മുഖവരയിൽ തെളിയും, പ്രതിയുടെ തലവര; ചോദിച്ചുചോദിച്ച് വരയ്ക്കും
Mail This Article
തിരുവനന്തപുരം ∙ എലത്തൂരിലെ ട്രെയിൻ ആക്രമണക്കേസിലെ പ്രതിയുടേതായി പൊലീസ് തയാറാക്കിയ രേഖാചിത്രത്തിനു ഷാറുഖ് സെയ്ഫിയുമായി സാമ്യം കുറഞ്ഞതു സമൂഹ മാധ്യമങ്ങളിൽ ട്രോളിനു വിഷയമായി. എന്നാൽ പറഞ്ഞു കിട്ടുന്ന ഫീച്ചേഴ്സ് എപ്പോഴും ശരിയാവണമെന്നില്ലെന്നു പൊലീസ് പറഞ്ഞു. പരിഭ്രാന്തിയിൽ ദൃക്സാക്ഷികൾ കുറ്റവാളികളെ കൃത്യമായി ഓർത്തെടുക്കാൻ തക്ക മാനസിക അവസ്ഥയിൽ ആകണമെന്നുമില്ലെന്നും രേഖാചിത്രം വരയ്ക്കുമ്പോൾ ഇക്കാര്യത്താൽ കൃത്യത ഉണ്ടാവണമെന്നില്ലെന്നും പൊലീസ് വിശദീകരിച്ചു
എലത്തൂരിലേതു പാളിയെങ്കിലും ചേലേമ്പ്ര ബാങ്ക് മോഷണം, പുത്തൂർ ഷീല വധക്കേസ് തുടങ്ങി ഒട്ടേറെ കേസുകൾക്കു രേഖാചിത്രത്തിലൂടെ തുമ്പുണ്ടാക്കിയിട്ടുണ്ട് കേരള പൊലീസ്.
കേരളത്തെ നടുക്കിയ കൊലപാതകമായിരുന്നു 2011 ഫെബ്രുവരിയിൽ പാസഞ്ചർ ട്രെയിനിൽ പീഡനവും ആക്രമണവും നേരിട്ട സൗമ്യയുടേത്. പ്രതിയുടെ രേഖാചിത്രം തയാറായതോടെ 24 മണിക്കൂറിനകമാണു ഗോവിന്ദച്ചാമി പിടിയിലായത്. ചേർപ്പ് സ്റ്റേഷനിലെ സിപിഒ ഷാജുവായിരുന്നു രേഖാചിത്രം തയാറാക്കിയത്.
കോട്ടയം പാറമ്പുഴയിൽ വീട്ടിലുണ്ടായ കൂട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ചതും രേഖാചിത്രം വഴി. കാഞ്ഞിരപ്പള്ളി സബ് ഡിവിഷനിലെ സീനിയർ സിപിഒ രാജേഷ് മണിമലയായിരുന്നു ചിത്രം വരച്ചത്. പ്രതിയുടെ മൊബൈൽ നമ്പർ പിൻതുടർന്നു പൊലീസ് സംഘം യഥാർഥ ചിത്രം കണ്ടെടുത്തതോടെയാണു രാജേഷ് വരച്ച രേഖാചിത്രത്തിന്റെ കൃത്യത വ്യക്തമായത്. അടിമാലി രാജധാനി കൂട്ടക്കൊലക്കേസിലെ 3 പ്രതികൾ കുടുങ്ങാൻ കാരണം ഇവരിലൊരാളുടേതായി പൊലീസ് പുറത്തുവിട്ട രേഖാചിത്രം കണ്ട് ഓട്ടോ ഡ്രൈവർ നൽകിയ വിവരങ്ങളാണ്.
രേഖാചിത്രം കൃത്യമല്ലെങ്കിൽ മറ്റുള്ളവർക്കു പൊല്ലാപ്പാകും. പെരുമ്പാവൂർ ജിഷ വധക്കേസിൽ പൊലീസ് പുറത്തുവിട്ട രേഖാചിത്രത്തിന്റെ പേരിൽ കസ്റ്റഡിയിലായത് ഒട്ടേറെപ്പേരാണ്. രണ്ടാമതൊന്നുകൂടി വരച്ചെങ്കിലും പിന്നീടു പിടിയിലായ പ്രതിയുമായി കാര്യമായ സാമ്യം അവകാശപ്പെടാനുണ്ടായിരുന്നില്ല.
ചോദിച്ചുചോദിച്ച് വരയ്ക്കും
കുറ്റവാളിയെ കണ്ടു എന്നവകാശപ്പെടുന്നവരുടെ വിവരണങ്ങളെ അടിസ്‌ഥാനപ്പെടുത്തിയാണു രേഖാചിത്രം വരയ്‌ക്കുന്നത്. കണ്ണ്, താടി, നിറം, ശരീരപ്രകൃതി തുടങ്ങിയവയുടെ പ്രത്യേകതകളാണു സാക്ഷികളോട് ആദ്യം ചോദിക്കുക. സോഫ്‌റ്റ്‌വെയർ സഹായത്തോടെ വിവിധതരം പുരികങ്ങൾ, കണ്ണുകൾ, മൂക്കുകൾ, ചുണ്ടുകൾ എന്നിവ കാണിച്ചുകൊടുക്കും. സാക്ഷിയുടെ മനസ്സിലുള്ള രൂപത്തോടു സാമ്യം വരുന്നതുവരെ ഇവ മാറ്റിവരച്ചുകൊണ്ടേയിരിക്കും.
കണ്ണുകളുടെയും പുരികങ്ങളുടെയും പ്രത്യേകതയും മുഖപേശികളുടെ വലുപ്പവും ഹെയർസ്റ്റൈലുമാണു മുഖത്തിനു വ്യത്യസ്‌ത ഭാവങ്ങൾ നൽകുന്നത്. ഇവയുടെ വിവരണങ്ങൾ കൃത്യമായി കിട്ടിയാൽ കുറ്റമറ്റ രേഖാചിത്രം തയാറാക്കാം.
English Summary : Police drawing of criminals