രക്തബന്ധം മറന്ന് അരുംകൊല; കവർച്ച ലക്ഷ്യമിട്ട് വീട്ടിൽക്കയറി, ഒടുവിൽ ഇരട്ടക്കൊലപാതകം
Mail This Article
കാഞ്ഞിരപ്പള്ളി ∙ മണിമലയാറിന്റെ ഇരുകരകളിലും സ്ഥിതി ചെയ്യുന്ന പഴയിടം ഗ്രാമം. അധ്വാനിച്ചു സ്വസ്ഥജീവിതം നയിക്കുന്ന ഗ്രാമവാസികൾ. തീമ്പനാൽ (ചൂരപ്പാടിയിൽ) എൻ.ഭാസ്കരൻ നായരും ഭാര്യ തങ്കമ്മയും വീടിനുള്ളിൽ കൊല്ലപ്പെട്ടു കിടക്കുന്ന കാഴ്ച കണ്ടാണ് 2013 ഓഗസ്റ്റ് 28നു നാടുണർന്നത്. ഒരു തെളിവും അവശേഷിപ്പിക്കാതെ ബന്ധു നടത്തിയ കൊലപാതകം. സത്യത്തിന്റെ അദൃശ്യകരം പ്രതിയിൽ നിന്നു തന്നെ തുമ്പുണ്ടാക്കിയ കേസിന്റെ വിധിയാണ് 10 വർഷത്തിനു ശേഷം ഇന്നലെ ഉണ്ടായത്.
തുടർച്ചയായി മോഷണം; ഇടയ്ക്ക് കൊലപാതകം
∙ ബെംഗളൂരുവിലെയും കേരളത്തിലെയും വിവിധ കമ്പനികളിലായി ജോലി ചെയ്തെങ്കിലും ഒരിടത്തും സ്ഥിരമാകാതെ വന്നതോടെയാണ് അരുൺ നാട്ടിൽ നിൽക്കാൻ തീരുമാനിച്ചത്. തന്റെ കാർ അപകടത്തിൽ പെട്ടതോടെ പുതിയ കാർ വാങ്ങാൻ നിശ്ചയിച്ചു. ഇതിനുള്ള പണം സ്വന്തം വീട്ടിൽ ചോദിച്ചെങ്കിലും ലഭിച്ചില്ല. തുടർന്നാണു മോഷണം നടത്താനിറങ്ങിയത്.
കൊലപാതകത്തിനു 3 മാസം മുൻപ് ആദ്യമോഷണം. അച്ഛന്റെ മറ്റൊരു സഹോദരിയുടെ മാല മോഷ്ടിച്ചു. മോഷ്ടാവിനെ തിരയാൻ അരുണും അന്നു നാട്ടുകാർക്കൊപ്പം കൂടിയിരുന്നു. പിന്നീടു പഴയിടത്തെത്തി അമ്മായിയെയും ഭർത്താവിനെയും കൊലപ്പെടുത്തി സ്വർണം കവർന്നു. അതിനുശേഷം കഞ്ഞിക്കുഴിയിൽ മാലമോഷണത്തിനിടെ പിടിക്കപ്പെട്ടപ്പോൾ കുറ്റകൃത്യങ്ങൾ ഓരോന്നായി പുറത്തായി. കൊലപാതകം നടന്ന അന്നു രാവിലെയും അരുൺ മാല മോഷ്ടിക്കാൻ ശ്രമിച്ചതായി പൊലീസ് കണ്ടെത്തി. വാഴൂരിൽ ഒരു യുവതിയെ തടഞ്ഞു നിർത്തിയെങ്കിലും ഇവർ ബഹളം വച്ചതോടെ കടന്നുകളയുകയായിരുന്നു.
ബൈക്കിലെ രക്തക്കറ നിർണായക തെളിവ്
∙ ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം അരുൺ സ്വന്തം വീട്ടിലെത്തുമ്പോൾ അച്ഛൻ വീടിന്റെ ഉമ്മറത്ത് ഇരിക്കുന്നുണ്ടായിരുന്നു. അച്ഛൻ ഉറങ്ങിയില്ലെന്നു തിരിച്ചറിഞ്ഞ അരുൺ ഇരുട്ടിൽ മറഞ്ഞുനിന്നു. തുടർന്നു കുളിച്ചിട്ട് അകത്തേക്കു വരാം, പോയി കിടന്നോളൂ എന്ന് അച്ഛനോടു വിളിച്ചു പറഞ്ഞു.
