ADVERTISEMENT

കണ്ണൂർ ∙ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള വൈദേകം ആയുർവേദ റിസോർട്ട് നടത്തിപ്പ് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനു കൈമാറുന്നു. രാജീവ് ചന്ദ്രശേഖറിന്റെ നിയന്ത്രണത്തിലുള്ള ജൂപ്പിറ്റർ ക്യാപ്പിറ്റലിനു കീഴിലെ നിരാമയ റിട്രീറ്റുമായി കരാറിലെത്തുമെന്നാണു വിവരം.

ആയുർവേദ ചികിത്സാ രംഗത്തുള്ള പ്രമുഖ സ്ഥാപനത്തെയായിരുന്നു നേരത്തേ വൈദേകത്തിലെ ചികിത്സാ നടത്തിപ്പ് ഏൽപിച്ചിരുന്നത്. ഈ സ്ഥാപനത്തെ പങ്കാളിയാക്കിയതിനു പിന്നിൽ വൈദേകത്തിന്റെ ഡയറക്ടർമാരിൽ ഒരാൾ കള്ളക്കളി നടത്തിയെന്ന ആരോപണം ഉയർന്നതിനെത്തുടർന്ന് ഇവരുമായുള്ള കരാർ റദ്ദാക്കി. തുടർന്നാണ് പുതിയ പങ്കാളിയെ കണ്ടെത്താൻ വൈദേകം ശ്രമം തുടങ്ങിയത്.

പല സ്ഥാപനങ്ങളുമായി ചർച്ച നടത്തിയെങ്കിലും ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ നിയന്ത്രണത്തിലുള്ള നിരാമയയുമായി ചേർന്നു പോകാനാണ് ഒടുവിൽ എടുത്ത തീരുമാനമെന്നറിയുന്നു. വൈദേകത്തിൽ മെച്ചപ്പെട്ട ചികിത്സ നൽകുന്നതിനുള്ള പങ്കാളിത്തമാണു തേടുന്നതെന്നാണു വിശദീകരണം. വൈകാതെ ഇരു സ്ഥാപനങ്ങളും കരാറിൽ ഒപ്പു വയ്ക്കും.

അതേസമയം, തന്നെ റിസോർട്ട് വിൽപനയുമായി ബന്ധപ്പെടുത്തി വരുന്ന വിവരങ്ങൾ തെറ്റാണെന്ന് മന്ത്രി രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ കുറിച്ചു. റിസോർട്ട് വിഷയം പാർട്ടിക്കകത്ത് വിവാദമായ സാഹചര്യത്തിൽ ഇ.പിയുടെ കുടുംബം വൈദേകത്തിന്റെ ഓഹരി വിറ്റൊഴിയുകയാണെന്ന തരത്തിൽ പ്രചാരണമുണ്ടായിരുന്നു. എന്നാൽ ഇതിൽ കഴമ്പില്ലെന്നാണ് കുടുംബം പറയുന്നത്.

ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിരയ്ക്കും മകൻ ജയ്സണും ഓഹരി പങ്കാളിത്തമുള്ള കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ആന്തൂർ നഗരസഭയിലെ മൊറാഴയിൽ 11 ഏക്കറിൽ റിസോർട്ട് പണിതത്. ഇന്ദിരയ്ക്കും മകൻ ജയ്സണുമായി 91.99 ലക്ഷം രൂപയുടെ ഓഹരികളാണുള്ളത്. റിസോർട്ടിലെ നിക്ഷേപം സംബന്ധിച്ചു സിപിഎമ്മിൽ പരാതി ഉയർന്നിരുന്നു. ഇതെക്കുറിച്ച് ഇ.പി.വിശദീകരണം നൽകിയ ശേഷം പിന്നീട് കാര്യമായ ചർച്ചയുണ്ടായില്ല. ഇതിനിടയിലാണ് ഇപ്പോൾ വൈദേകത്തിന്റെ നടത്തിപ്പിനായി നിരാമയ എത്തുന്നുവെന്ന വാർത്ത പുറത്തുവന്നത്.

∙ ‘എൽഡിഎഫ് നേതാവിന്റെ റിസോർട്ട് ബിജെപി നേതാവിന് നൽകുന്നത് ഒരു കൊടുക്കൽവാങ്ങലാണ്. ഏതായാലും ഇ.പി.ജയരാജൻ ബുദ്ധിമുട്ടിൽ ആയപ്പോൾ രക്ഷിക്കാൻ ബിജെപി നേതാവ് വന്നല്ലോ. അവർ തമ്മിൽ സ്‌നേഹമുണ്ട്.’ – വി.ഡി. സതീശൻ (പ്രതിപക്ഷ നേതാവ്)

English Summary: Vaidekam ayurveda resort may be handed over to central ministers firm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com