വിവേകാനന്ദ സ്മരണയിൽ രാഷ്ട്രപതി
Mail This Article
കന്യാകുമാരി ∙ ഇതിഹാസ കവി തിരുവള്ളുവരുടെ കൂറ്റൻ പ്രതിമ സ്ഥാപിച്ചിരിക്കുന്ന തുരുത്തിലേക്കു രാഷ്ട്രപതി ദ്രൗപദി മുർമുവിന് സന്ദർശനം നിശ്ചയിച്ചിരുന്നില്ല. എങ്കിലും തൊട്ടടുത്തുള്ള വിവേകാനന്ദ സ്മാരകം കുടികൊള്ളുന്ന പാറയിലേക്കു തിരിക്കും മുൻപ്, ആകാശത്തേക്ക് ഉയർന്നു നിൽക്കുന്ന തിരുവള്ളുവരുടെ ശിൽപത്തെ രാഷ്ട്രപതി ആദരവോടെ നോക്കി. കൈപ്പടം നെഞ്ചോട് ചേർത്ത് മഹാപുരുഷന് ഒരു നിമിഷത്തെ പ്രാർഥനാഞ്ജലി.
രാജ്യത്തിന്റെ തെക്കേയറ്റത്ത് തിരമാലകൾക്കൊപ്പം ആത്മീയതയും അലയടിച്ചു നിൽക്കുന്ന കന്യാകുമാരിയിൽ ആദ്യമായി എത്തിയതിന്റെ പ്രശാന്തത ദ്രൗപദി മുർമുവിന്റെ മുഖത്തുണ്ടായിരുന്നു. 131 വർഷങ്ങൾക്കു മുൻപ് സ്വാമി വിവേകാനന്ദൻ മൂന്നു സമുദ്രങ്ങളും കൂടിച്ചേർന്നുള്ള കടലാഴം സാഹസികമായി നീന്തിക്കടന്ന് പാറക്കെട്ടിലെത്തിയതിന്റെ സ്മരണകൾ മനസ്സിലൂടെ കടന്നുപോയെന്നുറപ്പ്. അതിനു തെളിവായി സ്മാരകത്തിലെ സന്ദർശക ഡയറിയിൽ അവർ കുറിച്ച ഈ വാക്കുകൾ: ‘സ്വാമി വിവേകാനന്ദൻ, തന്റെ വലിയ ദൗത്യത്തിന്റെ തുടക്കം കുറിച്ച ഈ മന്ദിരത്തിൽ എത്തിയത് ജീവിതത്തിലെ അനുഗ്രഹവും ഭാഗ്യവുമായി കരുതുന്നു. വലിയ പ്രചോദനമാണ് ഈ ഇടം നൽകുന്നത്. മനോഹരമായ സ്മാരകമന്ദിരം നിർമിക്കുന്നതിന് പരിശ്രമിച്ച ഏകനാഥ് റാനഡെയെ പ്രത്യേകം ഓർമിക്കുന്നു’.
തിരുവനന്തപുരത്ത് നിന്ന് രാവിലെ 9.10ഓടെയാണ് നാവികസേനയുടെ 3 പ്രത്യേക ഹെലികോപ്റ്ററുകളിലായി രാഷ്ട്രപതിയും സംഘവും കന്യാകുമാരിയിലെത്തിയത്. ഗെസ്റ്റ് ഹൗസിലെ ഹെലിപാഡിലിറങ്ങിയ രാഷ്ട്രപതിയെ ഗവർണർ ആർ.എൻ.രവി, മന്ത്രി ടി.മനോതങ്കരാജ്, കലക്ടർ പി.എൻ.ശ്രീധർ എന്നിവർ ചേർന്ന് രാഷ്ട്രപതിയെ വരവേറ്റു.
വിവേകാനന്ദ പാറയിലേക്ക് പോകുന്നതിനായി പ്രത്യേക സുരക്ഷാ സജ്ജീകരണങ്ങളുമായി ‘എംഎൽ വിവേകാനന്ദ’ എന്ന ബോട്ട് തയാറായിരുന്നു.
വിവേകാനന്ദ പാറയിലെത്തിയ രാഷ്ട്രപതി കുടുംബാംഗങ്ങൾക്കൊപ്പം ബഗ്ഗി വാഹനത്തിൽ സ്മാരക മന്ദിരത്തിലെത്തി. വിവേകാനന്ദന്റെ പൂർണകായ ശിൽപത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി വന്ദിച്ചു. വിവേകാനന്ദ സ്മാരക മന്ദിരത്തിൽ നിന്ന് തിരുവള്ളുവർ പ്രതിമ രാഷ്ട്രപതി അടുത്തു കണ്ടു. ഒരു മണിക്കൂറോളം ചെലവഴിച്ച ശേഷമാണ് രാഷ്ട്രപതി മടങ്ങിയത്.
തുടർന്ന് വിവേകാനന്ദ കേന്ദ്രത്തിലേക്കായിരുന്നു യാത്ര. സ്ഥാപനത്തിന്റെ ഡയറക്ടർ എ.ബാലകൃഷ്ണൻ കേന്ദ്രത്തിന്റെ ലോഗോ പതിച്ച ശിൽപം സമ്മാനിച്ച് രാഷ്ട്രപതിയെ സ്വീകരിച്ചു. രാമായണത്തിലെ വിവിധ കഥാ സന്ദർഭങ്ങളെ 108 പാനലുകളിലായി ചിത്രീകരിച്ചത് രാഷ്ട്രപതി കൗതുകത്തോടെ വീക്ഷിച്ചു. തുടർന്ന് ഭാരത്‌മാതാ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
ദ്രൗപദി മുർമു ലക്ഷദ്വീപിലേക്ക്
തിരുവനന്തപുരം ∙ മൂന്നു ദിവസത്തെ കേരള സന്ദർശത്തിനു ശേഷം രാഷ്ട്രപതി ദ്രൗപദി മുർമു ലക്ഷദ്വീപിലേക്ക് പോയി. ഇന്നലെ രാവിലെ കന്യാകുമാരി സന്ദർശിച്ച രാഷ്ട്രപതി ഉച്ചയോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തി ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് ലക്ഷദ്വീപിലേക്കു തിരിച്ചത്.
ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി വി.പി.ജോയ്, സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് തുടങ്ങിയവർ രാഷ്ട്രപതിയെ യാത്രയാക്കാൻ എത്തിയിരുന്നു.
ലക്ഷദ്വീപ് സന്ദർശനത്തിനു ശേഷം 21നു 12.30നു കൊച്ചിയിൽ മടങ്ങി എത്തുകയും അവിടെ നിന്നു മറ്റൊരു വിമാനത്തിൽ 12.45നു ഡൽഹിയിലേക്ക് പോകുകയും ചെയ്യും.
English Summary: President Droupadi Murmu visits Kanyakumari