ADVERTISEMENT

കൊച്ചി∙ നിലത്തുറയ്ക്കാത്ത കാലുകളിൽ നിവർന്നു നിൽക്കാൻ ശീലിച്ച മനസ്സാണ് ഇപ്പോഴും റീത്ത അനിതയെ താങ്ങി നിർത്തുന്നത്. നിലത്തിഴഞ്ഞു നടക്കുന്നിടത്തു നിന്നു ക്രച്ചസിന്റെ സഹായത്തോടെ നടക്കാൻ തുടങ്ങിയപ്പോൾ കിട്ടിയ ആത്മവിശ്വാസത്തെ വിധി പലപ്പോഴായി തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും വിട്ടുകൊടുക്കാൻ തയാറല്ല അനിത (40). ‘‘നിലത്തിഴഞ്ഞാണ് 22 വയസ്സുവരെ ജീവിച്ചത്. ഇനി ആ വഴിയിലേക്കു തിരിച്ചുപോകാനാകില്ല, ഒറ്റയ്ക്കായെങ്കിലും അധ്വാനിച്ചു ജീവിക്കണം, മകനെ പഠിപ്പിക്കണം’’– അനിത പറഞ്ഞു.

‘‘കാലുകൾ തളർന്ന, ക്രച്ചസിൽ മാത്രം നടക്കാൻ കഴിയുന്ന നിന്നെ മതി എനിക്ക്’’ എന്നു പറഞ്ഞു അനിതയെ ജീവിതത്തിലേക്കു കൂട്ടിയ ഭർത്താവ് ബിജു കുമാർ മരിച്ചിട്ട് ഒരു വർഷം കഴിയുമ്പോൾ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വയ്യാത്തകാലിൽ ‘ഓടുകയാണ്’ അനിത.

ഭർത്താവ് ആരംഭിച്ച മെഡിക്കൽ ഷോപ്പാണ് ഇപ്പോൾ അനിതയുടെ എല്ലാമെല്ലാം. പലരോടും കടം വാങ്ങിയാണ് ബിജു രണ്ടു വർഷം മുൻപ് ഇടപ്പള്ളി ചങ്ങമ്പുഴ മെട്രോ സ്റ്റേഷനു സമീപം ‘അവെൻഷ്യ ലൈഫ് കെയർ’ എന്ന മെഡിക്കൽ ഷോപ് ആരംഭിക്കുന്നത്. ബിജുവിന് അസുഖം വന്ന് ആശുപത്രിയിലായതോടെ കടം പെരുകി. മരുന്നു വിതരണക്കാർക്ക് പൈസ നൽകാനായില്ല. ബിജു മരിച്ചതോടെ പലരും മരുന്നു വിതരണം നിർത്തി. അതോടെ കച്ചവടവും കുറഞ്ഞു.

ഭിന്നശേഷിക്കാരിയായ തനിക്ക് ജോലി ചെയ്യാൻ പരിമിതികളുണ്ട്. അതുകൊണ്ട് മെഡിക്കൽ ഷോപ്പ് നല്ലരീതിയിൽ മുന്നോട്ടുകൊണ്ടു പോകുക മാത്രമാണ് മുന്നിലുള്ള വഴിയെന്ന് അനിത. ആറു ലക്ഷത്തോളം രൂപയാണ് മരുന്ന് വിതരണക്കാർക്കു നൽകാനുള്ളത്. കുറച്ചെങ്കിലും കൊടുക്കാൻ കഴിഞ്ഞാൽ കൂടുതൽ സ്റ്റോക് കടയിൽ എത്തിക്കാം. ഇതോടെ കച്ചവടം മെച്ചപ്പെടുത്താമെന്നും അങ്ങനെ കടങ്ങൾ ഓരോന്നായി വീട്ടാമെന്നുമുള്ള പ്രതീക്ഷയാണ് അനിതയ്ക്ക്.

വിത്തുപേനയും കുടയും നിർമിച്ചു വിൽക്കുന്ന അനിതആ പണം കൊണ്ടാണ് വീട്ടിലെ ചെലവുകൾ നടത്തുന്നത്. ഇടപ്പള്ളി മണിമല റോഡിൽ വാടക വീട്ടിലാണു താമസം. കടയുടെയും വീടിന്റെയും വാടക തുടങ്ങി ചെലവിന് മാസം 50,000 രൂപ വേണം. കടയിലെ രണ്ടു ജീവനക്കാർക്കു ശമ്പളം കൊടുക്കണം. കളമശേരി സെന്റ്‍.ജോസഫ് സ്കൂളിൽ പഠിക്കുന്ന മകൻ അഭിനവിന്റെ ഏഴാം ക്ലാസിലേക്കുള്ള ഫീസ് ഇതുവരെ അടച്ചിട്ടില്ല.  

മൂന്നാം വയസ്സിൽ പനിക്കുള്ള കുത്തിവയ്പിനെ തുടർന്നാണ് ആലപ്പുഴ സ്വദേശിയായ അനിതയുടെ രണ്ടു കാലുകളും തളർന്നത്. 10 വരെ പഠിച്ചു. വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായതിനാൽ ചാലക്കുടിയിലെ ആശ്രമത്തിലായിരുന്നു പിന്നീടുള്ള ജീവിതം. അവിടെ വന്ന വിദേശ ഡോക്ടറാണ് സർജറി നടത്തി ക്രച്ചസിന്റെ സഹായത്തോടെ നടക്കാവുന്ന സ്ഥിതിയിലാക്കിയത്.

കൈത്തൊഴിൽ പഠിച്ച് എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ബിജുവിനെ കണ്ടുമുട്ടുന്നത്. ഇപ്പോൾ സഹായത്തിന് ബിജുവിന്റെ വീട്ടുകാരോ സ്വന്തം വീട്ടുകാരോ ഇല്ല. ഇവരാരും സഹായിക്കാനുള്ള ചുറ്റുപാടുള്ളവരുമല്ലെന്ന് അനിത പറഞ്ഞു. നന്നായി പഠിക്കുന്ന മകനെ നല്ല നിലയിലെത്തിക്കണം, കടങ്ങളെല്ലാം വീട്ടണം അതിനുള്ള വഴി തെളിയുമെന്ന പ്രതീക്ഷയിലാണ് അനിത.

Content Highlight: Reetha Anitha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com