സർക്കസ് കുലപതി ജെമിനി ശങ്കരൻ അന്തരിച്ചു
Mail This Article
കണ്ണൂർ ∙ ആധുനിക ഇന്ത്യൻ സർക്കസിന്റെ കുലപതിയും ജെമിനി, ജംബോ, ഗ്രേറ്റ് റോയൽ സർക്കസുകളുടെ ഉടമയുമായിരുന്ന ജെമിനി ശങ്കരൻ എന്ന മൂർക്കോത്ത് വേങ്ങക്കണ്ടി ശങ്കരൻ (എം.വി.ശങ്കരൻ–99) അന്തരിച്ചു. രാത്രി 11.40ന് കൊയിലി ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ പയ്യാമ്പലത്ത് നടത്തും.
ഇന്ത്യൻ സർക്കസിനെ ലോകശ്രദ്ധയിൽ കൊണ്ടുവന്നവരിൽ പ്രമുഖനായിരുന്നു അദ്ദേഹം. 1924 ജൂൺ 13ന് തലശ്ശേരിക്കടുത്ത് കൊളശ്ശേരിയിൽ കവിണിശ്ശേരി രാമൻ നായരുടെയും മുർക്കോത്ത് കല്യാണി അമ്മയുടെയും മകനായി ജനനം.
ഏഴാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തലശ്ശേരി കീലേരി കുഞ്ഞിക്കണ്ണന്റെ കീഴിൽ 3 വർഷം സർക്കസ് പഠിച്ചു. സർക്കസ് ജീവിതമാർഗമാക്കാൻ ശ്രമിക്കാതെ രണ്ടു വർഷത്തോളം പലചരക്കു കച്ചവടം നടത്തിയെങ്കിലും നഷ്ടത്തെ തുടർന്നു കടപൂട്ടി. പിന്നീട് പട്ടാളത്തിൽ ചേർന്ന ശങ്കരൻ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം വിരമിച്ചു.
മനസ്സിൽനിന്നു മായാത്ത സർക്കസ് സ്വപ്നങ്ങളുമായി 1946ൽ അദ്ദേഹം തലശ്ശേരിയിൽ തിരിച്ചെത്തി. എന്നാൽ സർക്കസ് ഗുരുവായ കുഞ്ഞിക്കണ്ണൻ അപ്പോഴേക്കും മരിച്ചിരുന്നു. പിന്നീട് എം.കെ.രാമനാണ് തുടർപരിശീലനം നൽകിയത്.
രണ്ടു വർഷത്തിനു ശേഷം കൽക്കത്തയിലെത്തി ബോസ് ലയൺ സർക്കസിൽ ട്രപ്പീസ് കളിക്കാരനായി ചേർന്നു. പിന്നീട് നാഷനൽ സർക്കസിൽ. ഹൊറിസോണ്ടൽ ബാർ, ഫ്ലയിങ് ട്രപ്പീസ് തുടങ്ങിയ ഇനങ്ങളിൽ വിദഗ്ധനായിരുന്നു ശങ്കരൻ. റെയ്മൻ സർക്കസിലും അദ്ദേഹം ഏറെ നാൾ ജോലിചെയ്തു.
1951ൽ വിജയ സർക്കസ് കമ്പനി ആറായിരം രൂപയ്ക്കു വാങ്ങി. അതിന് തന്റെ ജന്മരാശിയായ ജെമിനി എന്നു പേരിട്ടു. 1951ഓഗസ്റ്റ് 15ന് ഗുജറാത്തിലെ ബില്ലിമോറയിലായിരുന്നു ആദ്യ പ്രദർശനം. 1977 ഒക്ടോബർ രണ്ടിന് അദ്ദേഹം രണ്ടാമത്തെ സർക്കസ് കമ്പനിയായ ജംബോ സർക്കസ് ആരംഭിച്ചു. പിന്നീട് ഗ്രേറ്റ് റോയലും. സർക്കസിന് നൽകിയ സമഗ്രസംഭാവനയെ മാനിച്ച് കേന്ദ്രസർക്കാർ അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകിയിരുന്നു.
ഭാര്യ: പരേതയായ ശോഭന. മക്കൾ: അജയ് ശങ്കർ, അശോക് ശങ്കർ (ഇരുവരും ജെമിനി ഗ്രാൻഡ്, ജംബോ സർക്കസുകളുടെ മാനേജിങ് പാർട്ണർമാർ), രേണു ശങ്കർ (ഓസ്ട്രേലിയ). മരുമക്കൾ: പൂർണിമ അജയ്, സുനിത അശോക്, പ്രദീപ്.
English Summary: Gemini Sankaran passes away