ജെമിനി ശങ്കരൻ: ജെമിനിയുടെ അമരക്കാരൻ; സർക്കസിന്റെ ആഴങ്ങൾ കണ്ടറിഞ്ഞ പ്രതിഭ
Mail This Article
കണ്ണൂർ ∙ ട്രപ്പീസ് കളിക്കാരനായി 4 വർഷം തിളങ്ങിയ ശേഷമാണ് ജെമിനി ശങ്കരന്റെ സർക്കസ് ഉടമസ്ഥന്റെ വേഷത്തിലേക്കുള്ള ട്രപ്പീസ് ചാട്ടം. രാജ്യത്തെ പ്രമുഖ സർക്കസ് കമ്പനികളിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. ഗ്രേറ്റ് റെയ്മൻ വലിയ പ്രതിസന്ധിയിലേക്കു പോയപ്പോൾ അതിന്റെ ഉടമയായിരുന്ന കല്ലൻ ഗോപാലൻ ശങ്കരനെ ഒരു വലിയ ദൗത്യമേൽപിച്ചു– ഹെർമൻ സർക്കസിലെ കലാകാരൻമാരുടെ ഇടപാടുകൾ തീർത്ത് അവിടുത്തെ പ്രതിസന്ധിയുടെ ആഴം ബോധ്യപ്പെടുത്തി ഇപ്പോഴുള്ളത് അടച്ചുപൂട്ടണം. നല്ല കലാകാരൻമാരെ കണ്ടെത്തി വീണ്ടും ഉഷാറാക്കണം.
ആന്ധ്രയിലെ ഹെർമൻ സർക്കസ് ക്യാംപിലേക്കു പോയി ശങ്കരൻ കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്തി. ക്യാംപ് പിരിച്ചുവിട്ട് തമ്പും മൃഗങ്ങളുമായി നാഗ്പൂരിലെത്തി. ഒപ്പം ക്യാംപിലെ പ്രശസ്ത സൈക്ലിസ്റ്റായിരുന്ന കുഞ്ഞിക്കണ്ണനെയും കൂട്ടി. കുഞ്ഞിക്കണ്ണനു ജോലി വാഗ്ദാനം ചെയ്താണു കൂടെ കൂട്ടിയത്. എന്നാൽ, കല്ലൻ ഗോപാലൻ വാക്കുമാറ്റി. ഗ്രേറ്റ് റെയ്മനിൽ തന്നെ തുടരാൻ ശങ്കരനോടും വേറെ അവസരം നോക്കാൻ കുഞ്ഞിക്കണ്ണനോടും അദ്ദേഹം പറഞ്ഞു.
അതൊരു വലിയ ചതിയായി തോന്നിയെന്നും ഈ വാശിയാണ് സ്വന്തമായൊരു സർക്കസ് കമ്പനി തുടങ്ങണമെന്ന ആഗ്രഹവും വാശിയും ജനിപ്പിച്ചതെന്നും ‘മലക്കം മറിയുന്ന ജീവിതം’ എന്ന തന്റെ പുസ്തകത്തിൽ ജെമിനി ശങ്കരൻ എഴുതിയിട്ടുണ്ട്. ശങ്കരൻ ഗ്രേറ്റ് റെയ്മനിലെ ജോലി നിർത്തി ബോംബെ റാവുവിന്റെ ബോംബെ സർക്കസിൽ ചേർന്നു. ട്രപ്പീസില്ലാത്ത ബോംബെ സർക്കസിൽ അങ്ങനെ ട്രപ്പീസ് എന്ന ആകർഷണീയ ഇനം ആരംഭിച്ചു.
ബോംബെയിൽ ഫ്ലയിങ് ട്രപ്പീസിനുള്ള നിർമാണപ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുമ്പോഴാണ് വിജയ സർക്കസ് കമ്പനി വിൽപനയ്ക്കുവച്ച വിവരം കുഞ്ഞിക്കണ്ണൻ ശങ്കരനെ അറിയിക്കുന്നത്. ബോംബെ സർക്കസിന്റെ മാനേജരായിരുന്ന സുഹൃത്ത് സഹദേവനോട് ഇക്കാര്യം പറഞ്ഞപ്പോൾ കമ്പനി വാങ്ങാമെന്ന തീരുമാനം പറഞ്ഞു. സ്വന്തം ആഗ്രഹങ്ങൾക്കനുസരിച്ച് പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും ട്രൂപ്പുണ്ടാക്കണമെന്ന് കാലം അപ്പോഴേക്കും ശങ്കരനെ പഠിപ്പിച്ചു കഴിഞ്ഞിരുന്നു.
Content Highlight: Gemini Sankaran