ADVERTISEMENT

ന്യൂഡൽഹി / കൊച്ചി / കോഴിക്കോട് ∙ എലത്തൂർ ട്രെയിൻ തീവയ്പു കേസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജൻസിക്കു (എൻഐഎ) കൈമാറി. എൻഐഎയുടെ കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ന്യൂഡൽഹി, ലക്നൗ, സൈബർ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് എന്നിവിടങ്ങളിൽ‌നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലപ്പെടുത്തും.

പ്രതി ഷാറുഖ് സെയ്ഫിക്കു ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്നതടക്കം പരിശോധിക്കും. സംസ്ഥാനാന്തര ബന്ധമുണ്ടെന്നും ഭീകരബന്ധം തള്ളാനാകില്ലെന്നും എൻഐഎ ദക്ഷിണമേഖലാ ഡിഐജി കാളിരാജ് മഹേഷ്കുമാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോർട്ട് നൽകിയിരുന്നു.

യുഎപിഎയിലെ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) ഭീകരപ്രവർത്തനം സംബന്ധിച്ച 16–ാം വകുപ്പു ചുമത്തിയുള്ള എഫ്ഐആർ പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ചു. ജീവപര്യന്തം മുതൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്. ഷാറുഖ് സെയ്ഫിക്കു ചാവേർ ആക്രമണത്തിൽ പരിശീലനം ലഭിച്ചതായി രഹസ്യവിവരമുണ്ടെന്ന് എൻഐഎ കേന്ദ്രങ്ങൾ പറയുന്നു. കേരള പൊലീസ് ചുമത്തിയ കൊലക്കുറ്റം, കൊലപാതകശ്രമം ഉൾപ്പെടെ എല്ലാ വകുപ്പുകളും എൻഐഎ നിലനിർത്തി.

കോഴിക്കോട് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്ത പ്രതിയെ വിയ്യൂർ അതിസുരക്ഷാ ജയിലിൽ പ്രവേശിപ്പിച്ചു. സിസിടിവി സംവിധാനമുള്ള ഏകാന്ത സെല്ലിലാണു പാർപ്പിച്ചിരിക്കുന്നത്. പ്രതിയുടെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും.

English Summary: NIA to investigate Kozhikode train fire case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com