പ്രാർഥനാലാപനത്തോടെ അജഗണങ്ങളുടെ വിലാപയാത്ര; നല്ലിടയന് പ്രണാമം
Mail This Article
ചങ്ങനാശേരി ∙ വെൺനുര പോലെ നിറഞ്ഞൊഴുകി വൈദികരും സന്യസ്തരും വിശ്വാസികളും. അവർക്കു നടുവിൽ വെൺപൂക്കൾക്കു മധ്യേ സ്വർണനിറമാർന്ന തിരുവസ്ത്രമണിഞ്ഞ് നിത്യനിദ്രയിൽ മാർ ജോസഫ് പൗവത്തിൽ. വിലാപയാത്രയിൽ അജഗണങ്ങൾ പ്രാർഥനാലാപനത്തോടെ നിരത്തു നിറഞ്ഞു നീങ്ങി. ക്രമേണ നഗരം ഒരു ജനസാഗരമായി നല്ലിടയനു യാത്രാമൊഴിയേകാൻ മെത്രാപ്പൊലീത്തൻ ദേവാലയത്തിലേക്ക് ഒഴുകിയെത്തി.
സിറോ മലബാർ സഭ സീനിയർ ബിഷപ്പും ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പുമായ മാർ ജോസഫ് പൗവത്തിലിന് അണമുറിയാതെത്തി വിശ്വാസിസമൂഹം അന്ത്യാഞ്ജലി അർപ്പിച്ചു. ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഭൗതികശരീരം ചങ്ങനാശേരി അതിരൂപതാ ആസ്ഥാനത്തെ അരമനയിൽ ഇന്നലെ രാവിലെ ആറരയ്ക്കെത്തിച്ചു.
തുടർന്നു ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാർമികത്വത്തിൽ കുർബാനയും കബറടക്ക ശുശ്രൂഷയുടെ ആദ്യഭാഗവും നടത്തി. സഭയ്ക്കു വേണ്ടി ജീവിച്ച വ്യക്തിയായിരുന്നു മാർ പൗവത്തിലെന്നും സഭാത്മക ജീവിതത്തിന്റെ അന്തഃസത്തയും അർഥപൂർണതയും ജീവിതം കൊണ്ട് അദ്ദേഹം സാക്ഷ്യപ്പെടുത്തിയതായും പ്രസംഗത്തിൽ മാർ പെരുന്തോട്ടം പറഞ്ഞു.
തുടർന്നായിരുന്നു വിലാപയാത്ര. ഏറ്റവും മുന്നിൽ മരക്കുരിശും തിരിക്കാലുകളും. സ്വർണക്കുരിശുകളും വെള്ളിക്കുരിശുകളും അതിനു പിന്നാലെ നിരന്നു. ചങ്ങനാശേരി ഫൊറോനയിൽ നിന്നുള്ള വിശ്വാസികളാണു മുൻനിരയിലുണ്ടായിരുന്നത്.
മാർ പൗവത്തിലിന്റെ മാതൃഇടവക ഉൾപ്പെടുന്ന കുറുമ്പനാടം ഫൊറോനക്കാർ ഏറ്റവും പിന്നിൽ അണിനിരന്നു. വൈദിക വിദ്യാർഥികൾ, സന്യാസിനികൾ, വൈദികർ എന്നിവർ പ്രാർഥനകളോടെ ഒപ്പം ചേർന്നു. നടുവിൽ മാർ ജോസഫ് പൗവത്തിലിന്റെ ഭൗതിക ശരീരം വഹിച്ചുള്ള ചില്ലിട്ട പ്രത്യേക വാഹനം നീങ്ങി. അതിരൂപതയിലെ 250 ഇടവകകളിൽ നിന്നുള്ള വൈദികരും സന്യസ്തരും വിശ്വാസികളുമാണു വിലാപയാത്രയിൽ പങ്കെടുത്തത്.
കത്തീഡ്രൽ വികാരി ഫാ. ഡോ.ജോസ് കൊച്ചുപറമ്പിലിന്റെയും കൈക്കാരന്മാരുടെയും നേതൃത്വത്തിലാണ് ആദ്യമായി ആദരാഞ്ജലികൾ അർപ്പിച്ചത്. തുടർന്നു സഹായമെത്രാൻ തോമസ് തറയിൽ ഒപ്പീസ് അർപ്പിച്ചു. തുടർന്നു സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും വിശ്വാസികളും നിരനിരയായെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. ഇന്നു രാവിലെ 9 വരെ ആദരം അർപ്പിക്കാൻ അവസരമുണ്ടാകും. തുടർന്നാകും രണ്ടാംഘട്ട കബറടക്ക ശുശ്രൂഷകൾ ആരംഭിക്കുക.
English Summary : Mar Joseph Powathil funeral- Updates