ADVERTISEMENT

ന്യൂഡൽഹി∙ കേരളമടക്കം 8 സംസ്ഥാനങ്ങളിലാണു രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്യുന്നതെന്ന് കേന്ദ്രസർക്കാർ. കേരളം, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിൽ 10 ജില്ലകളിലേറെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിനു മുകളിലാണെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ഇന്നും നാളെയുമായി പ്രതിരോധ തയാറെടുപ്പുകൾ വിലയിരുത്താൻ കേന്ദ്രം സംസ്ഥാനങ്ങളോടു നിർദേശിച്ചു. ആരോഗ്യസംവിധാനങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കാനായി 10നും11നും മോക് ഡ്രിൽ നടത്തണം. ആരോഗ്യമന്ത്രിമാർ ആശുപത്രികളിലെത്തി പരിശോധന നടത്തണം.

23 സംസ്ഥാനങ്ങളിൽ കോവിഡ് നിരക്ക് ദേശീയശരാശരിയിലും കുറവാണെന്നും കേന്ദ്രം വിലയിരുത്തി. സംസ്ഥാനങ്ങൾ കോവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടണം. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ സംസ്ഥാന ആരോഗ്യമന്ത്രിമാരുടെയും ആരോഗ്യസെക്രട്ടറിമാരുടെയും യോഗം ഇന്നലെ ചേർന്നു. കോവിഡ് കേസുകൾ ഉയരുന്നെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കേസുകളിലോ മരണങ്ങളിലോ കാര്യമായ വർധനയുണ്ടായിട്ടില്ലെന്നു യോഗം വിലയിരുത്തി. രാജ്യത്ത് ഇന്നലെ 6050 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. 203 ദിവസത്തെ ഇടവേളയ്ക്കുശേഷമാണു പ്രതിദിനനിരക്ക് ആറായിരത്തിനു മുകളിലെത്തുന്നത്.

കേരളത്തിൽ ഇന്നലെ 1193 പേർ

തിരുവനന്തപുരം∙ സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകളിൽ ഇന്നലെ നേരിയ കുറവ്, 1193 കേസുകൾ. രാജ്യത്താകെ 2716 കേസുകൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച സംസ്ഥാനത്ത് 1404 കേസുകളാണ് ഉണ്ടായിരുന്നത്. നേരത്തേ മരിച്ച ഒരാൾക്ക് കോവിഡ് ബാധിച്ചിരുന്നെന്നു സ്ഥിരീകരിച്ചു. 9422 ആക്ടീവ് കേസുകളുണ്ട്.

പുതുച്ചേരിയിൽ മാസ്ക് നിർബന്ധം

പുതുച്ചേരിയിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെ എല്ലാവരും മാസ്ക് ധരിക്കണം. പുതുച്ചേരിയിൽ നിലവിൽ 206 പേരാണു ചികിത്സയിലുള്ളത്. പോസിറ്റിവിറ്റി നിരക്ക് ടിപിആർ 9.65 ആയി ഉയർന്നു.

English Summary: Most Covid Cases are in 8 states including Kerala
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com