വീടിന്റെ പിൻവശത്തെ കുളിമുറിയിലെത്തി വസ്ത്രങ്ങൾ കഴുകി രക്തക്കറ മാറ്റി. തുടർന്നു വീട്ടുകാർ ഉറങ്ങി എന്നുറപ്പാക്കിയ ശേഷം കുളിമുറിയിലെ രക്തക്കറ കഴുകി വൃത്തിയാക്കി. കുളിമുറിയിലും അരുണിന്റെ ബൈക്കിലും കണ്ടെത്തിയ രക്തക്കറകൾ കേസിൽ നിർണായക തെളിവായി. കൊലപാതകം നടന്ന വീട്ടിൽ നിന്നു മോഷ്ടിച്ചുവിറ്റ 57 ഗ്രാം സ്വർണം വിവിധ ജ്വല്ലറികളിൽ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തതും തെളിവായി.
പ്രതിയുടെ വിരലടയാളം ഒരിടത്തു മാത്രം
∙ കൊലപാതക തയാറെടുപ്പുകളുടെ ഭാഗമായി അരുൺ, ഭാസ്കരൻ നായരുടെ വീട്ടിലേക്കുള്ള ഫോൺ കണക്‌ഷൻ രാത്രി വിഛേദിച്ചു. വീട്ടുമുറ്റത്തെ ബൾബ് ഊരി മാറ്റി. പിന്നീടു രാത്രി എത്തി കോളിങ് ബെൽ അമർത്തി. ഭാസ്കരൻ നായർ എത്തി കതകു തുറന്നതോടെ അരുൺ അകത്തുകയറുകയായിരുന്നു. രണ്ടാം നിലയിൽ നിന്ന് ഊരിയ മാറ്റിയ ബൾബിൽ മാത്രമാണ് അരുണിന്റെ വിരലടയാളം പൂർണമായി പതിഞ്ഞിരുന്നത്.
ഇംഗ്ലിഷ് സിനിമകളുടെ ഒട്ടേറെ സിഡികളും ഡിവിഡികളും ഇയാൾ വാങ്ങിയിരുന്നതായി പൊലീസ് കണ്ടെത്തി. കുറ്റാന്വേഷണ സിനിമകളാണ് ഇയാൾ കണ്ടിരുന്നതിൽ ഏറെയും. മൃതദേഹത്തിലും മുറിയിലും അരിപ്പൊടിയും മഞ്ഞൾപ്പൊടിയും വിതറിയതും കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം മദ്യത്തിൽ കഴുകിയതും സിനിമയിൽ നിന്നു ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിലാണെന്നാണു പൊലീസ് കണ്ടെത്തൽ.
വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ട ഫയൽ
കോട്ടയം ∙ ‘‘വെള്ളപ്പൊക്കത്തിൽ ഫയലുകളെല്ലാം നശിച്ചു. കേസിന്റെ വിസ്താരത്തിനു ഹാജരാകണമെങ്കിൽ ഫയൽ ഫഠിക്കണം. ഇത്രയധികം ടെൻഷൻ അനുഭവിച്ച കാലയളവില്ല. എങ്കിലും എല്ലാം ഭംഗിയായി കലാശിച്ചു’’ – കോടതിവിധി കേൾക്കാനെത്തിയ പഴയിടം ഇരട്ടക്കൊലക്കേസ് അന്വേഷിച്ച അന്നത്തെ മണിമല സിഐ എസ്.അശോക് കുമാറിന്റെ പ്രതികരണം ഇതായിരുന്നു.
അശോക് കുമാർ 2019ൽ ഡിവൈഎസ്പിയായി വിരമിച്ചു. മണിമല സ്റ്റേഷനിലായിരുന്നു കേസിന്റെ ഫയലുകൾ. 2019ലെ വെള്ളപ്പൊക്കത്തിൽ സ്റ്റേഷനിലെ ഫയലുകൾ നശിച്ചു. വിസ്താരത്തിന്റെ നാളുകൾ അടുത്തതോടെ ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയോടെ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഓഫിസിൽ സൂക്ഷിച്ചിരുന്ന കേസിന്റെ ഫയലുകളിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു പഠിച്ചു. അതോടെയാണു കോടതിയിൽ കൃത്യമായി കാര്യങ്ങൾ ബോധിപ്പിക്കാനായത്.
English Summary: Pazhayidom twin murder case verdict