ADVERTISEMENT

കണ്ണനല്ലൂർ (കൊല്ലം) ∙ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ച ബസ് ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ. നല്ലില പഴങ്ങാലം പാറമുകൾ വീട്ടിൽ വാസുദേവന്റെ മകൻ നന്ദകുമാറിനെ(37) ആണ് വീടിനു സമീപത്തെ റബർ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. 

നന്ദകുമാറിനെതിരെ കുണ്ടറ സ്വദേശിയും കേരളപുരത്തെ സ്കൂൾ അധികൃതരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുണ്ടറ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ഞായർ വൈകിട്ട് 3ന് സ്റ്റേഷനിൽ എത്തിയ നന്ദകുമാറിനെ ചോദ്യം ചെയ്ത ശേഷം രാത്രി 8നാണ് വിട്ടയച്ചത്. രാവിലെ സിഐയെ നേരിട്ടു വന്നു കാണണമെന്നും പറഞ്ഞിരുന്നു. വീട്ടിലെത്തിയ നന്ദകുമാർ അച്ഛനോടും അമ്മയോടും സഹോദരന്റെ മകനോടും വയറിന് വേദനയുണ്ടെന്നും പൊലീസ് മർദിച്ചതായും പറഞ്ഞു. മറ്റൊരു വീട്ടിൽ താമസിക്കുന്ന സഹോദരനെ രാത്രി 11ന് ഫോണിൽ വിളിച്ച് താൻ പോകുകയാണെന്നും ഇനി അന്വേഷിക്കേണ്ടെന്നും പറഞ്ഞു. തുടർന്നു നടത്തിയ അന്വേഷണത്തിൽ പുലർച്ചെ 2ന് വീടിന് 100 മീറ്റർ അകലെ റബർ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നന്ദകുമാറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും മൃതദേഹം എടുക്കുന്നതു തടഞ്ഞു. വൈകിട്ട് സംസ്കാരം നടത്തി. അമ്മ: ശാന്ത. സഹോദരങ്ങൾ: സജീവ്, ശോഭന.

അതേസമയം നന്ദകുമാറിനെ മർദിച്ചിട്ടില്ലെന്ന് കുണ്ടറ പൊലീസ് പറഞ്ഞു. നന്ദകുമാർ കേരളപുരത്തെ സ്കൂളിലെ കുട്ടികളും അധ്യാപകരുമുള്ള വാട്സാപ് ഗ്രൂപ്പിൽ അസഭ്യം പറഞ്ഞുവെന്ന പരാതി ലഭിച്ചിരുന്നു. രക്ഷാകർത്താവിന്റെയും സ്കൂൾ അധികൃതരുടെയും പരാതിയുടെ ഭാഗമായാണ് ചോദ്യം ചെയ്യാനായി ഞായറാഴ്ച പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചത്. സിഐ ഇല്ലാതിരുന്നതിനാൽ ഇന്നലെ രാവിലെ വീണ്ടും സ്റ്റേഷനിൽ എത്തണമെന്നു പറഞ്ഞു വിട്ടയയ്ക്കുകയായിരുന്നു.

English Summary : Person questioned by police found hanged dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com