ഷാറുഖിന്റെ ഫോണിലേക്ക് കേരളത്തിൽനിന്ന് കോൾ; മഹാരാഷ്ട്രയിൽ ഒരാൾ ചങ്ങല വലിച്ചു
Mail This Article
തിരുവനന്തപുരം ∙ എലത്തൂർ ട്രെയിൻ തീവയ്പു കേസിൽ അന്വേഷണ സംഘത്തെ വട്ടംചുറ്റിച്ചത് ആക്രമണത്തിനു ശേഷം പ്രതി ഷാറുഖ് സെയ്ഫിയുടെ മൊബൈൽ ഫോണിലേക്കു കേരളത്തിൽ നിന്നെത്തിയ ഫോൺ കോൾ. പ്രതി രക്ഷപ്പെട്ട ട്രെയിൻ മഹാരാഷ്ട്രയിൽ ആരോ ചങ്ങല വലിച്ചു നിർത്തിയതും അന്വേഷണ സംഘത്തിനു തലവേദനയായിരുന്നു.
ട്രെയിനിലെ തീവയ്പുണ്ടായി രണ്ടാം ദിവസമാണു പ്രതിയുടെ ഫോണിലേക്കു പാലക്കാട്ടു നിന്നൊരു കോൾ ചെല്ലുന്നത്. പ്രതിയുടെ നമ്പർ കേരള പൊലീസിനു വേണ്ടി സൈബർ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു. വിളിച്ചയാളുടെ ലൊക്കേഷൻ രാത്രി തന്നെ തപ്പിയെടുത്ത് പാലക്കാട്ടു നിന്നു യുവാവിനെ കസ്റ്റഡിയിലെടുത്തു.
തീവയ്പുണ്ടായ സ്ഥലത്തു നിന്നു കിട്ടിയ ബാഗിലെ ഡയറിയുടെ പേജുകൾ ടിവിയിൽ കണ്ടപ്പോൾ അതിലെ നമ്പറിലേക്കു വെറുതേ വിളിച്ചു നോക്കിയതാണെന്നായിരുന്നു യുവാവിന്റെ മൊഴി. അതിൽ വിശ്വാസം വരാതെ യുവാവിന്റെ ചരിത്രവും പശ്ചാത്തലവും മുഴുവൻ പരിശോധിച്ചെങ്കിലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താനായില്ല.
തീവയ്പിനു ശേഷം ഷാറുഖ് കണ്ണൂരിൽ നിന്നു രക്ഷപ്പെട്ട എറണാകുളം–അജ്മേർ മരുസാഗർ എക്സ്പ്രസ് ട്രെയിൻ മഹാരാഷ്ട്രയിലേക്കു കയറിയ ഉടൻ ആരോ അപായച്ചങ്ങല വലിച്ചു നിർത്തിയിരുന്നു. പിന്നീടു യാത്ര തുടർന്ന് ഒന്നര മണിക്കൂർ കഴിഞ്ഞാണു കലംബാനിയെന്ന സ്ഥലത്തു പ്രതി ട്രെയിനിൽ നിന്നു ചാടിയത്.
ഷാറുഖിനെ സഹായിക്കാൻ ആരെങ്കിലും ചങ്ങല വലിച്ചതാണോ എന്നായിരുന്നു കേരള പൊലീസിന്റെ സംശയം. റെയിൽവേ പൊലീസുമായി ബന്ധപ്പെട്ടപ്പോൾ, കൊച്ചിയിൽ നിന്നു കയറിയ രാജസ്ഥാൻ സ്വദേശിയാണു ചങ്ങല വലിച്ചതെന്ന് അറിവായതോടെ സംശയം ബലപ്പെട്ടു. ഉടൻ ഒരു സംഘം രാജസ്ഥാനിലേക്കു വിമാനം കയറി. അവിടെയെത്തി യുവാവിനെ കസ്റ്റഡിയിലെടുത്ത് രാജസ്ഥാൻ പൊലീസിന്റെ സഹായത്തോടെ ഒരു ദിവസം മുഴുവൻ ചോദ്യം ചെയ്തു.
English Summary: Kozhikode train fire case investigation