കണ്ടക്ടർ യൂണിഫോമിലെ പ്രതിഷേധം: അഖിലയുടെ സ്ഥലംമാറ്റം റദ്ദാക്കി
Mail This Article
തിരുവനന്തപുരം ∙ ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് പോസ്റ്റർ യൂണിഫോമിൽ ധരിച്ച വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില എസ്.നായരെ പാലായിലേക്കു സ്ഥലം മാറ്റിയ നടപടി കെഎസ്ആർടിസി റദ്ദാക്കി. സിഎംഡിയുടെ റിപ്പോർട്ടിനെ തുടർന്നാണു നടപടിയെന്നു മന്ത്രി ആന്റണി രാജു പറഞ്ഞെങ്കിലും 41 ദിവസം ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ചെന്ന നിലപാട് വസ്തുതക്കൾക്ക് നിരക്കുന്നതല്ലെന്നു വ്യക്തമാക്കി. ‘ശമ്പള രഹിത സേവനം 41–ാം ദിവസം’ എന്നെഴുതിയ പോസ്റ്ററാണ് അഖില യൂണിഫോമിൽ കുത്തിയത്.
അഖിലയ്ക്കെതിരെ നടപടിയെടുത്തതിൽ ജീവനക്കാർക്കിടയിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. കാൻസർ അതിജീവിതയാണ് അഖില. 10 വർഷത്തോളം നീണ്ട ചികിത്സയുടെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതിനിടെ ശമ്പളംകൂടി കിട്ടാത്ത അവസ്ഥ പ്രതിസന്ധി സൃഷ്ടിച്ചെന്ന് അഖില പ്രതികരിച്ചിരുന്നു.
∙ ‘ഉത്തരവു പിൻവലിച്ചെന്നറിഞ്ഞതിൽ സന്തോഷം. ഞങ്ങളുടെ പ്രശ്നങ്ങളിലേക്കു ജനശ്രദ്ധ കിട്ടിയത് എല്ലാ ജീവനക്കാർക്കും പ്രയോജനപ്പെടും. സിപിഎമ്മിന്റെ തൊഴിലാളി സംഘടനകളും പിന്തുണയറിയിച്ചു’. – അഖില എസ്.നായർ
English Summary: Transfer of KSRTC Lady Conductor Akhila S Nair Cancelled