പട്ടയഭൂമിയിലെ രാജവൃക്ഷങ്ങൾ വീണ്ടും സർക്കാർ സ്വത്താകുന്നു
Mail This Article
തിരുവനന്തപുരം ∙ പട്ടയഭൂമിയിലെ രാജവൃക്ഷങ്ങളായ ചന്ദനം, ഈട്ടി, തേക്ക്, എബണി എന്നിവയെ വീണ്ടും ഷെഡ്യൂളിൽ ഉൾപ്പെടുത്താൻ സർക്കാർ നീക്കം. 1964 ലെ ഭൂപതിവ് ചട്ടത്തിൽ 2017ൽ സർക്കാർ വരുത്തിയ ഭേദഗതിയെ തുടർന്ന് ഷെഡ്യൂൾ ഇല്ലാതായതോടെ ഈ രാജവൃക്ഷങ്ങളിൽ സർക്കാരിനു നഷ്ടമായ ഉടസ്ഥാവകാശമാണു തിരികെ ലഭിക്കുക. എന്നാൽ സ്വയം കിളിർത്തതോ നട്ടുവളർത്തിയതോ ആയ രാജവൃക്ഷങ്ങൾ കർഷകർക്കു മുറിക്കാമോ എന്നതിൽ ഇനിയും തീരുമാനമായിട്ടുമില്ല.
പട്ടയം ലഭിച്ചതിനു ശേഷം നട്ടുവളർത്തിയതോ താനെ കിളിർത്തതോ ആയ മരങ്ങൾ മുറിക്കാൻ ഉടമസ്ഥർക്ക് അവകാശം നൽകുന്നതിനാണ് 1964 ലെ ഭൂപതിവ് ചട്ടത്തിൽ 2017 ൽ ഭേദഗതി വരുത്തിയത്. എന്നാൽ ഈ ഭേഗഗതിയോടെ ഈട്ടി, തേക്ക്, എബണി, ചന്ദനം എന്നിവ ഷെഡ്യൂളിനു പുറത്തായി. ഇതോടെ പട്ടയം നൽകുന്നതിനു മുൻപു ഭൂമിയിൽ നിന്നിരുന്ന രാജവൃക്ഷങ്ങളിൽ സർക്കാരിനുള്ള ഉടമസ്ഥവകാശം നഷ്ടമായി. ഈ ചട്ടഭേദഗതിക്കു പിന്നാലെ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി 2020 മാർച്ച് 11 ന് ഇറക്കിയ ഉത്തരവും പിന്നീട് ഇറക്കിയ ഉത്തരവും പട്ടയഭൂമിയിലെ വ്യാപക മരംമുറിക്കു കാരണമായിരുന്നു. വിവാദത്തെ തുടർന്ന് ഉത്തരവുകൾ റദ്ദാക്കിയെങ്കിലും പട്ടയഭൂമിയിലെ രാജവൃക്ഷങ്ങളെപ്പറ്റി അവ്യക്തത തുടർന്നു. ഇതോടെയാണു പട്ടയം നൽകുന്ന സമയത്ത് ആ ഭൂമിയിലുള്ള രാജവൃക്ഷങ്ങളെ ഷെഡ്യൂളിലേക്കു തിരികെ കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്. റവന്യു മന്ത്രി ഒപ്പിട്ട ഫയൽ ഉത്തരവിനായി നിയമവകുപ്പിലേക്കു കൈമാറി. എന്നാൽ പട്ടയഭൂമിയിലെ മരം വ്യാപകമായി മുറിച്ച മുട്ടിൽ മരം മുറി വിവാദത്തോടെ, നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതും നിരോധിച്ചിരിക്കുകയാണ്. ഇവ മുറിക്കന്നതിന് അനുമതി നൽകാൻ സർക്കാർ ആലോചനയുണ്ടെങ്കിലും തീരുമാനമായിട്ടില്ല.
English Summary : Trees in pattaya land