ട്രെയിൻ തീവയ്പു കേസ്: പല സംഘം പിന്നാലെ; പ്രതി മറവിൽ തന്നെ
Mail This Article
കോഴിക്കോട്/കണ്ണൂർ/ന്യൂഡൽഹി ∙ എലത്തൂരിൽ ഓടുന്ന ട്രെയിനിനുള്ളിൽ തീ കൊളുത്തിയ കേസിലെ പ്രതിക്കായി ഡൽഹിയിലേക്കും ഉത്തർപ്രദേശിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. പ്രതിയെന്നു സംശയിക്കുന്ന ഷാറുഖ് സെയ്ഫിയുടെ വിവരങ്ങൾ തേടി കേരള പൊലീസിന്റെയും റെയിൽവേ പൊലീസിന്റെയും സംഘങ്ങൾ ഉത്തർപ്രദേശിലെ ഗാസിയാബാദിലെത്തി. കേരള പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡും (എടിഎസ്) ഡൽഹിയിൽ എത്തി. ഇതിനിടെ, ഷാറുഖ് സെയ്ഫി എന്ന യുവാവിനെ ഉത്തർപ്രദേശ് എടിഎസ് ചോദ്യം ചെയ്തു വിട്ടയച്ചു.
റെയിൽ ട്രാക്കിനു സമീപത്തുനിന്നു പ്രതിയുടേതെന്നു സംശയിക്കുന്ന ബാഗ് കണ്ടെത്തിയിരുന്നു. ഇതിലുണ്ടായിരുന്ന ഡയറിയിൽനിന്നും മൊബൈൽ ഫോണിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘങ്ങൾ ഗാസിയാബാദിലെത്തിയത്. എന്നാൽ, ഷാറുഖ് സെയ്ഫി തന്നെയാണു പ്രതിയെന്ന കാര്യത്തിൽ പൊലീസ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
അക്രമി തീയിട്ട ട്രെയിൻ ബോഗി ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) റെയിൽവേ സുരക്ഷാ സേനയും (ആർപിഎഫ്) കണ്ണൂരിലെത്തി പരിശോധിച്ചു. അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന കേരള പൊലീസ് എഡിജിപി എം.ആർ.അജിത്കുമാറും സംഘവും എലത്തൂരിൽ റെയിൽവേ ട്രാക്കിൽ പരിശോധന നടത്തി.
പ്രതിയുടേതെന്നു കരുതുന്ന ഡയറിയിൽ ‘ഷാറുഖ് സെയ്ഫ് കാർപെന്റർ’ എന്ന് എഴുതിയതിന്റെ തുമ്പുപിടിച്ചാണ് ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ മരപ്പണിക്കാരനായി ജോലി ചെയ്യുന്ന ഷാറുഖിനെ യുപി എടിഎസ് കസ്റ്റഡിയിലെടുത്തത്. മകൻ 2 മാസമായി വീട്ടിൽ തന്നെയുണ്ടെന്നും കേരളത്തിൽ പോയിട്ടില്ലെന്നും ഷാറുഖിന്റെ പിതാവ് പറഞ്ഞു.
വ്യാജ പ്രചാരണം: കർശന നടപടിയെന്നു പൊലീസ്
കോഴിക്കോട് ∙ ട്രെയിൻ തീവയ്പു കേസുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരെ നടപടിയെടുക്കുമെന്നു പൊലീസ്. തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പർധ ജനിപ്പിക്കുന്നതുമായ പ്രചാരണങ്ങൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
English Summary: Investigation continues for accused in Kozhikode train fire case