ADVERTISEMENT

തിരുവനന്തപുരം∙ പൂച്ചയ്ക്കാരു മണികെട്ടുമെന്നു നിയമസഭയിൽ സ്പീക്കർ എ.എൻ.ഷംസീർ. മണി കെട്ടാൻ ചെയർ തയാറാണെന്നും അങ്ങനെ ചെയ്യുമ്പോൾ ആക്ഷേപിക്കാനും വ്യക്തിഹത്യ നടത്താനും വരുന്നതു ശരിയല്ലെന്നും സ്പീക്കർ പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധം മൂലം നിയമസഭാ നടപടികൾ തുടർച്ചയായി തടസ്സപ്പെടുന്നതിനോടായിരുന്നു സഭയിൽ സ്പീക്കറുടെ പ്രതികരണം. സഭയുടെ നടുത്തളത്തിൽ പ്രതിപക്ഷത്തെ 5 എംഎൽഎമാർ അനിശ്ചിതകാല സത്യഗ്രഹം പ്രഖ്യാപിച്ചതാണു സ്പീക്കറെ പ്രകോപിപ്പിച്ചത്. 

പ്രതിപക്ഷ പ്രതിഷേധം ഇന്നലെ പ്രതീക്ഷിച്ചതാണെങ്കിലും അതിന്റെ രീതി എന്തെന്നതിൽ ഭരണപക്ഷത്തിനാകെ ഉദ്വേഗമുണ്ടായിരുന്നു. ചോദ്യോത്തരവേളയ്ക്കു സ്പീക്കർ എത്തിയപ്പോൾ തന്നെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എഴുന്നേറ്റ് സഭയിലെ സത്യഗ്രഹ തീരുമാനം പ്രഖ്യാപിച്ചു. അൻവർ സാദത്ത്, ടി.ജെ.വിനോദ്, കുറുക്കോളി മൊയ്തീൻ, ഉമ തോമസ്, എ.കെ.എം.അഷ്റഫ് എന്നിവർ നടുത്തളത്തിലിരുന്നു. ഇവർക്ക് ഐക്യദാർഢ്യവുമായി മറ്റു ചില എംഎൽഎമാരും ഒപ്പമിരുന്നു. 

ചോദ്യങ്ങൾക്കു മന്ത്രി അഹമ്മദ് ദേവർകോവിൽ മറുപടി പറഞ്ഞുതുടങ്ങിയപ്പോഴേക്കും സഭയുടെ നടുത്തളത്തിൽ നിരാഹാരമോ, സത്യഗ്രഹമോ പ്രഖ്യാപിക്കുന്നതു സഭാ ചട്ടം അനുവദിക്കുന്നില്ലെന്ന വാദവുമായി മന്ത്രി കെ.രാജൻ എഴുന്നേറ്റു. സമാന്തര സഭ ചേർന്നതിനെതിരെ റൂളിങ് നൽകിയിട്ടും അതേ രീതി ആവർത്തിക്കുകയാണെന്നു സ്പീക്കർ പറഞ്ഞു. സ്പീക്കറോ മുഖ്യമന്ത്രിയോ ചർച്ച ചെയ്തു തീർക്കാത്തതെന്താണെന്നായിരുന്നു പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ചോദ്യം. കാര്യോപദേശക സമിതിക്കു വിളിച്ചിട്ടു പ്രതിപക്ഷം വന്നില്ലെന്നായി സ്പീക്കർ. ഇതിനിടെ ക്രമപ്രശ്നം സൂചിപ്പിച്ചു മന്ത്രി എം.ബി.രാജേഷ് എഴുന്നേറ്റു. പഴയൊരു റൂളിങ് ആണു രാജേഷ് തിരഞ്ഞതെങ്കിലും കയ്യിൽകിട്ടിയ പുസ്തകത്തിൽ അതു കണ്ടെത്താനാകാഞ്ഞതോടെ ഇരുന്നു. ചോദ്യോത്തരവേള തുടരുന്നതിനിടെ രാജേഷിനു രേഖ കിട്ടി. 1990 ജൂലൈ 13നു നിയമസഭയിൽ സ്പീക്കർ നടത്തിയ റൂളിങ്ങാണു രാജേഷ് ഉന്നയിച്ചത്. പ്രതിപക്ഷം സ്പീക്കർക്കെതിരെ പത്രപ്രസ്താവന നടത്തിയതു ജനാധിപത്യ ചരിത്രത്തിൽ ഉണ്ടാകാത്ത നടപടിയാണെന്ന, അന്നത്തെ റൂളിങ് മന്ത്രി വായിച്ചു. 

ഈ സമയത്തെല്ലാം പ്രതിപക്ഷത്തോടു സീറ്റിലേക്കു മടങ്ങാൻ സ്പീക്കർ ആവശ്യപ്പെടുന്നുണ്ടായിരുന്നു. സഭയിൽ വിളിച്ച മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നെങ്കിൽ സഭയിൽ ഇരിക്കാൻ കഴിയാത്തവിധമുള്ള അച്ചടക്ക നടപടിയിലേക്കു പോകാൻ കഴിയുമായിരുന്നു. അതു ചെയ്തില്ലെന്നും ഓർമിപ്പിച്ചു. 

ഭരണപക്ഷത്തുനിന്നു ചോദ്യമുന്നയിച്ച എംഎൽഎമാരെല്ലാം പ്രതിപക്ഷ സമരത്തെ വിമർശിച്ചു. പുലിവാല് പിടിച്ച നിലയിലാണ് പ്രതിപക്ഷമെന്ന് കെ.ബി.ഗണേഷ്കുമാർ പരിഹസിച്ചു. വാൽ വിട്ടാൽ പുലി തിന്നും എന്നതുപോലെ പ്രതിഷേധം നിർത്തിയാൽ മാധ്യമങ്ങൾ കളിയാക്കുമെന്നു ഗണേഷ് പറഞ്ഞു. മറുപടിയായി മുദ്രാവാക്യം വിളി തുടർന്നതല്ലാതെ പ്രതിപക്ഷം പ്രകോപനത്തിനോ വാക്കേറ്റത്തിനോ മുതിർന്നില്ല. അന്തരിച്ച മുൻ എംഎൽഎ സി.പി.കുഞ്ഞുവിനു ചരമോപചാരം അർപ്പിക്കുന്ന സമയത്ത് സീറ്റിലേക്കു മടങ്ങാനുള്ള സ്പീക്കറുടെ അഭ്യർഥന പ്രതിപക്ഷാംഗങ്ങൾ മാനിച്ചു. എന്നാൽ ചരമോപചാരം കഴിഞ്ഞയുടൻ തിരികെ നടുത്തളത്തിലെത്തി. സഭ അനിശ്ചിതകാലത്തേക്കു പിരിയണമെന്ന പ്രമേയം 10.23നു മുഖ്യമന്ത്രി അവതരിപ്പിച്ചു. 

∙ ‘ഇപ്പോൾ നടക്കുന്നതുപോലെയുള്ള ഒരു പ്രതിഷേധവും ഇതുവരെ ഈ നിയമസഭയിലുണ്ടായിട്ടില്ല’ – മന്ത്രി വി.ശിവൻകുട്ടി 

English Summary : Speaker AN Shamseer and UDF unexpected move 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com