ബ്രഹ്മപുരം: കരാർ വിവരങ്ങൾ അമിക്കസ് ക്യൂറിക്ക് കൈമാറണമെന്ന് ഹൈക്കോടതി
Mail This Article
കൊച്ചി ∙ ബ്രഹ്മപുരത്ത് ഖരമാലിന്യം കൈകാര്യം ചെയ്യാനുള്ള കരാർ നൽകിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കോടതി നിയോഗിച്ച അമിക്കസ് ക്യൂറിക്കു കൈമാറാൻ ഹൈക്കോടതി നിർദേശം നൽകി. ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തെ തുടർന്നുണ്ടായ വിഷപ്പുകയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണു ജസ്റ്റിസ് എസ്.വി.ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവർ നിർദേശം നൽകിയത്. സെക്രട്ടറി എല്ലാ രേഖകളും സ്കാൻ ചെയ്തു പകർപ്പിന്റെ സോഫ്റ്റ് കോപ്പി ഇന്നു വൈകിട്ടു തന്നെ നൽകണം. ഇവ പരിശോധിച്ചു അതിന്റെ ചുരുക്കം അമിക്കസ് ക്യൂറി അഡ്വ.വിനു കോടതിക്കു നൽകണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. കരാറിന്റെ കാര്യത്തിൽ തീരുമാനമെടുത്തതിൽ എന്തെങ്കിലും വീഴ്ചകൾ ഉണ്ടെങ്കിൽ വ്യക്തമാക്കി നാൾവഴികൾ ഉൾപ്പെടെയുള്ള വിവരങ്ങളാണ് അമിക്കസ് ക്യൂറി കോടതിക്ക് നൽകേണ്ടത്.
തദ്ദേശഭരണ അഡീഷനൽ ചീഫ് സെക്രട്ടറി, എറണാകുളം കലക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ, കൊച്ചി കോർപറേഷൻ സെക്രട്ടറി എന്നിവർ നൽകിയ നടപടി റിപ്പോർട്ടിലെ അഭിപ്രായങ്ങളും അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
കലക്ടർമാർ ഹാജരാകണം
സംസ്ഥാനത്തെ മാലിന്യ സംസ്കരണ പദ്ധതിയുടെ ഒന്നാം ഘട്ടത്തിലെ 75% നടപടികൾ നിർദിഷ്ട സമയക്രമം പാലിച്ച് പൂർത്തിയാക്കാത്ത കലക്ടർമാർ കോടതിയിൽ നേരിട്ടു ഹാജരാകേണ്ടിവരുമെന്നു കോടതി വാക്കാൽ മുന്നറിയിപ്പ് നൽകി. തദ്ദേശഭരണ അഡീഷനൽ ചീഫ് സെക്രട്ടറി കോടതിയിൽ ഉറപ്പു നൽകിയിരിക്കുന്ന നടപടികളും സമയക്രമവുമാണിത്. നടപടികൾ സ്വീകരിച്ച കലക്ടർമാർക്കു ജില്ലാ വികസന കമ്മിഷണറെ കോടതിയിൽ ഹാജരാകാൻ നിയോഗിക്കാം. മലിനീകരണ നിയന്ത്രണ ബോർഡിന് ആവശ്യമെങ്കിൽ മറ്റു വകുപ്പുകളിൽനിന്നു വിദഗ്ധരുടെ സഹായം തേടാമെന്നും വ്യക്തമാക്കി. ഹർജികൾ 11ന് പരിഗണിക്കും.
എല്ലാ പ്രധാന നഗരങ്ങളിലും ഫലപ്രദമായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ സ്ഥാപിക്കുന്നതു സംബന്ധിച്ചു 10 ന് റിപ്പോർട്ട് നൽകുമെന്നും തദ്ദേശഭരണ അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അറിയിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങൾ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് എവിടെയൊക്കെ പരിശോധന നടത്തണമെന്ന് അമിക്കസ് ക്യൂറിമാർ തീരുമാനിക്കും. നേരിട്ട് സന്ദർശനം നടത്തണമെങ്കിൽ കലക്ടർമാരെ വിവരം അറിയിച്ചശേഷം അമിക്കസ് ക്യൂറിമാർ പരിശോധന നടത്തും. തദ്ദേശഭരണ അഡീഷനൽ ചീഫ് സെക്രട്ടറിക്ക് നൽകിയിരിക്കുന്ന വിവരങ്ങൾ തെറ്റാണെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കോടതിക്ക് മറുപടി നൽകേണ്ടിവരും. നടപടികൾ സമയക്രമം പാലിച്ച് നടപ്പാക്കിയിട്ടില്ലെങ്കിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്കു കോടതി നേരിട്ടു നിർദേശങ്ങൾ നൽകുമെന്നും കോടതി പറഞ്ഞു.
English Summary : Kerala High Court asks to handover Brahmapuram aggrement details to Amicus curiae