ADVERTISEMENT

കൊല്ലം ∙ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ മഹാസമാധി ശതാബ്ദി ആചരണത്തിനു മുന്നോടിയായ പരിപാടികൾക്കു സ്വാമിയുടെ സമാധിസ്ഥലമായ പന്മന ആശ്രമത്തിൽ ഇന്നു തുടക്കം. ‘മഹാഗുരുവർഷം 2024’ എന്ന പേരിൽ അടുത്ത വർഷം മേയിൽ സമാധിദിനം വരെ നീളുന്ന ആചരണ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം 22നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും.

ഇന്ന് 10.30ന് ആശ്രമം സ്ഥാപകൻ കുമ്പളത്ത് ശങ്കുപ്പിള്ള അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5നു മഹാത്മാഗാന്ധി സ്മാരക മന്ദിരം ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിക്കും. 22നു 2.30നു മഹാസമാധി ദിവ്യജ്യോതി സമാധിപീഠത്തിലേക്ക് ആനയിക്കും. 26നു 4.30നു സാംസ്കാരിക സമ്മേളനം ചീഫ് വിപ്പ് എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. 

ചട്ടം അൻപുന്നവൻ

∙ പേട്ടയിൽ രാമൻപിള്ള ആശാന്റെ ഗുരുകുലത്തിലെ ഏറ്റവും മുതിർന്ന കുട്ടിയായിരുന്നു അയ്യപ്പൻ എന്ന കുഞ്ഞൻപിള്ള. പഠനത്തിൽ മിടുക്കൻ. കൂർമബുദ്ധി. അപാരമായ ഓർമ. അക്കാരണങ്ങളാൽ ആശാൻ കുഞ്ഞൻപിള്ളയെ ഗുരുകുലത്തിലെ ചട്ടമ്പിയായി നിയോഗിച്ചു. ചട്ടം അൻപുന്നവൻ ചട്ടമ്പി. അൻപുക എന്നാൽ പരിപാലിക്കുക എന്നർഥം. കുട്ടികൾ കൃത്യസമയത്ത് എത്തുന്നുണ്ടോ, പഠിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ ഇടപെടാൻ അധികാരമുള്ളയാളാണു ചട്ടമ്പി. കുഞ്ഞൻപിള്ളച്ചട്ടമ്പി അങ്ങനെ വളരെ വേഗം സഹപാഠികളുടെ ഇഷ്ടക്കാരനായി. അറിവു തേടി പിന്നീടു നാടുവിട്ടശേഷം മടങ്ങിയെത്തിയതു സന്യാസം സ്വീകരിച്ചു ചട്ടമ്പിസ്വാമിയായാണ്. 

വിദ്യാധിരാജൻ

∙ ഏകാന്തവാസത്തിനായി ചട്ടമ്പിസ്വാമി കണ്ടെത്തിയ ഇടങ്ങളിലൊന്നു മരുത്വാമല ആയിരുന്നു. അവിടെ അദ്ദേഹം ധ്യാനത്തിലിരുന്നു. തെക്കൻ തിരുവിതാംകൂറിലെ കൂപക്കര മഠത്തിൽ അനേകം തന്ത്രഗ്രന്ഥങ്ങളുണ്ടെന്നു സ്വാമിക്കു വിവരം കിട്ടി. ഗ്രന്ഥാലയത്തിലെത്തി വിവരങ്ങളെല്ലാം മനസ്സിലാക്കിയെന്നറിഞ്ഞ മഠത്തിലെ മുതിർന്ന തന്ത്രി, ചട്ടമ്പിസ്വാമിയെ പരീക്ഷിക്കാൻ സങ്കീർണമായ ചില ചോദ്യങ്ങൾ ചോദിച്ചു. മറുപടി കേട്ടു തന്ത്രി പറഞ്ഞു: ‘ചട്ടമ്പി വെറും ചട്ടമ്പിയല്ല, വിദ്യാധിരാജനാണ്.’ അങ്ങനെ ചട്ടമ്പിസ്വാമി വിദ്യാധിരാജൻ എന്ന വിശേഷണവും നേടി.

English Summary: Chattambi Swamikal samadhi centenary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com