എഐ ക്യാമറ: അടിമുടി ചട്ടലംഘനം
Mail This Article
തിരുവനന്തപുരം ∙ 232 കോടിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നീരീക്ഷണ സംവിധാനം സ്ഥാപിക്കാൻ കെൽട്രോണിനു കരാർ നൽകിയതു സർക്കാരിന്റെ കരാർ മാനദണ്ഡങ്ങൾ ലംഘിച്ച്. കെൽട്രോൺ പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ സർക്കാർ പദ്ധതികളിൽ കരാർ എടുത്ത ശേഷം സ്വന്തമായി ഒന്നും ഉൽപാദിപ്പിക്കാതെ സ്വകാര്യ കമ്പനികൾക്ക് ഉപകരാർ നൽകി കമ്മിഷൻ ഇൗടാക്കുന്ന രീതി തടയാനാണ് 2018ൽ ധനവകുപ്പ് ഇത്തരം കരാറുകൾക്കു മാനദണ്ഡങ്ങൾ കൊണ്ടുവന്നത്. ഇതനുസരിച്ച് പൊതുമേഖലാ സ്ഥാപനങ്ങളും അക്രഡിറ്റഡ് ഏജൻസികളും ഒന്നുകിൽ പ്രോജക്ട് മാനേജ്മെന്റ് കൺസൽറ്റന്റായി പ്രവർത്തിക്കണം. അല്ലെങ്കിൽ സ്വന്തമായി ഉപകരണങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനമായി പ്രവർത്തിക്കണം.
ഒരേസമയം കൺസൽറ്റന്റായും ഉപകരണങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനമായും പ്രവർത്തിക്കരുതെന്ന് ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണു ധനവകുപ്പ് കർശന നിർദേശം നൽകിയത്. ഇതേവർഷം തന്നെയാണ് എഐ ക്യാമറ പദ്ധതിക്കു ഗതാഗത വകുപ്പു തുടക്കമിട്ടതും. എന്നിട്ടും സർക്കാർ നിർദേശങ്ങൾ അപ്പാടെ കാറ്റിൽപറത്തിയായിരുന്നു ഇടപാടുകൾ. കൺസൽറ്റന്റായി പ്രവർത്തിച്ചതിനൊപ്പം ഉപകരാർ നൽകിയ കെൽട്രോൺ സ്വന്തമായി ഉപകരണങ്ങളും വിതരണം ചെയ്തു. ഉപകരണങ്ങൾ നൽകുകയാണെങ്കിൽ അതിൽ പകുതിയിലേറെ സ്വന്തമായി ഉൽപാദിപ്പിച്ചവ ആയിരിക്കണമെന്നു വ്യവസ്ഥയുണ്ട്. ഇതു മറികടക്കാൻ ക്യാമറ അടക്കമുള്ള ഉപകരണങ്ങളുടെ ഭാഗങ്ങൾ എത്തിച്ച് കെൽട്രോൺ കൂട്ടിയോജിപ്പിച്ച് സ്വന്തം ഉൽപന്നമാക്കി മാറ്റി.
പരിപാലനത്തിൽനിന്നു തലയൂരാൻ കെൽട്രോൺ ശ്രമിച്ചു
തിരുവനന്തപുരം ∙ പല കരാറുകളെയും പോലെ ദീർഘകാല അറ്റകുറ്റപ്പണിയിൽനിന്ന് ഒഴിവായിക്കൊണ്ടുള്ള കരാറിനാണു കെൽട്രോൺ ശ്രമിച്ചത്. 5 വർഷം 5% തുക ഇൗടാക്കി അറ്റകുറ്റപ്പണി കെൽട്രോൺ നടത്തണമെന്നായിരുന്നു കരാർ. എന്നാൽ ഗതാഗതവകുപ്പ് ഇൗ കാലയളവ് 10 വർഷമായി ഉയർത്തണമെന്നാവശ്യപ്പെട്ടു. എങ്കി ൽ 15% തുക വേണമെന്നായി കെൽട്രോൺ. ഒടുവിൽ തുക 7% ആക്കാൻ മന്ത്രിസഭ തീരുമാനിക്കുകയും ഉത്തരവിറക്കുകയും ചെയ്തു. എന്നാൽ, ഇതു സംബന്ധിച്ച കരാറിൽ കെൽട്രോൺ ഒപ്പിടേണ്ടതുണ്ട്.
ക്യാമറകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ മോട്ടർവാഹനവകുപ്പിന് സംവിധാനം വേണമെന്നും ഇതിനു ശേഷം മാത്രമേ കെൽട്രോണിന് ഓരോ ഗഡു പണവും നൽകാവൂ എന്നും വ്യവസ്ഥ വച്ചിരുന്നു. എന്നാൽ, ക്യാമറകൾ പ്രവർത്തിക്കുന്നുണ്ടോയെന്നു പരിശോധിക്കാൻ മോട്ടർവാഹന വകുപ്പിൽ ഡാഷ് ബോർഡ് സ്ഥാപിച്ചു നൽകണമെന്ന സർക്കാരിന്റെ ആവശ്യം കെൽട്രോൺ അംഗീകരിച്ചില്ല.
English Summary: AI Camera: Violent Violation