വേനൽമഴയിൽ 99% കുറവ്; ജലക്ഷാമം രൂക്ഷമായേക്കും
Mail This Article
തിരുവനന്തപുരം∙ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വേനൽമഴയിൽ 99% കുറവ്. വേനൽമഴ കാര്യമായി ലഭിച്ചിട്ടില്ല. സ്ഥിതി തുടർന്നാൽ ജലക്ഷാമം രൂക്ഷമാകാനാണ് സാധ്യത. ഏപ്രിൽ, മേയ് മാസങ്ങളിൽ വേനൽമഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മഴക്കുറവ് പതിവാണെന്നു കാലാവസ്ഥാ വകുപ്പ് പറയുന്നു. ഏപ്രിൽ–മേയ് മാസങ്ങളിൽ 15–20 സെന്റീമീറ്റർ വരെ മഴ ലഭിക്കും. കാലവർഷത്തിൽ 200– 225 സെന്റീമീറ്റർ വരെയും തുലാവർഷത്തിൽ 60–70 സെന്റീമീറ്റർ വരെയും മഴ ലഭിക്കുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്.
കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ ഏപ്രിലിൽ വേനൽമഴ ലഭിക്കുന്നുണ്ടെന്നു ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ജനകീയ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് 94 ഗ്രാമപ്പഞ്ചായത്തുകളിൽ നടത്തിയ ജലബജറ്റിൽ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തെ കണക്കുകൾ പരിശോധിച്ചതിലൂടെയാണ് ഈ നിഗമനത്തിലെത്തിയതെന്നും ജലബജറ്റിൽ ചൂണ്ടിക്കാട്ടി.
24, 25 തീയതികളിൽ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് 24, 25 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ കാർമേഘം കണ്ടു തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കണം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി.
English Summary: Decrase in summer rain