ്രതിയായ വിജേഷ് പിള്ള സ്വപ്നയെ സമീപിച്ച് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങൾ പിൻവലിച്ചാൽ 30 കോടി രൂപ നൽകാമെന്ന് എം.വി.ഗോവിന്ദൻ അറിയിച്ചിട്ടുണ്ടെന്നും ആരോപണങ്ങൾ പിൻവലിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും പറഞ്ഞതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ ആരോപണങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി എം.വി.ഗോവിന്ദൻ ഇവർക്കെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടിസ് അയച്ചിട്ടുണ്ട്. 

സ്വപ്നയുടെയും  വിജേഷ് പിള്ളയുടെയും നടപടികൾ സംശയാസ്പദമാണ്. മുഖ്യമന്ത്രി പിണറായി വിജയനും എം.വി.ഗോവിന്ദനും എതിരെ ഇത്തരത്തിൽ ആരോപണമുന്നയിക്കാൻ സാമൂഹിക വിരുദ്ധ ശക്തികളുടെ വൻ ഗൂഢാലോചന നടന്നിട്ടുണ്ട്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മുൻ മന്ത്രിമാർക്കും എതിരെ സ്വപ്ന തുടർച്ചയായി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുകയാണെന്നും ആരോപിച്ചു.   

 

വിജേഷ് പിള്ളയെ ചോദ്യംചെയ്ത് ബെംഗളൂരു പൊലീസ്

ബെംഗളൂരു∙ സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ആക്‌ഷൻ ഒടിടി പ്ലാറ്റ്ഫോം സിഇഒ വിജേഷ് പിള്ളയെ രാത്രി വൈകിയും ബെംഗളൂരു പൊലീസ് ചോദ്യം ചെയ്യുന്നു. വാട്സാപ്പിൽ സമൻസ് ലഭിച്ചതിനെത്തുടർന്ന് രാവിലെ 11നാണ് മഹാദേവപുര സ്റ്റേഷനിൽ ഹാജരായത്. വൈകിട്ട് 6 മണിയോടെ സ്വപ്നയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തെങ്കിലും സ്വപ്നയെ പിന്നീട് വിട്ടയച്ചു. 

സ്വർണക്കടത്തു കേസിലെ ആരോപണങ്ങളിൽ നിന്നു പിന്മാറിയില്ലെങ്കിൽ വകവരുത്തുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നിർദേശപ്രകാരമാണിതെന്നും വിജേഷ് പറഞ്ഞെന്നായിരുന്നു സ്വപ്നയുടെ പരാതി. 

 

എം.ശിവശങ്കർ ആശുപത്രി വിട്ടു

കൊച്ചി∙ ലൈഫ് മിഷൻ കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ചികിത്സ പൂർത്തിയാക്കി ആശുപത്രി വിട്ടു. കാൽമുട്ടിനു ശസ്ത്രക്രിയ ആവശ്യമുണ്ടെന്നും അതിന്റെ തലേദിവസം വീണ്ടും ആശുപത്രിയിലെത്തണമെന്നും ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ ബന്ധുക്കളുമായി കൂടിയാലോചിച്ച ശേഷം ഇക്കാര്യം തീരുമാനിക്കാമെന്നു ശിവശങ്കർ അറിയിച്ചു. കഴിഞ്ഞ 11നാണ് ശിവശങ്കറിനെ എറണാകുളം ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

English summary: Taliparamba police register case against Swapna and Vijesh

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com