ADVERTISEMENT

കൊച്ചി∙ വിജിലൻസ് ശുപാർശയുടെ അടിസ്ഥാനത്തിൽ അച്ചടക്കനടപടി നിർദേശിച്ച ഉദ്യോഗസ്ഥനു കേരഫെഡ് എംഡിയായി തുടർനിയമനം. നിലവിലെ എംഡി ആർ.അശോകിന്റെ സേവന കാലാവധിയാണ് ഒരു വർഷത്തേക്കു കൂടി നീട്ടി നൽകിയത്.

മുൻപു കെൽപാമിൽ എംഡിയായിരുന്ന കാലത്തെ കേസിൽ അന്വേഷണം നടത്തി വിജിലൻസ് സമർപ്പിച്ച ശുപാർശ പ്രകാരം വ്യവസായവകുപ്പാണ് അശോകിനെതിരെ അച്ചടക്ക നടപടിക്കു നിർദേശം നൽകിയത്. അച്ചടക്കനടപടി സ്വീകരിക്കാൻ തീരുമാനിച്ച വിവരം ചൂണ്ടിക്കാട്ടി വിജിലൻസ് ശുപാർശ സഹിതം വ്യവസായ വകുപ്പ് കേരഫെഡിന്റെ ചുമതലയുള്ള കൃഷി (ഐഎഫ്എ) വകുപ്പിനു കത്തെഴുതുകയും ചെയ്തു. എന്നാൽ, ഇത് കണ്ടില്ലെന്നു നടിച്ച് എംഡിയുടെ സേവനകാലാവധി നീട്ടി നൽകുകയായിരുന്നു എന്നാണാക്ഷേപം.

2021 ഡിസംബർ പതിമൂന്നിനാണു കേരഫെഡ് എംഡിയായി അശോകിനെ നിയമിച്ചത്. 2022 ഒക്ടോബറിൽ ഒരു വർഷത്തേക്കു കൂടി കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് എംഡി കൃഷിവകുപ്പിനു കത്തുനൽകി. എന്നാൽ, 2022 ഡിസംബർ 13ന് എംഡിയുടെ കാലാവധി അവസാനിക്കുന്നതു വരെയും ഈ അപേക്ഷ വകുപ്പു പരിഗണിച്ചില്ല.

അശോകിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്ന വിവരം അറിയിച്ച് ജനുവരി 16നാണു വ്യവസായ വകുപ്പു കൃഷിവകുപ്പിനു കത്തയച്ചത്. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽ വന്നെങ്കിലും ശുപാർശ മറികടന്നു കാലാവധി നീട്ടി നൽകാൻ രണ്ടു മാസത്തിനു ശേഷം തീരുമാനിക്കുകയായിരുന്നു. എംഡിയുടെ കാലാവധി നീട്ടിയുള്ള ഉത്തരവ് ഏപ്രിൽ മൂന്നിനാണ് ഇറങ്ങിയത്. കാലാവധി അവസാനിച്ച ഡിസംബർ മുതൽ ഏപ്രിൽ വരെ ഒരുത്തരവിന്റെയും ബലമില്ലാതെ എംഡി സേവനത്തിൽ തുടരുകയും ചെയ്തു.

English Summary : R Ashok continues as KERAFED  MD

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com